സാമ്പത്തിക പ്രതിസന്ധി; ജെറ്റ് എയര്‍വെയ്‌സിന്റെ അവസാന വിമാനവും നിലത്തിറങ്ങുന്നു

1

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജെറ്റ് എയര്‍വേയ്സിന്‍റെ സര്‍വ്വീസുകള്‍ ബുധനാഴ്ച രാത്രിയോടെ പൂർണമായും നിർത്തിവയ്ക്കും. രാത്രി 10.20ന് അമൃത്‌സറിൽ നിന്നു മുംബൈയിലേക്ക് ടേക്ക് ഓഫ് ചെയ്യുന്ന വിമാനമാണ് ജെറ്റ് എയർവേയ്സിന്റെ അവസാന സർവീസ്.

അഞ്ച് വിമാനങ്ങള്‍ മാത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സര്‍വീസ് നടത്തിയിരുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണ്‍സോര്‍ഷ്യത്തില്‍ 400 കോടി രൂപയാണ് ജെറ്റ് എയര്‍വേയ്സ് ആവശ്യപ്പെട്ടത്. എന്നാല്‍ പണം ലഭിക്കാതെ വന്നതോടെ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുക എന്ന തീരുമാനമെടുക്കാന്‍ കമ്പനി നിര്‍ബന്ധിതമാകുകയായിരുന്നു.

ഇരുപത്തിയഞ്ച് വര്‍ഷമായി വ്യോമയാന രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ അന്താരാഷ്ട്ര സര്‍വീസുകള്‍ ഏപ്രില്‍ 18 മുതല്‍ നിര്‍ത്തലാക്കിയിരുന്നു. നിലവിലുള്ള സാമ്പത്തിക സ്ഥിതിയില്‍ അധിക ഫണ്ട് ലഭിക്കാതെ വിമാന സര്‍വീസുകള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.

വിമാന വാടക കൊടുക്കാന്‍ കഴിയാത്തതും പൈലറ്റ് അടക്കമുള്ള ജീവനക്കാര്‍ക്ക് വേതനം കൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണ് നിലവില്‍ ജെറ്റ് എയര്‍വേയ്സ്. മലയാളിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഈസ്റ്റ് വെസ്റ്റ് എയര്‍ലൈനിന്റെ തകര്‍ച്ചയോടെയാണ് നരേഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ജെറ്റ്എയര്‍വേയ്‌സ് ഉയര്‍ന്ന് വന്നത്.

വിദേശ കൊറിയര്‍ കമ്പനിക്ക് വന്‍തുക നല്‍കാതിരുന്നതിനെത്തുടര്‍ന്ന് ജെറ്റ് എയര്‍വെയ്‌സിന്റെ വിമാനം ആംസ്റ്റര്‍ഡാം വിമാനത്താവളത്തില്‍നിന്ന് ജപ്തി ചെയ്തിരുന്നു. ബാങ്കുകൾ അടിയന്തരമായി 1500 കോടി രൂപ നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതു സംബന്ധിച്ചു തീരുമാനമാകാത്തതാണ് ജെറ്റിന് കനത്ത തിരിച്ചടിയായത്. 8000 കോടിയുടെ വായ്പ തിരിച്ചടവു മുടങ്ങിയ കമ്പനി ഇപ്പോൾ ബാങ്കുകളുടെ നിയന്ത്രണത്തിലാണ്.