കാത്തിരിപ്പിന് വിരാമം ;ജൂണോ വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍

0

 

അഞ്ച് വര്‍ഷത്തെ യാത്രക്കൊടുവിലാണ് നാസയുടെ ബഹിരാകാശ പേടകം ജൂണോ വ്യാഴത്തിന്റെ ഭ്രമണ പഥത്തിലെത്തി. നാലു വര്‍ഷവും 10 മാസവും 29 ദിവസവുംകൊണ്ട് 280 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണു ജൂണോ വ്യാഴത്തിന്റെ അടുത്തെത്തെത്തിയത്. 20 മാസംവരെ പേടകം വ്യാഴത്തെ ഭ്രമണം ചെയ്യും. അതിനു ശേഷം വ്യാഴത്തിന്റെ ഉപരിതലത്തിലേക്കു പതിക്കും.അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫ്‌ളോറിഡയില്‍ നിന്നായിരുന്നു നാസയുടെ ജൂണോ വിക്ഷേപിക്കപ്പെട്ടത്.2018-ല്‍ ബന്ധം വിച്ഛേധിക്കപ്പെട്ട് ഇല്ലാതാകുന്നതിന് മുമ്പ് ജൂണോ 37 വട്ടം വ്യാഴത്തെ വലംവെയ്ക്കും.

തിങ്കളാഴ്ചയാണ് വര്‍ഷങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലം നല്‍കി ജൂണോ വ്യാഴത്തിന് സമീപം തന്റെ ഭ്രമണപഥത്തില്‍ എത്തിയത്. നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷ്യണ്‍ ലബോറട്ടറിയാണ് ഭൂമിയില്‍ നിന്ന് ജൂണോയെ നിയന്ത്രിക്കുന്നത്.വ്യാഴത്തിന്റെ ശക്തമായ ഗുരുത്വാകര്‍ഷണം അതിജീവിച്ചാണ് പേടകം ഭ്രമണപഥത്തിലേക്കു മാറിയത്. 1600 കിലോഗ്രാം ഭാരമുള്ള ജൂണോ ശബ്ദത്തിന്റെ 215 ഇരട്ടി വേഗത്തിലാണു സഞ്ചരിച്ചിരുന്നത്. വ്യാഴത്തിനരികെ എത്തുമ്പോള്‍ വേഗം മണിക്കൂറില്‍ രണ്ടു ലക്ഷത്തി അറുപത്തിആറായിരം കിലോമീറ്റര്‍ എത്തിച്ചിരുന്നു. 35 മിനിറ്റോളം പ്രധാന എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചശേഷമാണ് വേഗത കുറച്ചത്. നിശ്ചിത സമയത്ത് എന്‍ജിന്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജൂണോ വ്യാഴത്തെയും കടന്ന് അനന്തതയിലേക്കു പോകുമായിരുന്നു.ഭൂമിക്ക് ചന്ദ്രന്‍ മാത്രം ഉപഗ്രഹമായുള്ളപ്പോള്‍ വ്യാഴത്തിനെ 67 സ്വാഭാവിക ഉപഗ്രഹങ്ങള്‍ വലംവയ്ക്കുന്നുണ്ട്്. വ്യാഴത്തിന്റെ ജനനത്തെക്കുറിച്ചറിയാതെ സൗരയൂഥത്തിന്റെ പിറവിയെയും ഭൂമിയുടെ ഉല്‍പ്പത്തിയെയും കുറിച്ചുള്ള പഠനം അപൂര്‍ണമാണ്. അതാണ് ജൂണോയുടെ ലക്ഷ്യവും. ഗ്രഹത്തിന്റെ 4800 കിലോമീറ്റര്‍ ഉയരത്തില്‍ മേഘങ്ങളെ തൊട്ടു നീങ്ങുന്ന ജൂണോ ശക്തമായ അണുപ്രസരണ പാളിയിലൂടെയും കടന്നുപോകും.

ഗ്രീക്ക് ദേവതയായ ജൂണോ യുടെ പേരാണ് പേടകത്തിനു നല്‍കിയിരിക്കുന്നത്. ഗ്രീക്ക് ഇതിഹാസത്തില്‍ ജൂപ്പിറ്ററിന്റെ ഭാര്യയാണ് ജൂണോ. പേടകത്തിന്റെ സ്ഥാനവും എന്‍ജിന്‍ പ്രവര്‍ത്തിക്കുന്ന സമയവും കൃത്യമായി ലഭിക്കുന്നതോടെ അടുത്ത പതിനെട്ടു മാസം ജൂണോ വ്യാഴത്തെ  ഭ്രമണം ചെയ്ത് ഗ്രഹത്തെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ നല്‍കുമെന്നാണു നാസ ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.