നെല്ലോലകൾ തലയാട്ടുന്ന ആമ്പൽ പാടങ്ങൾക്ക് നടുവിലൂടെ തൂക്കണാം കുരുവികളുടെ ചിറകടിക്ക് കാതോർത്ത് നടന്നാൽ ചെമ്മീനും പുഴമീനുകളും പുളയുന്ന കുളക്കോഴിയും കൊക്കും ഊളിയിട്ടു പറക്കുന്ന, കൈപ്പാടിലെത്താം. ഇവിടെ കൈപ്പാടിന് തൊട്ടടുത്തായി പുഴ നിറഞ്ഞൊഴുകുകയാണ്. പുഴയും പുഴയ്ക്ക് ചുറ്റുമുള്ള ആളുകളും വല്ല്യതിരക്കിലാണ്. ചിലർ വള്ളത്തിൽ മീൻ പെറുക്കിയിടുന്നു. മറ്റുചിലർ, വലയെറിഞ്ഞും, ചൂണ്ടയിട്ടും, ചെമ്മീനിനും ഞണ്ടിനും പുഴ മീനുകൾക്കുമായുള്ള കട്ട കാത്തിരിപ്പിലാണ്. ഇളം വെയിലേറ്റു കിടക്കുന്ന മിക്ക സായാഹ്നങ്ങളിലും ഇവിടുത്തെ കാഴ്ചകൾ ഇങ്ങനൊക്കെത്തന്നെയാണ്.
കേരളത്തിന്‍റെ ഇതരഭാഗങ്ങളിൽ പൊക്കളി എന്നറിയപ്പെടുന്ന കൃഷിയിടങ്ങൾ, ഉത്തര കേരളത്തിൽ കൈപ്പാട്ട് എന്നാണ് അറിയപ്പെടുന്നത്. കൈപ്പാട് നെൽ-മത്സ്യ കൃഷി കാഴ്ചവെക്കുന്ന ഒരു പ്രത്യേക ആവാസ വ്യവസ്തയാണ്. കൈപ്പാട് നെൽപ്പാടങ്ങൾ മലബാർ മേഖലയിലെ പ്രധാന ഉൾനാടൻ മത്സ്യബന്ധന കേന്ദ്രങ്ങൾ കൂടിയാണ്. തദ്ദേശീയ പരിസ്ഥിതിക്കോ ജൈവ വൈവിധ്യത്തിനോ യാതൊരു കോട്ടവും തട്ടാത്ത രീതിയിലുള്ള മത്സ്യ കൃഷി രീതിക്ക് നല്ലൊരു ഉദാഹരണമാണ് കൈപ്പാടിലെ മത്സ്യകൃഷി.
ഇവിടെ മത്സ്യം വളർത്തുന്നതിന് ആധുനിക കൃഷി രീതികളിൽ ചെയ്യുന്നതുപോലെയുള്ള വള പ്രയോഗം, തീറ്റ നൽകൽ, മറ്റ് പരിപാലനമുറകൾ ഒന്നും തന്നെ അവലംബിക്കുന്നില്ല. ചെമ്മീൻ കെട്ട്, ചെമ്മീൻ കണ്ടി എന്നിങ്ങനെയാണ് ഇത്തരം മത്സ്യകൃഷിപാടങ്ങൾ അറിയപ്പെടുന്നത്. ഇവിടെ നിന്നും ലഭിക്കുന്ന മത്സ്യ സമ്പത്തിന്‍റെ മുക്കാൽ ഭാഗവും വിവിധയിനം ചെമ്മീനുകളാണ്. കൈപ്പാടും പുഴയും ചേരുന്നിടത്ത് ബണ്ട് കെട്ടി മഞ്ചയിട്ടുള്ള ചെമ്മീൻ കെട്ടുകളാണ് ഇവിടുത്തെ പരമ്പരാഗത മീൻ പിടുത്ത രീതി. കണ്ടൽക്കാടുകൾക്കിടയിൽ തഴച്ചു വളരുന്ന പോട്ട പുല്ലുകൾ അരിഞ്ഞെടുത്ത് പുഴയിൽ നിന്നും മുങ്ങിയെടുത്ത ചെളിയിൽ കുഴച്ചാണ് ബണ്ട് കെട്ടുന്നത്.
വേലിയേറ്റത്തിൽ കയറിവരുന്ന ഓരു വെള്ളത്തിലെ ചെമ്മീൻ കുഞ്ഞുങ്ങളെ കൈപ്പാടിന്‍റെ ജൈവ സമൃദ്ധിയിൽ വളർത്തി വേലിയിറക്കത്തിൽ മഞ്ചയിട്ടു പിടിക്കുന്നു. നവംബർ മുതൽ ഏപ്രിൽ വരെയാണ് ചെമ്മീൻ കെട്ട് കാലം. വിഷുവിന് മുമ്പ് മഞ്ചയെടുത്ത് പുഴയുമായുള്ള ബന്ധം മുറിച്ച് കൈപ്പാടിനെ ഉണങ്ങാനിടുന്നു. വെള്ളം വറ്റുന്ന പാടത്തിലെ ചെളിപ്പരപ്പിൽ ഊളിയുന്ന ചെറു വിരകളും ദേശാടനത്തിന്‍റെ അവസാന നാളുകൾ താണ്ടുന്ന പക്ഷികൾ തിന്ന് തീർക്കുന്നു.
വേലിയറ്റ ജലത്തോടൊപ്പം തുമ്പുകളിലൂടെ പാടത്ത് കയറി വരുന്ന ചെമ്മീനുകളെയും മത്സ്യങ്ങളെയും തിരിച്ചു പോകുവാൻ അനുവദിക്കാതെ ഏതാനും മാസം പാടങ്ങളിൽ വളരുവാൻ അനുവദിച്ച് പിന്നീട് വേലിയിറക്ക സമയത്ത് തുമ്പുകളിലൂടെ പിടിച്ചെടുക്കുന്ന ചെമ്മീൻ വാറ്റ് രീതിയാണിത്. കൈപ്പാടിലെ മത്സ്യബന്ധനം നെൽ കൃഷി സമയത്തും (ജൂൺ -ഒക്ടോബർ) നെൽ കൃഷിക്ക് ശേഷവും (നവംബർ-ഏപ്രിൽ) രണ്ട് വിളകളായാണ് ചെമ്മീൻ പിടുത്തം നടക്കുന്നത്. നെൽ കൃഷിക്ക് ശേഷമാണ് പ്രധാന മത്സ്യബന്ധനക്കാലം. കൊയ്ത്തിന് ശേഷം കൈപ്പാടിലെ ചിറകൾ ബലപ്പെടുത്തുന്നു. ചിറകൾ ബലപ്പെടുത്തുമ്പോൾ ഉറപ്പുവരുത്താനായി പായിപോട്ട എന്നയിനം പുല്ല് ചെളിയോടൊപ്പം വെച്ചു വിരിക്കുന്നു.
കൈപ്പാട്ടിൽ നിന്നും പിടിക്കപ്പെടുന്ന പല ചെമ്മീനുകളും ഞണ്ടുകളും മത്സ്യങ്ങളും ആഴക്കടലിലാണ് പ്രജനനം നടക്കുന്നത്. ഡിസംബർ, ജനുവരി, മാസങ്ങളിലാണ്. കൈപ്പാടിൽ ഏറ്റവും കൂടുതൽ ചെമ്മീൻ കയറി വരുന്നത്. വേലിയേറ്റമാണിതിന് കാരണം.
തൂമ്പുകളുടെ വെളിയിലുള്ള ഭാഗത്തോട് ചേർന്നുള്ള ഒരു പൊഴിയിലൂടെ താഴ്ത്തുന്ന ദീർഘ ചതുരാകൃതിയിലുള്ള ഫ്രൈയ്മിൽ കെട്ടിയുറപ്പിക്കുന്ന തൂമ്പ് വല ഉപയോഗിച്ചാണ് മത്സ്യ ബന്ധനം നടത്തുന്നത്. ഒരറ്റം വിസ്തൃതമായതും അഗ്രഭാഗം വീതി കുറഞ്ഞതുമായ പത്ത് മീറ്ററോളം നീളമുള്ള സഞ്ചി പോലുള്ള തൂമ്പ് വലയുടെ നീണ്ട് വീതി കുറഞ്ഞ ഭാഗത്തിന്‍റെ അറ്റം കൂട്ടി കെട്ടി ഒരു പൊങ്ങിനോട് ചേർത്ത് കെട്ടുന്നു. സന്ധ്യാസമയം മുതൽ പുലരുന്നത് വരെയുള്ള കാലയളവിലെ വേലിയിറക്ക സമയങ്ങളിലാണ് തൂമ്പ് വല പ്രവർത്തിപ്പിക്കുന്നത്. തൂമ്പ് വലയുടെ കണ്ണി വലുപ്പം വളരെ കുറവായിരിക്കും. ഇതുവഴി ചെറിയ മറ്റ് മത്സ്യങ്ങൾക്കൊപ്പം ചെമ്മീനുകളെയും ശേഖരിക്കാൻ സാധിക്കും. ചെമ്മീനുകൾ ധാരാളമായി വലയിലേയ്ക്ക് ഇറങ്ങികഴിഞ്ഞാൽ ചരടുകൊണ്ട് കെട്ടിയുറപ്പിച്ച പൊങ്ങ് താഴുവാൻ തുടങ്ങും. ഈ സമയം വലയുടെ അറ്റത്തെ കെട്ടഴിച്ച് അതിലെ ചെമ്മീനുകളെയും മീനുകളെയും തോണിയിലേയ്ക്ക് തട്ടുന്നു.
കൈപ്പാടത്തിനോട് ചേർന്ന് ആഴം കുറഞ്ഞ ഭാഗങ്ങളിൽ നിന്നും ചെമ്മീൻ പിടിച്ചെടുക്കുന്ന ഒരു പ്രത്യേക രീതിയാണ് തെരയ്ക്കൽ. അൽപ്പം ആഴം കൂടിയ ഭാഗത്ത് ചെളികൊണ്ട് ഒരു വരമ്പ് കെട്ടി ആഴം കുറഞ്ഞ ഭാഗത്ത് നിന്ന് വെള്ളവും ചെളിയും വരമ്പ് കെട്ടിയ ഭാഗത്തേയ്ക്ക് തള്ളിക്കൊണ്ട് വരുന്നു. ഇങ്ങനെ വരമ്പ് കെട്ടിയ ഭാഗത്ത് നിന്നും നീണ്ട കൂട്ടയിലേയ്ക്ക് ചെമ്മീനുകളെ ശേഖരിക്കുന്ന രീതിയാണ് തെരയ്ക്കൽ.
കൈപ്പാട് നിന്നും ഞണ്ടുകളെ പിടിക്കുന്നതിന് പല രീതിയുണ്ട് അഗ്ര ഭാഗം ‘U’ ആകൃതിയിൽ മടക്കിയ നീണ്ട കമ്പി ഉപയോഗിച്ചാണ് കൈപ്പാടിലെ വരമ്പുകളോട് ചേർന്നും മറ്റുമുള്ള മാളങ്ങളിൽ നിന്നും ഞണ്ടുകളെ വെളിയിലെടുക്കാറ്. എന്നാൽ ആഴം കൂടിയ വെള്ളകെട്ടുകളിൽ വൃത്താകൃതിയിലുള്ള കമ്പി കൊണ്ടുള്ള റിംഗിലുറപ്പിച്ച വലയിൽ ഞണ്ടുകളെ പിടിച്ചെടുക്കാറുണ്ട്. ഇതിനെ റിംഗ് വല എന്ന് പറയുന്നു. കയറിയ ഞണ്ടുകളെ കാലുകൾ കെട്ടി തോണിയിൽ ശേഖരിക്കുന്നു. കോഴിത്തലയോ ഉണക്ക മത്സ്യമോ ആണ് തീറ്റ. നൈലോൺ വയറുകൾ അല്ലെങ്കിൽ ടെങ്കീസ് നൂലുകളുടെ അറ്റത്ത് ചെറുമീനുകളെ കൊരുത്ത് ഞണ്ടുകളെ ആകർഷിച്ച് ചെറിയ കോര് വലകളിലേയ്ക്കിട്ട് പിടിക്കുന്ന രീതിയും നിലവിലുണ്ട്.
കോര് ജലം കയറി ജൈവാംശമുള്ള ഈ വെള്ളക്കെട്ടിൽ ചെമ്മീൻ സുലഭമായി വളരുന്നു. ചെറുപരൽ, മാലാൻ, ചൂട്ടാച്ചി (പള്ളത്തി), കരിമീൻ, വഴുത, ചെമ്പല്ലി, നല്ല മുള്ളൻ, പുളിമാന്തൽ, വലിയ നെത്തോലി, പൂമീൻ, കതിരാൽ എന്നീ മത്സ്യങ്ങളും ഈ ജൈവലോകത്തേയ്ക്ക് ഇവയെ കൊത്തിപ്പെറുക്കാൻ ഭൂഖണ്ഡങ്ങൾ താണ്ടി ദേശാടനകിളികൾ പറന്നിറങ്ങുന്നു. ചിന്നമുണ്ടി, കരിയാള, ചോരക്കാലി, നീർകാട, പവിഴക്കാലി, വെള്ളവയറൻ പരുന്ത്, താലി പരുന്ത്, വലിയരുണ്ട, ആറ്റക്കറുപ്പൻ, ചുട്ടിയാറ്റ തുടങ്ങിയ നാൽപ്പത്തഞ്ചിനത്തിൽപ്പെട്ട പരദേശി പക്ഷികൾക്ക് കൈപ്പാട് വിരുന്നൊരുക്കുന്നു.