കനകമല കേസ്: ഒന്നാം പ്രതിക്ക് 14 വര്‍ഷം തടവ്; രണ്ടാം പ്രതിക്ക് 10 വര്‍ഷം

0

കൊച്ചി: രാജ്യാന്തര ഭീകര സംഘടനയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കനകമലയില്‍ രഹസ്യയോഗം കൂടിയെന്ന കേസില്‍ ഒന്നാം പ്രതി കോഴിക്കോട് സ്വദേശി മന്‍സീദ് മുഹമ്മദിന് 14 വര്‍ഷം തടവും പിഴയും വിധിച്ചു. രണ്ടാം പ്രതി ചേലക്കര സ്വദേശി ടി.സ്വാലിഹിന് 10 വര്‍ഷവും മൂന്നാം പ്രതി റാഷിദിന് ഏഴ് വര്‍ഷം തടവും പിഴയും വിധിച്ചിട്ടുണ്ട്.

മൂന്നാം പ്രതി കോയമ്പത്തൂര്‍ സ്വദേശി റാഷിദ് അലി (27) 7 വർഷം, നാലാം പ്രതി കോഴിക്കോട് കുറ്റാടി സ്വദേശി എന്‍.കെ റംഷാദ് (ആമു–27) 3 വർഷം, അഞ്ചാം പ്രതി തിരൂ‍ർ സ്വദേശി സാഫ്വാന് 8 വർഷം, എട്ടാം പ്രതി കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി മെയ്‌നുദീന്‍ പാറക്കടവത്ത് (28) 3 വർഷം എന്നിങ്ങനെയാണ് ശിക്ഷാ കാലാവധി. എല്ലാവരും പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) പ്രത്യേക കോടതി ജഡ്ജി പി. കൃഷ്ണകുമാറാണ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചത്.

കേരളത്തിലും തമിഴ്നാട്ടിലും ഭീകര ആക്രമണങ്ങൾക്കു പദ്ധതിയിടാൻ 2016 ഒക്ടോബർ 2നു കണ്ണൂർ കനകമലയിൽ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്. 9 പ്രതികളുള്ള കേസില്‍ ഏഴ് പ്രതികളാണ് വിചാരണ നേരിട്ടത്. കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികള്‍ക്കെതിരെ ഭീകര പ്രവര്‍ത്തനത്തിനു ധനം കണ്ടെത്തിയെന്ന കുറ്റവും ഭീകര സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തുവെന്ന കുറ്റവും ഭീകരസംഘടനയില്‍ അംഗമാണെന്ന കുറ്റവും കണ്ടെത്തിയതായി ഉത്തരവില്‍ പറയുന്നു. എന്നാല്‍ കേസിലെ പ്രതികള്‍ ഐ.എസില്‍ അംഗത്വമുണ്ടായിരുന്നവരാണെന്നു തെളിയിക്കാനായില്ലെന്നു കോടതി വ്യക്തമാക്കി. അതിനാല്‍ ഭീകരസംഘടനയിലോ സംഘത്തിലോ അംഗങ്ങളായി പ്രവര്‍ത്തിക്കുന്നതിന് ശിക്ഷ ലഭിക്കുന്ന യുഎപിഎ 20ാം വകുപ്പു പ്രകാരമുള്ള കുറ്റം കണ്ടെത്താനായിട്ടില്ല.

വിവിധ വകുപ്പുകളിലായി പ്രതികള്‍ക്ക് ലഭിച്ച തടവുകള്‍ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി ഉത്തരവിട്ടു. ആറാം പ്രതി കുറ്റ്യാടി സ്വദേശി എന്‍.കെ. ജാസിമിനെ വെറുതെ വിട്ടിരുന്നു. കൃത്യമായ തെളിവുകള്‍ ഹാജരാക്കിയതിന് കോടതി അന്വേഷണ സംഘത്തെ അഭിനന്ദിച്ചു.