കനകമല ഐ.എസ് കേസില്‍ ആറ് പേര്‍ കുറ്റക്കാര്‍; ഒരാളെ വെറുതെവിട്ടു

0

കണ്ണൂര്‍ കനകമല ഐ.എസ് കേസില്‍ ആറ് പേര്‍ കുറ്റക്കാര്‍. ഒരാളെ വെറുതെ വിട്ടു.ഐഎസ് ബന്ധം തെളിയിക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി.ശിക്ഷാവിധി അല്‍പസമയത്തിനകം ഉണ്ടാകും. മന്‍സീദ്, സ്വാലിഹ് മുഹമ്മദ്, റാഷിദ്, റംഷാദ് നങ്കീലന്‍, സ്വാഫാന്‍, സുബഹാനി ഹാജ മൊയ്തീന്‍ എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കേസിലെ ആറാം പ്രതിയായ ജാസിമിനെ വെറുതെവിട്ടു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറുപേര്‍ക്കെതിരെയും കോടതി യുഎപിഎ വകുപ്പും ചുമത്തി.

ആഗോള ഭീകരസംഘടനയായ ഐ.എസുമായി ബന്ധപ്പെട്ട് 2016 ഒക്ടോബറില്‍ കണ്ണൂരിലെ കനകമലയില്‍ ഒത്തുചേര്‍ന്ന് ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നതാണ് കേസ്. കേസിൽ പ്രതി ചേർത്തിരുന്ന ഷജീർ അഫ്ഗാനിൽ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്. കേസിലുൾപ്പെട്ട സുബ്ഹാനി ഹാജ മൊയ്തീന്റെ വിചാരണ പൂർത്തിയായിട്ടില്ല.

കലാപ ലക്ഷ്യത്തോടെ കേരളത്തിലെ ആരാധനാലയങ്ങൾ ആക്രമിക്കാൻ പ്രതികൾ ആസൂത്രണം നടത്തിയതായാണ് എന്‍.ഐ.എ യുടെ കണ്ടെത്തൽ. ഹൈക്കോടതി ജഡ്ജിമാർ, രാഷ്ട്രീയ നേതാക്കൾ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കേസില്‍ 70 സാക്ഷികളെ വിസ്തരിച്ചു. രാജ്യദ്രോഹകുറ്റം, ഗൂഢാലോചന, യു.എ.പി.എ.യിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചത്.