സിദ്ധരാമയ്യ രാജ്യസഭയിലേക്ക്? കർണാടകയിൽ നേതൃമാറ്റമെന്ന് സൂചന

Share
സിദ്ധരാമയ്യ രാജ്യസഭയിലേക്ക്? കർണാടകയിൽ നേതൃമാറ്റമെന്ന് സൂചന

ന്യൂഡൽഹി: അധികാരത്തർക്കം രൂക്ഷമായ കർണാടകയിൽ മുഖ്യമന്ത്രി എസ്. സിദ്ധരാമയ്യയെ മാറ്റുന്നതു കോൺഗ്രസ് ഹൈക്കമാൻഡ് പരിഗണിക്കുന്നതായി റിപ്പോർട്ട്. മുഖ്യമന്ത്രി സ്ഥാനം പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാറിനു നൽകി രാജ്യസഭാംഗത്വം സ്വീകരിക്കാൻ സിദ്ധരാമയ്യയോട് രാഹുൽ ഗാന്ധി നിർദേശിച്ചതായാണു സൂചന. എന്നാൽ, തനിക്കു ദേശീയ രാഷ്‌ട്രീയത്തിൽ താത്പര്യമില്ലെന്നും തീരുമാനമെടുക്കാൻ സാവകാശം വേണമെന്നും സിദ്ധരാമയ്യ മറുപടി നൽകി.

‌സിദ്ധരാമയ്യയും ശിവകുമാറും ചൊവ്വാഴ്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, എഐ സിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കർണാടകയുടെ ചുമതലയുള്ള എഐസിസി പ്രതിനിധി രൺദീപ് സുർജേവാല എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആറു മാസത്തിലേറെയായി രൂക്ഷമായ നേതൃതർക്കത്തിനു പരിഹാരം നിർദേശിച്ചത്. എന്നാൽ, രാജ്യസഭയിലേക്കും കർണാടക ലെജിസ്ലേറ്റിവ് കൗൺസിലിലേക്കും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചു മാത്രമായിരുന്നു ചർച്ചയെന്നു കെ.സി. വേണുഗോപാൽ പറഞ്ഞു. നേതൃമാറ്റത്തെക്കുറിച്ചു ചർച്ചയുണ്ടായില്ലെന്നും വേണുഗോപാൽ.

രാജ്യസഭയിലേക്കു വരുന്നതിനൊപ്പം സംഘടനാ തലത്തിൽ സുപ്രധാന ചുമതലകൾ നൽകാമെന്നും സിദ്ധരാമയ്യ ഉന്നയിക്കുന്ന പ്രശ്നങ്ങളെല്ലാം പരിഗണിക്കാമെന്നും ഉറപ്പുനൽകിയതായി ഹൈക്കമാൻഡ് വൃത്തങ്ങൾ പറഞ്ഞു. സംസ്ഥാനത്ത് നാലു രാജ്യസഭാ സീറ്റുകളിലാണ് തെരഞ്ഞെടുപ്പ്. മൂന്നു സീറ്റുകളിൽ കോൺഗ്രസിന് ജയിക്കാനാകും. ഇതിലൊരെണ്ണം പാർട്ടി അധ്യക്ഷൻ ഖാർഗെയ്ക്കാണ്. അവശേഷിക്കുന്ന രണ്ടു സീറ്റുകളിലൊന്നാണ് സിദ്ധരാമയ്യയയ്ക്കു വാഗ്ദാനം ചെയ്തത്.

നേതൃമാറ്റം നീട്ടിക്കൊണ്ടുപോകരുതെന്നു നിർദേശിച്ച പ്രിയങ്ക ഗാന്ധി വാദ്‌ര, ശിവകുമാറിനു വേണ്ടി ഇടപെട്ടതായും പാർട്ടി വൃത്തങ്ങൾ. 2023ൽ സർക്കാർ അധികാരത്തിലെത്തിയപ്പോൾ സിദ്ധരാമയ്യയ്ക്കും ശിവകുമാറിനും രണ്ടര വർഷം മുഖ്യമന്ത്രി സ്ഥാനമെന്ന കരാറുണ്ടാക്കിയിരുന്നതായാണ് റിപ്പോർട്ട്. ഇതുപ്രകാരം കഴിഞ്ഞ നവംബറിൽ സിദ്ധരാമയ്യ രാജിവയ്ക്കേണ്ടതായിരുന്നു.

ഇനി നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന 2028ൽ സിദ്ധരാമയ്യയ്ക്ക് 80 വയസാകും. നിലവിൽ മുഖ്യമന്ത്രിയുടെ പ്രകടനം മോശമെന്ന് പാർട്ടിക്കുള്ളിലും പുറത്തും അഭിപ്രായമുണ്ട്. സംസ്ഥാനത്ത് ഏറെ സ്വാധീന ശക്തിയുള്ള വൊക്കലിഗ സമുദായത്തിൽ നിന്നുള്ള നേതാവാണ് ശിവകുമാർ. നിലവിൽ വൊക്കലിഗരുടെ വോട്ടുകൾ ഭൂരിപക്ഷവും ജെഡിഎസിനാണ്. ശിവകുമാർ മുഖ്യമന്ത്രിയായാൽ 14 ശതമാനത്തോളം വരുന്ന വൊക്കലിഗ വോട്ടുകളെ ആകർഷിക്കാനാകുമെന്നു നേതൃത്വം കരുതുന്നു. രാജ്യത്തു തന്നെ കോൺഗ്രസിന്‍റെ ഏറ്റവും കരുത്തനായ നേതാവെന്ന പ്രതിച്ഛായയുണ്ട് ശിവകുമാറിന്. ഇതും നേതൃമാറ്റത്തിനുള്ള പ്രേരണയെന്നു പറയപ്പെടുന്നു.

Read more

തിരഞ്ഞെടുപ്പ് കമ്മിഷനുമായുള്ള പോരാട്ടം ഇനി സുപ്രീം കോടതിയിൽ; രാഹുൽഗാന്ധിയുടെ ഹർജി നാളെ പരിഗണിക്കും

തിരഞ്ഞെടുപ്പ് കമ്മിഷനുമായുള്ള പോരാട്ടം ഇനി സുപ്രീം കോടതിയിൽ; രാഹുൽഗാന്ധിയുടെ ഹർജി നാളെ പരിഗണിക്കും

ന്യൂഡൽഹി: എസ്.ഐ.ആർ. നടപടികളുടെ ഭാഗമായി വോട്ടർപ്പട്ടികയിൽനിന്ന് പേരുകൾ നീക്കംചെയ്യുന്നത് ചോദ്യംചെയ്തുകൊണ്ട് ലോക്സഭാ പ്രതിപക്ഷ നേതാ

കങ്കണ റണാവത്തിനെതിരായ വ്യാജവും അശ്ലീലവുമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി

കങ്കണ റണാവത്തിനെതിരായ വ്യാജവും അശ്ലീലവുമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെക്കുറിച്ച് ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്ന എഐ നിർമിതവും വ്യാജവും അശ്ലീലവുമായ ഉള്

വീണയുമായി ചേർന്ന് അനധികൃതമായി സമ്പാദിച്ചു, ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് ഹവാല ഇടപാട്; മുഹമ്മദ് റിയാസിനെതിരെ എഫ്ഐആറിൽ പരാമർശം

വീണയുമായി ചേർന്ന് അനധികൃതമായി സമ്പാദിച്ചു, ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് ഹവാല ഇടപാട്; മുഹമ്മദ് റിയാസിനെതിരെ എഫ്ഐആറിൽ പരാമർശം

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് കേസിലെ വിജിലൻസ് എഫ്ഐആറിലെ വിവരങ്ങൾ പുറത്തുവന്നു. പിണറായിയും വീണയും എക്സാലോജിക്കുമായി ചേർന്ന് ക്രിമി