സ്ത്രീയായ സ്റ്റാഫുമായി അവിഹിത ബന്ധം: യു എസ് കോണ്‍ഗ്രസ് വനിതാ അംഗം കെയ്റ്റി ഹിൽ രാജിവച്ചു

0

വാഷിംഗ്‌ടൺ: യു.എസ് കോൺഗ്രഷണൽ സ്റ്റാഫുമായി പുലർത്തി പോന്നിരുന്ന അവിഹിത ബന്ധത്തെ തുടർന്ന് കോൺഗ്രസ്‌വുമൺ കെയ്റ്റി ഹിൽ രാജിവച്ചു. ഈ വിഷയം സംബന്ധിച്ച് ഹൗസ് എത്തിക്‌സ് കമ്മിറ്റിയിൽ നിന്നും അന്വേഷണം നേരിടവേയാണ് കെയ്റ്റി ഹില്ലിന്റെ രാജി.

ഞായറാഴ്ചയാണ് യു.എസ് കോൺഗ്രസിൽ നിന്നും താൻ വിരമിക്കുകയാണെന്ന് കെയ്റ്റി അറിയിച്ചത്. ജനങ്ങളെയും രാജ്യത്തെയും കണക്കിലെടുക്കുമ്പോൾ താൻ രാജി വയ്ക്കുന്നതാണ് നല്ലതെന്നും 32കാരിയായ കെയ്റ്റി ട്വിറ്ററിൽ കുറിച്ചു.

2018 കാലിഫോർണിയകാരിയായ കെയ്റ്റി ഹിൽ ഹൗസ് ഒഫ് റപ്രെസെന്റേറ്റിവ്സിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കോൺഗ്രസിലേക്ക് മത്സരിക്കുന്ന സമയത്ത് തനിക്ക് തന്റെ പ്രചരണവിഭാഗത്തിലെ ഒരു യുവതിയുമായി ബന്ധമുണ്ടായിരുന്നതായി കെയ്റ്റി സമ്മതിക്കുന്നുണ്ട്. എന്നാൽ ഇവരുമായി താൻ ലൈംഗിക ബന്ധം പുലർത്തിയിട്ടില്ലെന്ന് കെയ്റ്റി എടുത്ത് പറയുന്നുണ്ട്.

എന്നാൽ കെയ്റ്റി യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് എത്തിക്‌സ് കമ്മിറ്റി തങ്ങളുടെ അന്വേഷണത്തെ അടിസ്ഥാനമാക്കി പറയുന്നത്. നിലവിൽ കെയ്റ്റി ഹില്ലും ഭർത്താവുമായുള്ള വിവാഹമോചന കേസ് നടന്നുകൊണ്ടിരിക്കുകയാണ്.എന്നാൽ താൻ കാരണം പറ്റിയ തെറ്റുകൾക്ക് മാപ്പ് പറഞ്ഞ കെയ്റ്റി ഹിൽ തന്റെ പേര് ചീത്തയാക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമാണ് ഈ സംഭവമെന്നും ആരോപിച്ചു.

താനും തന്റെ സ്റ്റാഫുമായി ഉള്ള ബന്ധത്തിന്റെ ഫോട്ടോകൾ പുറത്തുവിട്ട ഭർത്താവിനെയും അത് പ്രസിദ്ധീകരിച്ച മാദ്ധ്യമങ്ങളെയും അവർ കുറ്റപ്പെടുത്തി. ഇതിനെതിരെ കേസ് നൽകുമെന്നും ഹിൽ അറിയിച്ചിട്ടുണ്ട്.

തന്റെ സ്വകാര്യ നിമിഷങ്ങളെ പരസ്യമാക്കുന്ന നടപടി തെറ്റാണെന്നും അത് നിയമവിരുദ്ധമാണെന്നുമാണ് അവർ പറഞ്ഞത്. ഡെമോക്രാറ്റിക്‌ പാർട്ടി അംഗമായ കെയ്റ്റിയുടെ രാജിയിലൂടെ തങ്ങൾക്ക് നഷ്ടപ്പെട്ട ഒരു സീറ്റ് തിരിച്ചുപിടിക്കാനുള്ള അവസരമാണ് എതിരാളികളായ റിപ്പബ്ലിക്കൻ പാർട്ടിക്ക് ലഭിച്ചിരിക്കുന്നത്.