അൽമാട്ടി(കസഖ്സ്ഥാൻ) ∙ കസഖ്സ്ഥാനിലെ അൽമാട്ടി നഗരത്തിൽ നൂറോളം പേർ സഞ്ചരിച്ച യാത്രാ വിമാനം തകർന്നു. ബെക്ക് എയര്‍ വിമാനമാണ് അല്‍മാട്ടി വിമാനത്താവളത്തിനു സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാദേശികസമയം 7.22ന് തകര്‍ന്നുവീണത്. വിമാനം പറന്നുയര്‍ന്നതിനു തൊട്ടു പിന്നാലെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഒൻപതു പേർ മരിച്ചതായി കസഖ്സ്ഥാനിലെ വ്യവസായ അടിസ്ഥാന സൗകര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ടേക് ഓഫിന് ശേഷം നിയന്ത്രണം വിട്ട വിമാനം സമീപത്തുള്ള ഒരു ഇരുനില കെട്ടിടത്തിലേക്ക് തകർന്നു വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
വിമാനത്തിൽ 95 യാത്രക്കാരും 5 വിമാനക്കമ്പനി ജീവനക്കാരുമാണുണ്ടായിരുന്നത്. അൽമാട്ടിയിൽ നിന്ന് കസഖ് തലസ്ഥാനമായ നൂർ–സുൽത്താനിലേക്കുള്ള യാത്ര ആരംഭിച്ചതിന് തൊട്ടുപിന്നാലെ വിമാനം റഡാറുകളിൽ നിന്ന് അപ്രതൃക്ഷമാകുകയായിരുന്നു. കെട്ടിടത്തിലിടിച്ച് തകർന്ന വിമാനം തീപിടിക്കാത്തത് കൂടുതൽ പേർക്ക് രക്ഷയായി.