ഡൽഹി: രാഹുൽ ഗാന്ധിയുടെ അയോഗ്യത വിഷയത്തിൽ മാര്‍ച്ച് 29 മുതൽ ഏപ്രില്‍ 30 വരെ രാജ്യവ്യാപക സമരം നടത്തുമെന്ന് കോൺഗ്രസ്. ഇന്ന് രാത്രി 7 മണിക്ക് ചെങ്കോട്ടയിൽ ദീപം കൊളുത്തി പ്രതിഷേധം നടത്തുമെന്ന് കെ സി വേണുഗോപാൽ അറിയിച്ചു. അദാനി വിഷയത്തിൽ പ്രധാനമന്ത്രിക്ക് യൂത്ത് കോൺഗ്രസ്, എൻ എസ് യു പ്രവർത്തകർ കൂട്ടത്തോടെ കത്തയക്കുമെന്നും വേണുഗോപാൽ കൂട്ടിച്ചേര്‍ത്തു. അതേസമയം, ലോക്സഭ സ്പീക്കറുടെ മുഖത്തേക്ക് പേപ്പര്‍ കീറിയെറിഞ്ഞും, കരിങ്കൊടി വീശിയും കോണ്‍ഗ്രസ് എംപിമാര്‍ ഇന്നും പാർലമെന്റ് സ്തംഭിപ്പിച്ചു. പ്രതിപക്ഷത്തിനെതിരെ ശക്തമായി തിരിച്ചടിക്കാന്‍ ബിജെപി എംപിമാര്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി.
സ്പീക്കർ ഓംബിര്‍ലക്ക് പകരം ഇന്ന് ചെയറിലെത്തിയത് മിഥുന്‍ റെഡ്ഡിയാണ്. പ്രകോപിതരായി പാഞ്ഞടുത്ത ടി എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, മാണിക്കം ടാഗോര്‍, ജ്യോതിമണി, രമ്യ ഹരിദാസ് എന്നീ എംപിമാര്‍ രാഹുലിനെ അയോഗ്യനാക്കിയ ഉത്തരവ് സ്പീക്കറുടെ മുഖത്തേക്ക് കീറിയെറിഞ്ഞു. കരിങ്കൊടി വീശി, ചേംബറിലേക്ക് കയറി ടിഎന്‍ പ്രതാപന്‍ സ്പീക്കറുടെ ചെയറിലേക്ക് കരിങ്കൊടി എറിഞ്ഞു. രാജ്യസഭയില്‍ അദാനി വിവാദത്തില്‍ അന്വേഷണം വേണമെന്ന മുദ്രാവാക്യത്തെ അവഗണിച്ച് സംസാരിച്ച മന്ത്രി ഹര്‍ദീപ് സിംഗ് പുരിയെ പ്രതിപക്ഷം കൂക്കി വിളിച്ചു. പാര്‍ലമെന്‍റിന് പുറത്തും പ്രതിഷേധം കൂടുതല്‍ കടുപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. അടുത്ത 15 മുതല്‍ മുപ്പത് വരെ സംസ്ഥാനങ്ങളില്‍ ജയില്‍ നിറക്കല്‍ സമരം നടത്താന്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. ടിഎംസി, ശിവസേന, ബിആര്‍എസ് അടക്കം 19 പാര്‍ട്ടികള്‍ പിന്തുണക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ അവകാശവാദം.
പ്രതിപക്ഷ നീക്കം ശക്തമാകുന്നത് ക്ഷീണമാകുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ രാവിലെ ചേര്‍ന്ന പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ തിരിച്ചടിക്കാന്‍ പ്രധാനമന്ത്രി തന്നെയാണ് നിര്‍ദ്ദേശം നല്‍കിയത്. ആദ്യപടിയെന്നോണം ഒബിസി എംപിമാര്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഗാന്ധി പ്രതിമക്ക് മുന്‍പില്‍ പ്രതിഷേധിച്ചു. വിജയ് ചൗക്കിലേക്ക് മാര്‍ച്ചും നടത്തി. കേന്ദ്ര മന്ത്രിമാരും, മറ്റ് നേതാക്കളും രാഹുല്‍ പിന്നാക്ക വിഭാഗങ്ങളെ ആക്ഷേപിച്ചെന്ന ആരോപണം ആവര്‍ത്തിക്കുകയാണ്. ബജറ്റ് സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിയുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തില്‍ പിന്മാറിയെന്ന് വ്യാഖ്യാനിക്കപ്പെടുമെന്ന് മുന്‍ നിശ്ചയിച്ചത് പോലെ അടുത്ത 6 വരെ തുടര്‍ന്നേക്കും.