കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ നീം ജി നിരത്തിലിറങ്ങി

0

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോറിക്ഷ നീം ജി നിരത്തിലിറങ്ങി. ഇന്നു രാവിലെ 8 മണിക്ക് നടന്ന ചടങ്ങിൽ സ്പീക്കർ ശ്രീരാമകൃഷ്ണനാണ് നീംജിയുടെ ആദ്യ ഓട്ടം ഫ്ലാഗ് ഓഫ് ചെയ്തത്. എംഎൽഎ ഹോസ്റ്റിലിൽ നിന്ന് നിയമസഭാ മന്ദിരത്തിലേക്കായിരുന്നു ആദ്യ യാത്ര.

വ്യവസായ വകുപ്പിന് കീഴിലുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനം കേരളാ ഓട്ടോ മൊബൈല്‍സ് ലിമിറ്റഡാണ് (കെഎഎല്‍) ഇ-ഓട്ടോ നിര്‍മിച്ച് നിരത്തിലിറക്കുന്നത്. കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം ഇന്ത്യയില്‍ ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ഇ-ഓട്ടോ നിര്‍മാണത്തിന് യോഗ്യത നേടുന്നത്. 10 ഓട്ടോകളാണ് നിര്‍മാണം കഴിഞ്ഞ് പുറത്തിറങ്ങുന്നത്. ഇ ഓട്ടോ പദ്ധതിക്കായി കഴിഞ്ഞ ബജറ്റില്‍ 10 കോടി രൂപയും ഇത്തവണ ആറു കോടിയും സർക്കാർ വകയിരുത്തിയിരുന്നു. മന്ത്രി ഇ.പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

കാഴ്ചയിലും വലിപ്പത്തിലും സാധാരണ ഓട്ടോയെ പോലെ തന്നെയുള്ള ഇ ഓട്ടോയിലും ഡ്രൈവർക്കും മൂന്നു യാത്രക്കാർക്കും സഞ്ചരിക്കാം.ജര്‍മന്‍ സാങ്കേതികവിദ്യയില്‍ തദ്ദേശീയമായി നിര്‍മിച്ച 60 വാട്ട് ലിഥിയം അയൺ ബാറ്ററിയും രണ്ട് കെ.വി മോട്ടോറുമാണ് കെഎഎല്ലിന്റെ ഓട്ടോയിലുള്ളത്. മൂന്ന് മണിക്കൂര്‍ 55 മിനിറ്റ് കൊണ്ട് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോ മീറ്റര്‍ സഞ്ചരിക്കാം. ഒരു കിലോ മീറ്റര്‍ പിന്നിടാന്‍ 50 പൈസ മാത്രമാണ് ചെലവ് എന്നാണ് നിർമാതാക്കൾ പറയുന്നത്. സാധാരണ ത്രീപിന്‍ പ്ലഗ് ഉപയോഗിച്ച് ബാറ്ററി റീചാര്‍ജ് ചെയ്യാം. മൂന്നു വകഭേദങ്ങളിലായാണ് നീംജി വിപണിയിലെത്തുക അതിൽ ഉയർന്ന വകഭേദത്തിന് ഏകദേശം 2.80 ലക്ഷം രൂപയാണ് വില, അതിൽ 30000 രൂപ സർക്കാർ സബ്സിഡിയും ലഭിക്കും.