കേരള വന ഭേദഗതി ബിൽ നിയമമായി; അംഗീകാരം നൽകി ഗവർണർ
കേരള വന ഭേദഗതി ബില്ലിന് ഗവർണർ അംഗീകാരം നൽകി. സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വിൽപ്പന നടത്താന്‍ അനുവദിക്കുന്ന വ്യവസ്ഥയാണ് ബില്ലിൽ എടുത്തുപറയാവുന്നത്. ഇങ്ങനെ മുറിച്ച് വിൽപ്പന നടത്തുന്ന ചന്ദനമരത്തിന്റെ വില ഭൂ ഉടമയ്ക്ക് ലഭിക്കുന്നതാണ്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് ചന്ദന കൃഷി വ്യാപിക്കുമെന്നും കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ സാധിക്കുമെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.
സംസ്ഥാനത്തെ ഭൂ ഉടമകൾക്ക് അവരുടെ ഭൂമിയിലുള്ള ചന്ദനമരം മുറിച്ചു വിൽപ്പന നടത്താൻ നിലവിൽ അധികാരമില്ല. എന്നാൽ ഉണങ്ങിയതും അപകടകരമായുമായ ചന്ദന മരങ്ങളും സ്വന്തം ആവശ്യത്തിന് വീട് വെക്കുന്ന സ്ഥലത്തുള്ള മരങ്ങളും മാത്രം മുറിക്കാനാണ് ഇപ്പോൾ അനുമതി ലഭിക്കുക. അത് തന്നെ ഒരു സമിതി പരിശോധിച്ച് ശിപാർശ ചെയ്താൽ മാത്രം അനുവാദം നൽകാം എന്നാണ്. ഇപ്പോൾ സ്വന്തം ഭൂമിയിൽ നിന്നും ചന്ദനമരം മോഷണം പോയാലും സ്ഥല ഉടമക്കെതിരെ കേസ് എടുക്കേണ്ടി വരുന്നു. കോടതിയില്‍ എത്തുന്ന വന കുറ്റകൃത്യങ്ങള്‍ രാജിയാക്കാന്‍ ഇപ്പോള്‍ നിയമത്തില്‍ വ്യവസ്ഥയില്ല. ഗവര്‍ണര്‍ അംഗീകരിച്ച ബില്‍ നിലവില്‍ വരുന്നതോടെ അത്തരം കുറ്റകൃത്യങ്ങള്‍ കോടതിയുടെ അനുവാദത്തോടെ രാജിയാക്കാന്‍ സാധിക്കുന്നതാണ്.
പല നിസ്സാര കേസുകളും രാജിയാക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല എന്ന നിരവധി പരാതികളുണ്ട്. കോടതിയില്‍ എത്തുന്ന കേസുകള്‍ കോടതിയുടെ അനുമതിയോടെ ഫൈൻ അടച്ച് കേസ് അവസാനിപ്പിക്കുന്ന വിധത്തിലാണ് ബില്ലിൽ വ്യവസ്ഥ ചേർത്തത്. ഇങ്ങനെ കുറ്റം രാജിയാക്കുമ്പോൾ ജയിൽ ശിക്ഷ ഒഴിവായിക്കിട്ടുന്നതാണ്. എന്നാൽ വലിയ കുറ്റങ്ങൾ ഇങ്ങനെ രാജിയാക്കാൻ പറ്റില്ല. വന നിയമം 1961-ൽ നിലവിൽ വന്നതാണ്. അതിനു ശേഷം നിയമത്തിൽ പറഞ്ഞിട്ടുള്ള വനം വകുപ്പ് ഉദ്യോഗസ്ഥ തലത്തിലുള്ള നിരവധി തസ്തികകൾ റദ്ദാക്കുകയും കേന്ദ്ര നിയമങ്ങൾ പ്രകാരമുള്ള പുതിയ തസ്തികകൾ നിലവിൽ വരികയും ചെയ്തിട്ടുണ്ട്. അതോടൊപ്പം നേരത്തെ നിലവിൽ വന്ന പല തസ്തികകളുടെയും ഉദ്യോഗസ്ഥപ്പേര് വിവിധ കാലഘട്ടങ്ങളിൽ സർക്കാർ ഉത്തരവുകൾ പ്രകാരം മാറ്റം വരുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങൾ നിയമത്തിൽ ചേർക്കുന്നതിന് ഫോറസ്റ്റ് ഓഫീസർ എന്ന പദവിയുടെ നിർവ്വചനത്തിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. എംഎല്‍എമാരുടെയും മറ്റ് സബ്ജക്ട് കമ്മിറ്റികളുടെയും അഭിപ്രായം മാനിച്ചാണ് കഴിഞ്ഞ 64 കൊല്ലമായി വനം വാച്ചർമാർക്ക് ഉണ്ടായിരുന്ന അറസ്റ്റ് ചെയ്യാനുള്ള അധികാരം എടുത്തു കളഞ്ഞത്.