ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് രണ്ടായിരത്തിലധികം പേരെ കാണാതായി.ഇവരെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് മത്യബന്ധന തൊഴിലാളികള്‍ പറഞ്ഞു. കൊച്ചിയില്‍ നിന്ന് 213 ബോട്ടുകള്‍ തിരിച്ചെത്തിയിട്ടില്ല.
അതേസമയം, പൂന്തുറയിൽ നിന്നു കാണാതായവരെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കാത്തതിനാൽ പ്രദേശവാസികള്‍ പ്രതിഷേധിക്കുകയാണ്. ഇവിടെനിന്നും പോയ മൽസ്യത്തൊഴിലാളികളിൽ ചിലർ രക്ഷപെട്ട് തിരിച്ചെത്തിയിട്ടുണ്ട്. തമിഴ്നാട്ടിൽനിന്നുള്ള ബോട്ടിലും കപ്പലിലുമായാണ് പലരും കരയിലെത്തിയത്. തമിഴ്നാട്ടിലെത്തിയ ഇവർ കരമാർഗം നാട്ടിലേക്കെത്തുകയായിരുന്നു.
കടലില്‍ ഭീകരാന്തരീക്ഷമാണെന്ന് കടലില്‍ നിന്ന് തിരിച്ചെത്തിയവര്‍ പറഞ്ഞു. കന്നാസിലും മറ്റും പിടിച്ച് കടലില്‍ പലരും പൊങ്ങിക്കിടക്കാന്‍ ശ്രമിക്കുന്നതയി രക്ഷപ്പെട്ടവര്‍ പറഞ്ഞു.തനിക്കൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്ന് ശെല്‍വന്‍ എന്ന മത്സ്യത്തൊഴിലാളി പറഞ്ഞു. കന്യാകുമാരിയില്‍ നിന്നുള്ള ബോട്ടുകാരാണ് തന്നെ കൊല്ലം തീരത്തെത്തിച്ചതെന്നും ശെല്‍വന്‍ പറഞ്ഞു.
അഞ്ചുപേരാണ് വിഴിഞ്ഞത്ത് രാവിലെ തിരിച്ചെത്തിയത്. കടലിലേക്ക് ആര്‍ക്കും രക്ഷാപ്രവര്‍ത്തനത്തിന് എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യമാണെന്ന് അവര്‍ പറഞ്ഞു. കടലില്‍ പലരും നീന്തിപ്പോകുന്നത് കണ്ടതായും അവര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം കടലില്‍ പോയ 200ലേറെ ഓളം മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തിയിട്ടില്ല. തിരുവനന്തപുരത്തെ പൂന്തുറയില്‍ നിന്നുമാണ് കൂടുതല്‍ പേരെ കാണാതായത്. ഓഖി ചുഴലിക്കാറ്റ് ശക്തമായ സാഹചര്യത്തിലാണ് ബോട്ടുകളിലും വള്ളങ്ങളിലും കടലില്‍ പോയവരുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടത്. വിഴിഞ്ഞത്തു നിന്ന് കടലില്‍ പോയ ആറ് ബോട്ടുകളും നൂറിലേറെ വള്ളങ്ങളും കാണാതായി. നാവികസേനയുടെ നാലു കപ്പലുകളും രണ്ട് ഹെലികോപ്റ്ററുകളും ഡോണിയര്‍ വിമാനങ്ങളും ഇന്നലെ മുതല്‍ തിരച്ചില്‍ രംഗത്തുണ്ട്. കോസ്റ്റ് ഗാര്‍ഡും തിരച്ചിലിന് ഇറങ്ങിയിട്ടുണ്ട്.