സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് ആരംഭിക്കും. 4,19,362 റെഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളും പരീക്ഷ എഴുതും. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും ഇക്കൊല്ലം പരീക്ഷ എഴുതുന്നുണ്ട്. പരീക്ഷയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.
വേനൽ കണക്കിലെടുത്ത് കുട്ടികൾക്കായി ക്ലാസ്സുകളിൽ കുടിവെള്ളം കരുതാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സർക്കാർ നിർദേശിച്ചു. സുരക്ഷാ കാര്യങ്ങൾ വിലയിരുത്താൻ സംസ്ഥാന ഡിജിപിയുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ആശയവിനിമയം നടത്തി. മാർച്ച് 29 ന് അവസാനിയ്ക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ഏപ്രിൽ 3 മുതൽ 26 വരെ നടക്കും. മൂല്യനിർണ്ണയ ക്യാമ്പുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾ ഏപ്രിൽ 5 മുതൽ പരീക്ഷാ ഭവനിൽ ആരംഭിക്കും. മേയ് രണ്ടാം വാരത്തിൽ ഫലം പ്രസിദ്ധീകരിക്കുന്നതിനാണ് തീരുമാനം.