കേരള സ്ട്രൈക്കേഴ്സിന് രണ്ടാം തോൽവി

0

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കര്‍ണാടക ബുള്‍ഡോസേസിനോട് പരാജയപ്പെട്ട് മലയാള സിനിമാ താരങ്ങളുടെ ടീമായ സി 3 കേരള സ്‍ട്രൈക്കേഴ്സ്. എട്ട് വിക്കറ്റിനാണ് കര്‍ണാടക ടീം കേരളത്തെ തോല്‍പ്പിച്ചത്. സിസിഎല്ലിലെ കേരള സ്‍ട്രൈക്കേഴ്‍സിന്‍റെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്. ആദ്യ സ്പെല്ലില്‍ കേരള സ്‍ട്രൈക്കേഴ്‍സ് അഞ്ച് വിക്കറ്റ് നഷ്‍ടത്തില്‍ 101 റണ്‍സ് എടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ കര്‍ണാടക 5 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് നേടി. ഇതോടെ 23 റണ്‍സിന്‍റെ ലീഡ് കര്‍ണാടക നേടി. തുടര്‍ന്ന് വീണ്ടും പത്തോവര്‍ ബാറ്റിങിന് ഇറങ്ങിയ കേരളം 5 വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ് നേടി. ഇതോടെ 83 റണ്‍സ് വിജയലക്ഷ്യവുമായി എത്തിയ കര്‍ണാടക 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി.

രാജീവ് പിള്ള, ജയറാം ഓപ്പണിങ് ജോഡി തുടക്കത്തില്‍ തന്നെ 65 റണ്‍സിന്‍റെ പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തിയിരുന്നു. ആദ്യ സ്പെല്ലിൽ 33 ഉം രണ്ടാം സ്പെല്ലിൽ 18 പന്തില്‍ നിന്ന് 43 റണ്‍സ് നേടിയ രാജീവ് പിള്ളയാണ് കേരള സ്‍ട്രൈക്കേഴ്‍സിനെ വൻ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

രണ്ടാം സ്‍പെല്ലില്‍ സിദ്ധാര്‍ഥ് മേനോനും ഉണ്ണി മുകുന്ദനുമാണ് കേരളത്തിന് വേണ്ടി ഓപ്പണിങ് ഇറങ്ങിയത്. കേരളത്തിനായി മോശമല്ലാത്ത തുടക്കം നല്‍കിയ സിദ്ധാര്‍ഥ് മേനോന് പക്ഷേ വൻ സ്‍കോറിലേക്ക് എത്താനായില്ല. 11 പന്തില്‍ 20 റണ്‍സ് എടുത്ത സിദ്ധാര്‍ഥ് മേനോനെ ചന്ദന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കിച്ച സുദീപ് ക്യാച്ച് എടുത്ത് പുറത്താക്കി. തുടര്‍ന്ന് ഇറങ്ങിയ വിജയ് യേശുദാസിന് റണ്‍ ഒന്നും എടുക്കാനായില്ല. രണ്ട് പന്തുകള്‍ മാത്രം നേരിട്ട വിജയ് യേശുദാസ് ഗണേഷിന്റെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ചപ്പോള്‍ ബൗണ്ടറി ലൈനിരികെ വെച്ച് ഹനു ക്യാച്ച് എടുക്കുകയായിരുന്നു.

ആദ്യ സ്‍പെല്ലിലെ ടോപ് സ്‍കോറര്‍ രാജീവ് പിള്ളയാണ് നാലാമനായി ഇറങ്ങിയത്. ആദ്യ സ്‍പെല്ലിലെ കൂട്ടുകെട്ട് വീണ്ടും ആവര്‍ത്തിക്കുമെന്ന് കരുതിയെങ്കിലും ഓപ്പണര്‍ ഉണ്ണി മുകുന്ദൻ 13 റണ്‍സ് മാത്രമെടുത്ത് പുറത്തായി. 11 പന്തുകള്‍ നേരിട്ടിരുന്ന കേരള താരം ഉണ്ണി മുകുന്ദനെ പ്രസന്ന വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. അംപയര്‍ ഔട്ട് വിളിക്കാത്തതിനെ തുടര്‍ന്ന് ബൗളര്‍ പ്രസന്ന റിവ്യുവിന് പോകുകയും അനുകൂല തീരുമാനം സ്വന്തമാക്കുകയുമായിരുന്നു. ഉണ്ണി മുകുന്ദന് പകരക്കാരനായി ലാല്‍ ജൂനിയറാണ് ക്രീസിലേക്ക് എത്തിയത്. ലാല്‍ ജൂനിയര്‍ 13 പന്തില്‍ 10 റണ്‍സെടുത്ത് റണ്‍ ഔട്ടായി. തുടര്‍ന്ന് ക്രീസിലേക്കെത്തിയ ബാറ്റ്‍സ്‍മാൻ അര്‍ജുൻ നന്ദകുമാര്‍ നാല് പന്തില്‍ നിന്ന് ഒമ്പത് റണ്‍സ് എടുത്തു. അവസാന പന്തില്‍ അ‍ര്‍ജുൻ നന്ദകുമാര്‍ റണ്‍ ഔട്ട് ആകുകയായിരുന്നു. രാജീവി പിള്ള പുറത്താകാതെ നിന്നു.