തിരുവനന്തപുരം: ഈ പുതുവർഷത്തിൽ കേരളം മതിലിനോടൊപ്പം ഉണരുകയായി. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും സ്ത്രീ-പുരുഷ സമത്വം ഉറപ്പുവരുത്തുകയെന്ന കാഴ്ചപ്പാട് മുന്നോട്ടുവച്ചുകൊണ്ടും കേരളത്തെ ഭ്രാന്താലയമാക്കരുതെന്ന മുദ്രാവാക്യവുമായി ചൊവ്വാഴ്ച കേരളക്കര നീളെ വനിതാമത്തെ ഉയരുകയായി.
കാസർകോടുമുതൽ തിരുവനന്തപുരം വെള്ളയമ്പലംവരെ 620 കിലോമീറ്റർ ദേശീയപാതയുടെ പടിഞ്ഞാറുവശത്ത് തീർക്കുന്ന മതിലിൽ അമ്പതുലക്ഷം വനിതകളുണ്ടാകുമെന്നാണ് പ്രതീക്ഷ. മൂന്നുമണിയോടെ വനിതകൾ ദേശീയപാതയിലെ നിശ്ചിതകേന്ദ്രങ്ങളിലെത്തും. മൂന്നേമുക്കാലിന് റിഹേഴ്‌സൽ. നാലുമുതൽ നാലേകാൽ വരെയാണ് മതിൽ തീർക്കുക.
കാസർകോട്ട് മന്ത്രി കെ.കെ. ശൈലജ മതിലിന്‍റെ ഭാഗമാകും. വെള്ളയമ്പലത്ത് യോഗത്തിൽ മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും പങ്കെടുക്കും. മതിൽ ഒരുക്കുന്ന ജില്ലകളിലെലെല്ലാം മന്ത്രിമാർക്ക് ചുമതല നൽകിയിട്ടുണ്ട്.
വനിതാമതിൽ വിജയമാകുമെന്നതിൽ സംശയമില്ലെന്നും സർക്കാരിന്റെ ഒരു സംവിധാനവും ഇതിനായി ഉപയോഗിക്കുന്നില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഞായറാഴ്ച നവോത്ഥാനസഘടനകളുടെ യോഗത്തിൽ പറഞ്ഞു. സ്ത്രീ-പുരുഷ തുല്യത എന്ന ഭരണഘടനാ തത്വം ഉറപ്പുവരുത്തന്നതിന്റെ ഭാഗമായി സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയാണ് വനിതാ മതില് സൃഷ്ടിക്കുന്നതിന് ഇടയായ സാഹചര്യം. കാസർഗോഡ് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില് രൂപപ്പെടുമ്പോള്‍ അതിനോട് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചു ജനാധിപത്യ കേരളം ഒപ്പമുണ്ടാകുമെന്നും വ്യക്തമായി കഴിഞ്ഞിട്ടുണ്ട്.