നിസ്സാരമെന്ന് തോന്നുകയും എന്നാൽ ഗൗരവമേറിയതുമായ ഒരു സാമൂഹിക വിഷയത്തെ ഒരു കുടുംബ പശ്ചാത്തലത്തിൽ മനോഹരമായി പറഞ്ഞവതരിപ്പിച്ചു എന്നത് തന്നെയാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’ യെ വേറിട്ട് നിർത്തുന്ന പ്രധാന കാര്യം. ??
അശ്ലീല ചുവയോ ദ്വയാർത്ഥ പ്രയോഗങ്ങളോ ഇല്ലാതെ ദാമ്പത്യവും ലൈംഗികതയുമൊക്കെ ഒരു കുടുംബ സിനിമയിലൂടെ തന്നെ ചർച്ച ചെയ്യിക്കാൻ സാധിച്ചതിലാണ് നിസാം ബഷീർ എന്ന പുതുമുഖ സംവിധായകൻ കൈയ്യടി നേടുന്നത്. ഏച്ചുകൂട്ടലില്ലാത്ത വിധം പറയാനുള്ള വിഷയത്തെ നല്ലൊരു തിരക്കഥയിലേക്ക് പടർത്തിയെഴുതിയതിൽ അജി പീറ്ററും അഭിനന്ദനമർഹിക്കുന്നു. ???
തുടക്കം മുതൽ ഒടുക്കം വരെ ഇടുക്കിയുടെ മലയോര ഗ്രാമ ഭംഗിയും അവിടത്തെ നാട്ടുകാരും അവരുടെ സംസാര ശൈലിയുമൊക്കെ കൂടെ സിനിമക്ക് നൽകിയ പുതുമയും പ്രസരിപ്പും ചെറുതല്ല. സ്ലീവാച്ചന്റെ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതുമടക്കം ഒരൊറ്റ പാട്ടിൽ കണ്ടറിയാം ആ നാടിനെയും നാട്ടാരെയും.
അഭിലാഷ് ശങ്കറിന്റെ കാമറ പോലും ആ നാട്ടുകാരനായി മാറുന്ന പോലെ മനോഹരമായ ഛായാഗ്രഹണം.
ഗാന ചിത്രീകരണം കൊണ്ടും പ്രതീകാത്മക ബിംബ സീനുകൾ കൊണ്ടുമൊക്കെ നാളിതു വരെ മലയാള സിനിമ കാണിച്ചു തന്നിട്ടുള്ള ദാമ്പത്യ ജീവിതത്തിനു അപവാദമായി സ്ലീവാച്ചന്റെയും റിൻസിയുടെയും ദാമ്പത്യം മാറുന്നിടത്താണ് സിനിമ ഗൗരവമേറിയ അതിന്റെ വിഷയം പറയാൻ ആരംഭിക്കുന്നത്.
വിവാഹ ശേഷമുള്ള സ്ലീവാച്ചന്റെ മുഖത്തെ മ്ലാനതയും പരിഭ്രമവും അഞ്ജതയുമൊക്കെ ആദ്യം ചിരിപ്പിക്കുകയും പിന്നീട് വല്ലാത്ത ഭീകരത അനുഭവപ്പെടുത്തുകയും ചെയ്യുന്നു. ?
ലൈംഗികതയെ കുറിച്ചുള്ള തെറ്റിദ്ധാരണകളും അഞ്ജതയുമൊക്കെ സ്ലീവാച്ചനെ പോലെ പത്തരമാറ്റ് സ്വഭാവ സെർട്ടിഫിക്കറ്റ് കിട്ടിയ ഒരാളുടെ കുടുംബ ജീവിതത്തിൽ പോലും അത്ര മാത്രം ഭീകരത സമ്മാനിക്കുന്നുവെങ്കിൽ ഓർക്കണം അങ്ങിനെ പറയത്തക്ക ഗുണഗണങ്ങൾ ഒന്നുമില്ലാതെ, അതേ അജ്ഞത മറച്ചു വച്ച് കൊണ്ട് , വെറും ആണധികാരം മാത്രം കൈമുതലാക്കി, ആ ഈഗോ കൊണ്ട് മാത്രം ഭാര്യയോട് ഇടപഴകുന്നവർ സൃഷ്ടിക്കുന്ന ഭീകരത എത്ര മാത്രം വലുതെന്ന്. ?
ബലാൽസംഗം എന്നത് ജോസ് പ്രകാശും, ടി.ജി രവിയും, ബാലൻ കെ നായരുമടക്കമുള്ളവരുടെ വില്ലൻ കഥാപാത്രങ്ങൾക്ക് മാത്രം പറഞ്ഞിട്ടുള്ള ഒരു കാര്യമെന്നോണം അവതരിപ്പിച്ചു ശീലിച്ച അതേ മലയാള സിനിമയിൽ നായകൻ നായികയെ, അതും ഭർത്താവ് ഭാര്യയെ തന്നെ റേപ് ചെയ്തിരിക്കുന്നു എന്ന് പറഞ്ഞവതരിപ്പിക്കുന്നതിൽ ഒരു പൊളിച്ചെഴുത്തുണ്ട്. അത്ര തന്നെ ധൈര്യത്തോടെ വിഷയത്തിന്റെ ഭീകരതയെ കുറിച്ചുള്ള തുറന്നു പറച്ചിലുമുണ്ട്. ?
അഴകിയ രാവണനിൽ തന്റെ ചിറകൊടിഞ്ഞ കിനാക്കളി’ൽ റേപ് സീൻ ഒന്നുമില്ലേ എന്ന് ചോദിക്കുമ്പോൾ കാമുകൻ കാമുകിയെ വേണമെങ്കിൽ റേപ് ചെയ്തോട്ടെ എന്ന് മറുപടി പറയുന്നുണ്ട് അംബുജാക്ഷൻ. ആ പറഞ്ഞതിൽ ഒരു ലോജിക്കില്ല എന്ന മട്ടിലായിരുന്നു അന്ന് ആ കോമഡി വർക് ഔട്ട് ആയതെങ്കിൽ ഇന്ന് ഓർക്കുമ്പോൾ അത് കോമഡിയല്ല. ലൈംഗികതയിലെ അജ്ഞത കൊണ്ടും ദാമ്പത്യത്തിലെ ആൺ അപ്രമാദിത്തം കൊണ്ടുമൊക്കെ ഭാര്യയെ ഭർത്താവ് റേപ് ചെയ്ത കേസുകളുടെ കൂടി പശ്ചാത്തലത്തിൽ വേണം അത്തരം കോമഡികളെ തള്ളിക്കളയാൻ.
സിനിമയിലെ തന്നെ ഒരു സീനിൽ തീർത്തും സരസമായി സ്ലീവാച്ചന്റെ കേസ് ചർച്ച ചെയ്യുന്ന നാട്ടിൻപുറത്തെ സാധാരണ സ്ത്രീകളെ കാണാം. ഒന്നാലോചിച്ചാൽ ഇതൊക്കെ പല കുടുംബത്തിലും നടക്കുന്നുണ്ട് പിന്നെ നമ്മളാരും ബോധം കെട്ടു വീഴാഞ്ഞത് കൊണ്ട് ആറുമറഞ്ഞില്ല എന്ന് അവർ ചിരിച്ചു കൊണ്ടാണ് പറയുന്നതെങ്കിലും അവരുടെ ആ അടക്കം പറച്ചിൽ പോലും സിനിമയിൽ ഭീകരമായി അടയാളപ്പെടുന്നുണ്ട്. ?
ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തി തരുന്ന അതേ സമയത്ത് തന്നെ ദാമ്പത്യ ജീവിതത്തിൽ ഇതൊന്നും അത്ര കാര്യമല്ല എല്ലാം പ്രകൃതിയിലേക്ക് നോക്കി കണ്ടു പഠിക്കാവുന്നതേയുള്ളൂ എന്ന വാദവും സിനിമ ഉയർത്തുന്നുണ്ട്. അവിടെ സിനിമക്ക് വ്യക്തമായ ഒരു നിലപാട് ഇല്ലാതായി പോയ പോലെ തോന്നി. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന പേരും സിനിമയോട് ചേർന്ന് നിക്കുന്നില്ല.
സ്ലീവാച്ചന്റെ ജീവിതത്തിൽ മാറ്റം സംഭവിക്കാൻ കാരണമായവൾ എന്ന നിലക്ക് റിൻസിയെ മാലാഖാവത്ക്കരിക്കാമെങ്കിലും റിൻസി എന്ന ഭാര്യ സ്ലീവാച്ചന്റെ ജീവിതത്തെ സ്വാധീനിക്കുന്നതായി തോന്നിയില്ല.
സ്ലീവാച്ചന് തെറ്റ് ബോധ്യപ്പെടുകയും സ്വയം തിരുത്തുകയും തിരിച്ചറിവോടെ പെരുമാറി തുടങ്ങുകയും ചെയ്യുന്നിടത്താണ് സിനിമക്ക് അതിന്റെ പേര് ബാധ്യതയായി മാറിയത്. അവിടെ റിൻസി എന്ന ഭാര്യയിൽ നിന്നും തിരിച്ചറിവ് വച്ച സ്ലീവാച്ചന്റെതു മാത്രമായി മാറുന്നുമുണ്ട് സിനിമ.
ആസിഫ് അലിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായി എക്കാലത്തും സ്ലീവാച്ചൻ ഉണ്ടാകും എന്നത് ഉറപ്പാണ്. ???
പുതുമുഖത്തിന്റെ പരിമിതികളറിയിക്കാതെ റിൻസിയെ റിൻസിയായി തന്നെ അവതരിപ്പിക്കാൻ വീണക്കും സാധിച്ചിട്ടുണ്ട്. ഇത് വരെ എവിടെയും കണ്ടിട്ടില്ലാത്ത കുറെയേറെ നടീനടന്മാരുടെ പ്രകടന മികവിന്റെ ആകെ തുക കൂടിയാണ് ഈ സിനിമയുടെ സൗന്ദര്യം എന്ന് പറയാം. അമ്മച്ചിയും പെങ്ങൾമാരും ഏട്ടനും അളിയനും അവരുടെ മക്കളും അടക്കമുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ചവർ അപ്രകാരം വേറിട്ട് നിന്നു. ??
സ്ലീവച്ചന്റെ ഈ സിനിമയിലൂടെ സമൂഹത്തിലെ ഒരുപാട് സ്ലീവാച്ചന്മാർ തിരുത്തപ്പെടട്ടെ..അവർക്ക് തിരിച്ചറിവുകൾ ലഭിക്കട്ടെ