പ്യോങ്യാങ്: ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ പ്രദർശിപ്പിച്ച സൈനിക പരേഡിന് സാക്ഷ്യം വഹിക്കാൻ ഇക്കുറി ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ മകളുമുണ്ടായിരുന്നു. 30,000 സൈനികരാണ് കിം ഇൽ സൂങ് ചത്വരത്തിൽ നടന്ന പരേഡിൽ അണിനിരന്നത്.
കിമ്മിന്റെ 10 വയസുള്ള മകൾ ജു എ ആയിരുന്നു പരേഡിലെ പ്രധാന ആകർഷണം. കഴിഞ്ഞ നവംബർ മുതൽ ഉത്തരകൊറിയയിൽ നടക്കുന്ന പ്രധാനപ്പെട്ട സൈനിക പരിപാടികളിലെ സാന്നിധ്യമായിരുന്നു മകൾ. ഇതോടെ ജുഎ ആയിരിക്കും കിമ്മിന്റെ പിൻഗാമി എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചു.
പിതാവിനൊപ്പം ഗാർഡ് ഓഫ് ഹോണർ നിരീക്ഷിക്കുകയും ചെയ്തു ജുഎ. ഇതിന്റെ ചിത്രങ്ങളും ദേശീയ ടെലിവിഷൻ പുറത്തുവിട്ടു. സാധാരണയായി കിമ്മിന്റെ കുടുംബത്തെ കുറിച്ചുള്ള വിവരങ്ങൾ ഉത്തരകൊറിയൻ മാധ്യമങ്ങൾ പുറത്തുവിടാറില്ല. കിമ്മിനും ഭാര്യ റിജോൾജുവിനും 13,10,ആറ് വയസുള്ള മൂന്നു മക്കളുണ്ടെന്നാണ് കരുതുന്നത്.
നേരത്തെ കിം ജോങ് ഉൻ അനാരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതായി റിപ്പോർട്ടുകള്‍ പുറത്ത് വന്നിരുന്നു. അദ്ദേഹം കൂടുതൽ സമയവും മദ്യപിക്കുകയാണെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ട്. 39 വയസ്സ് തികയുന്ന ഉന്നിന്റെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ഊഹാപോഹങ്ങൾ ഇതിന് പിന്നാലെ പരന്നിരുന്നു. 40 വയസ്സിനോടടുത്ത ഉൻ ആരോഗ്യത്തെയും സുരക്ഷയെയും കുറിച്ച് പുതിയ ഉത്കണ്ഠകയിലാണെന്നും ഒരുപാട് മദ്യപിച്ച ശേഷം അദ്ദേഹം കരയുന്നതായി കേട്ടെന്നും സിയോൾ ആസ്ഥാനമായുള്ള ഉത്തര കൊറിയൻ അക്കാദമിക് ഡോ. ചോയി ജിൻവൂക്ക് പറഞ്ഞു.
ഉൻ വളരെ ഏകാന്തനാണെന്നും മാനസിക സമ്മർദ്ദത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയൻ സ്വേച്ഛാധിപതിയോട് ഡോക്ടർമാരും ഭാര്യയും കൂടുതൽ വ്യായാമം ചെയ്യാൻ പറഞ്ഞു. എന്നാൽ അദ്ദേഹം ഇവരെ അനുസരിക്കുന്നില്ല. തന്റെ അനാരോഗ്യ വാർത്തകൾ പുറത്തുവരുന്നതിൽ കിം വളരെയധികം ആശങ്കാകുലനാണെന്നും ആരോഗ്യ വിവരം പുറത്താകുന്നത് തടയാൻ വിദേശ യാത്രകളിൽ സ്വന്തം ടോയ്‌ലറ്റുമായി യാത്ര ചെയ്യുകായണെന്നും റിപ്പോർട്ട് വിശദമാക്കിയത്.