കിതാബിന് സംസ്ഥാന കലോത്സവത്തിൽ ഭ്രഷ്ട് കല്പിച്ചത് എന്തിന് ?; ഈ കുഞ്ഞുങ്ങളുടെ കണ്ണീരിനു ആരാണ് മറുപടി പറയുക ?

0

 നഷ്ടപ്പെട്ട വേദിയിലേക്ക് നോക്കി കരയുന്ന ഈ കുട്ടികളോട് നാം എന്ത് മറുപടിയാണ് പറയുക? 
നവോഥാന മതിലിനാണ് ഈ കുഞ്ഞുങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്കാനാകുക ? എന്ത് തെറ്റാണു ഈ കൊച്ചുമക്കള്‍ ചെയ്തത്. അവരുടെ കലാവാസനയെ തന്നെ തകര്‍ത്തെറിയാന്‍ തക്ക എന്ത് തെറ്റാണ് അവര്‍ ചെയ്തത്. 

ആലപ്പുഴയില്‍ നടക്കുന്ന സ്‌കൂള്‍ കലോത്സവ സദസില്‍ ഇരിക്കുന്ന കിത്താബ് നാടകത്തില്‍ അഭിനയിച്ച് അര്‍ത്ഥനയുടെയും കൂട്ടുകാരുടെയും ചിത്രം സോഷ്യല്‍ മീഡിയ വളരെ വൈകാരികമായി ചര്‍ച്ച ചെയ്യുന്നുണ്ട്. 

കോഴിക്കോട് റവന്യൂ സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ നാടകമാണ് കിത്താബ്. സംസ്ഥാന കലോത്സവത്തില്‍ അവതരിപ്പിക്കേണ്ടിയിരുന്ന നാടകം. ഉണ്ണി ആറിന്റെ വാങ്ക് എന്ന ചെറുകഥയെ അടിസ്ഥാനമാക്കി റഫീഖ് മംഗലശേരി ചെയ്ത നാടകം 
മുസ്ലിം മതവികാരത്തെ വൃണപ്പെടുത്തുന്നതാണന്നാരോപിച്ച് രംഗത്തിറങ്ങിയ ഇസ്ലാം മതമൗലികവാദികളാണ് ഒരു കലാരൂപത്തെ ഇല്ലാതാക്കി കളഞ്ഞത്. മാപ്പ് പറഞ്ഞ് സ്‌കൂള്‍ അധികൃതര്‍ സംസ്ഥാന കലോത്സവത്തില്‍ കിത്താബ് അവതരിപ്പിക്കേണ്ടതില്ലെന്നു തീരുമാനിച്ച് പിന്‍വലിച്ചതോടെ ഈ കുട്ടികളുടെ പരിശ്രമങ്ങള്‍ എങ്ങുമെത്താതെ പോയി. 

കിതാബിനെ കുഴപ്പിക്കുന്ന ചോദ്യങ്ങളെ വേരോടെ പിഴുതെറിയാൻ ആണ് സമാധാന മതത്തിന്റെ കാവൽക്കാർ കല്പിച്ചിട്ടുള്ളത്‍. 
നാടകം കളിച്ചു വിപ്ലവം സൃഷ്‌ടിച്ച മണ്ണാണ് കേരളം. ഇവിടെ മാറ്റങ്ങൾ ഒരുകാലത്തു ദൃശ്യമാധ്യമങ്ങളിലൂടെ ആയിരുന്നു. ഇന്ന് വ്രണപ്പെടുന്ന വികാരങ്ങൾ നാടകങ്ങൾക്കും പുസ്തകങ്ങൾക്കും വിലക്കേർപ്പെടുത്തുന്നു. പാടിയാലും ആടിയാലും പോകുന്ന സ്വർഗം ആണെങ്കിൽ അത് ഞമ്മൾ അങ്ങ് വേണ്ടാന്ന് വയ്ക്കും, എന്ന് പറഞ്ഞിറങ്ങി പോകുന്ന ഷാഹിനയെ കൊലപ്പെടുത്താൻ തീരുമാനിക്കുന്ന അവളുടെ വാപ്പയെ അതിനു പ്രേരിപ്പിക്കുന്നത് അയാളൊരു പള്ളി മുക്രി ആണെന്നുള്ളതായിരുന്നു. പക്ഷെ മകളുടെ സ്വാതന്ത്ര്യം തിരിച്ചറിയുന്ന ആ വാപ്പ ഒടുവിൽ അവളെ ചേർത്തുപിടിക്കുന്നിടത്തു നാടകം അവസാനിക്കുകയാണ്. “കിതാബ് ” മുന്നോട്ടു വയ്ക്കുന്നത് മതത്തിന്റെ വേലിക്കെട്ടുകളിൽ ഒതുക്കി നിർത്തുന്ന സ്ത്രീയുടെ നിറമുള്ള സ്വപ്നങ്ങളുടെ പ്രതീക്ഷകളെ ആണ്. പുരുഷാധിപത്യത്തിൽ അധിഷ്ഠിതമായ മത ആശയങ്ങൾ വിമര്ശിക്കപ്പെടുമ്പോൾ പൊട്ടുന്ന വ്രണങ്ങളിൽ നിന്നുയരുന്നത് പകയാണ്. മതങ്ങളുടെ വേലിക്കെട്ടിൽ ജീവിക്കേണ്ടി വരുന്ന പെൺകുട്ടികളുടെ സ്വാതന്ത്ര്യ ബോധം തുറന്നു കാട്ടിയതിലെ അസഹിഷ്ണുത കാരണമാണ് കിതാബ് സംസ്ഥാന കലോത്സവത്തിൽ നിന്നും പുറത്തായത്.