സോഷ്യല്‍മീഡിയയുടെ പുതിയ ഇര; മെട്രോയില്‍ കിടന്നതിന്റെ പേരില്‍ ഭിന്നശേഷിക്കാരനെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച സംഭവം; അന്വേഷണത്തിനു ഉത്തരവ്

0

കൊച്ചി മെട്രോയില്‍ കിടന്നതിന്റെ പേരില്‍ ഭിന്നശേഷിക്കാരനായ വ്യക്തിക്കു സമൂഹമാധ്യമങ്ങളില്‍ അപമാനം നേരിട്ട സംഭവത്തില്‍ അന്വേഷണം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിസേബിലിറ്റി കമ്മിഷണര്‍ ഡോക്ടര്‍ ജി. ഹരികുമാര്‍ സൈബര്‍ സെല്ലിന് നിര്‍ദേശം നല്‍കി.

ശാരീരിക അവശതമൂലം കിടന്നുറങ്ങിയ വ്യക്തിയെ മദ്യപിച്ചു കിടക്കുന്നതായി ചിത്രീകരിച്ചാണ് അപമാനിച്ചത്. സംസാരശേഷിയും കേള്‍വിശക്തിയും ഇല്ലാത്ത എല്‍ദോയാണ് ഇത്തരത്തില്‍ അപമാനിക്കപ്പെട്ടത്. കൊച്ചി മെട്രോയിലെ ‘പാമ്പ്’ എന്ന തലക്കെട്ടോടെ എല്‍ദോ മെട്രോയില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. ലയാളികള്‍ക്ക് ചീത്ത പേരുണ്ടാക്കുന്ന ഇവനെയൊക്കെ എന്താ ചെയ്യേണ്ടത്..’-ഇങ്ങനെയൊരു തലക്കെട്ടിലാണ് ചിലര്‍ ചിത്രം പ്രചരിപ്പിച്ചത്. എന്നാല്‍ പ്രചരിപ്പിച്ച ആരും ആ മനുഷ്യനെക്കുറിച്ച് അന്വേഷിച്ചില്ല എന്നതാണ് സത്യം.

എല്‍ദോ മദ്യപിച്ചിരുന്നില്ലെന്നും മരണാസന്നനായി ആശുപത്രിയില്‍ കിടക്കുന്ന സഹോരനെ സന്ദര്‍ശിച്ചശേഷം മടങ്ങവെ, ക്ഷീണവും മനോവിഷമവും കൊണ്ടും തളര്‍ന്ന് കിടന്നതാണെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. വീട്ടുകാരുടെ തന്നെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഒഴിഞ്ഞസീറ്റില്‍ എല്‍ദോ കിടന്ന് ഉറങ്ങിയത്.

തന്റെ ചിത്രം വ്യാജപ്രചരണത്തോടെ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നതില്‍ കടുത്ത വിഷമത്തിലാണ് എല്‍ദോ. തന്റെ സങ്കടവും പ്രതിഷേധവും പൊതുസമൂഹത്തിനോട് പറയാനും കഴിയാത്ത അവസ്ഥയിലാണ് എല്‍ദോ. എല്‍ദോയെ പോലെ തന്നെ സംസാരശേഷിയില്ലാത്ത ആളാണ് അദ്ദേഹത്തിന്റെ ഭാര്യയും. സംഭവത്തിന്റെ സത്യാവസ്ഥ മകന്‍ ബേസിലാണ് സമൂഹത്തോടെ തുറന്നുപറഞ്ഞത്.

ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനാണ് എല്‍ദോ. ഡിസേബിലിറ്റി കമ്മിഷണര്‍ ഡോക്ടര്‍ ജി ഹരികുമാറാണ് വിഷയത്തില്‍ ഇടപെട്ടത്. ഒരു ഭിന്നശേഷിക്കാരന്‍ സമൂഹമാധ്യമങ്ങളില്‍ അപമാനിക്കപ്പെട്ടത് ഗൗരത്തോടെയാണ് കാണുന്നതെന്ന് ഹരികുമാര്‍ പറഞ്ഞു. ഈ ചിത്രങ്ങള്‍ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കാനും പ്രചരിക്കാനുമിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സൈബര്‍ സെല്ലിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്