മലയാളി പണി തുടങ്ങി; ഫൈന്‍ ഇനത്തില്‍ തന്നെ കൊച്ചി മെട്രോ ലാഭം നേടുമോ?

0

അതല്ലേലും അത്  അങ്ങനെ തന്നെയാ, മലയാളിയെ തിരുത്താന്‍ ആര്‍ക്കു കഴിയും.? പറഞ്ഞു വരുന്നത് നമ്മുടെ മെട്രോയുടെ കാര്യമാണ്. കൊട്ടും കുരവയുമായി ഇന്നലെ അങ്ങോട്ട്‌ ഉദ്ഘാടനം കഴിഞ്ഞതെ ഉള്ളൂ. പക്ഷെ മലയാളി തനി സ്വഭാവം കാണിച്ചു എന്നാണ് വിവരം.

ആദ്യദിനം തന്നെ ഫൈന്‍ ഇനത്തില്‍ നല്ല ഒരു തുക കെഎംആര്‍എല്ലിന് ലഭിച്ചുകഴിഞ്ഞതായിട്ടാണ് വിവരം.മനോരമ ഫോട്ടോഗ്രാഫര്‍ ജോസ് കുട്ടി പനയ്ക്കല്‍ ആണ് താന്‍ നേരില്‍ കണ്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യം വെളിപ്പെടുത്തി ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്. കൊച്ചി മെട്രൊയുടെ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവര്‍ ഒരു യാത്രക്ക് ശേഷം പുറത്തു പോകാതെ വീണ്ടും യാത്ര ചെയ്യുകയും 19 മിനിറ്റില്‍ കൂടുതല്‍ ആ ടിക്കറ്റുമായി ഒരു സ്റ്റേഷനില്‍ ചിലവഴിക്കുകയും ചെയ്താന്‍ പണി കിട്ടും എന്നാണ് ജോസ്‌കുട്ടി പറയുന്നത്.

ഇത്തരത്തില്‍ ഒരുടിക്കറ്റെടുത്ത് മെട്രോയില്‍ കയറി അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുകയും അവസാനം പുറത്തിറങ്ങാനുള്ള മെഷീനില്‍ കാര്‍ഡ് വെക്കുവ്‌പോള്‍ പിടിയിലായി നിലരവധി പേര്‍ ആദ്യം ദിനം തന്നെ മെട്രോയില്‍ ഫൈന്‍ നല്‍കി കഴിഞ്ഞിരിക്കുകയാണെന്ന് അറിയുന്നത്.

ജോസ്‌കുട്ടി പനക്കലിന്റെ കുറിപ്പ് വായിക്കാം:

കൊച്ചി മെട്രോ ലാഭത്തിലോടും. ആദ്യദിനം തന്നെ ഫൈന്‍ ഇനത്തില്‍ കുറെ തുക കെഎംആര്‍എല്ലിന് ലഭിച്ചുകഴിഞ്ഞു. വരും ദിനങ്ങളിലും ഇതു തുടരും. എങ്ങിനെയാണെന്നല്ലേ? കൊച്ചിയിലേക്ക് ഉല്ലാസയാത്രയായി വരുന്നവര്‍ ലുലുമാളില്‍ രാവിലെ കയറിയാല്‍ അതിന്റെ ശീതളിമയില്‍ അങ്ങനെ കറങ്ങിനടന്ന് അവസാനം സെക്കന്‍ഡ് ഷോയും കഴിഞ്ഞേ സ്ഥലം വിടൂ. പാര്‍ക്കിങ്ങിനുമാത്രം തുക കൂടുതല്‍ കൊടുത്താല്‍ മതി. വാഹനം വഴിയരികിലെവിടെയെങ്കിലും ഇട്ട് അതും രക്ഷപെടുത്തുന്നവരുണ്ട്. അതു പോലെ മെട്രോയില്‍ ടിക്കറ്റെടുത്ത് ആദ്യദിനത്തിന്റെ ആവേശത്തില്‍ അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്തു കുടുക്കില്‍പെടുന്നവരെ ഇന്നുകണ്ടു. മെട്രോ ട്രെയിന്‍ പക്ഷേ ലുലുമാളിനെപ്പോലെ ക്ഷമിക്കില്ല. നിലവില്‍ 19 മിനിറ്റില്‍ കൂടുതല്‍ സമയം സ്‌റ്റേഷനില്‍ തങ്ങിയാല്‍ ഇറങ്ങിപോകുന്ന സമയത്ത് പണി പാളും.

ഏതെങ്കിലും ഒരു ടിക്കറ്റില്‍ എത്രനേരം വേണമെങ്കിലും ഓരോ ട്രെയിനിലും കയറി അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ യാത്രചെയ്താല്‍ ഇടക്കൊന്നും ആരും ചോദിക്കാനുണ്ടാകില്ല. പക്ഷേ സ്‌റ്റേഷനില്‍നിന്നും പുറത്തേക്കിറങ്ങാന്‍ ടിക്കറ്റ് വീണ്ടും ഒരു യന്ത്രത്തില്‍ വയ്ക്കണമല്ലോ. ആ യന്ത്രം അത്തരക്കാരെ പുറത്തേക്ക് വിടില്ല. പിന്നെ എത്രനേരം ഓടിക്കളിച്ചിട്ടുണ്ടോ അതിന്റെ ഫൈനടച്ചുപോകാം. ഇന്ന് ഇങ്ങനെ കുറെപേരെ കണ്ടു അതുകൊണ്ട് പറഞ്ഞതാണ്. മറ്റുജില്ലകളില്‍ നിന്നും ലുലു മെട്രോ ട്രെയിന്‍ യാത്രാ പാക്കേജുമായി എത്തുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക. അപ്പോളിനി ‘കുമ്മി’യിടിക്കടി കുഞ്ഞിപ്പെണ്ണേ.