കൊച്ചിയില്‍ മെട്രോ ഓടിതുടങ്ങുമ്പോള്‍ ചുക്കാന്‍ പിടിക്കാന്‍ ഏഴ് വനിതകളും. ആകെ 39 ഡ്രൈവര്‍മാരില്‍ ഏഴു പേരാണ് വനിതാ ഡ്രൈവര്‍മാരായുള്ളത്.ഏഴുപേരും മലയാളികൾ. ബംഗ്‌ളൂരുവിലും കൊച്ചിയിലും പരിശീലനം നേടിയവരാണ് ഇവര്‍.
കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടര്‍മാരായി വനിതകളുണ്ടെങ്കിലും വനിതാ ഡ്രൈവര്‍മാരെ അപൂര്‍വ്വമായി പോലും കാണാനാകില്ല. പക്ഷെ സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോ പക്ഷെ ഇക്കാര്യത്തില്‍ വേറിട്ട് ചിന്തിച്ചു. നേരത്തെ സംസ്ഥാനത്ത് ആദ്യമായി ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ജോലി നല്‍കിയും മെട്രോ ചരിത്രത്തില്‍ ഇടം നേടിയിരുന്നു. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ആദ്യഘട്ടയാത്രയ്ക്കാണ് ഏഴു വനിതകള്‍ ഡ്രൈവര്‍മാരായുള്ളത്.
വനിതാ ഡ്രൈവര്‍മാരില്‍ ഗോപികയേയും വന്ദനയേയും ഫേസ്ബുക്ക് പേജിലൂടെ കൊച്ചി മെട്രോ അധികൃതര്‍ പരിചയപ്പെടുത്തി കഴിഞ്ഞു. ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷനില്‍ ഡിപ്ലോമയാണ് ഡ്രൈവര്‍ തസ്തികയിലേക്ക് യോഗ്യത നിശ്ചയിച്ചിരുന്നത്. എന്നാല്‍ ബി ടെക് യോഗ്യതയുള്ളവരും ഡ്രൈവര്‍മാരായുണ്ട്.