കൊല്ലത്ത് സ്കൂളിലെ മാലിന്യ ടാങ്ക് തകർന്ന് കുട്ടികൾ ഉള്ളിൽ വീണു; അഞ്ച് പേർക്ക് പരുക്ക്

0

കൊല്ലം: അഞ്ചൽ ഏരൂർ സർക്കാർ എൽ.പി. സ്കൂളിലെ മാലിന്യ ടാങ്കിന്‍റെ മേൽമൂടി തകർന്ന് കുട്ടികൾ കുഴിയിൽ വീണു. അപകടത്തിൽ ഒന്നാം ക്ലാസ് വിദ്യാർഥികളായ അ‍ഞ്ചു കുട്ടികൾക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. ശുചിമുറിയിൽ പോയി മടങ്ങുകയായിരുന്ന കുട്ടികൾ സെപ്റ്റിക് ടാങ്കിന് മുകളിൽ കൂടി നടക്കുമ്പോൾ സ്ലാബ് തകർന്നു കുട്ടികൾ വീഴുകയായിരുന്നു. വൈകിട്ടു മൂന്നേകാലോടെയാണു സംഭവം.

സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. രണ്ടു കുട്ടികളുടെ കൈയിലെയും കാലിലെയും എല്ലുകള്‍ക്ക് പൊട്ടലുണ്ട്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. മറ്റു മൂന്നു കുട്ടികളെ അഞ്ചൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വർഷങ്ങൾക്കു മുൻപു നിർമിച്ച ടാങ്ക് ജീർണിച്ച നിലയിലായിരുന്നു.

സ്കൂളിലെ കൈകഴുകുന്ന പൈപ്പിനോട് ചേർന്നാണ് മാലിന്യ ടാങ്കുള്ളത്. ഉച്ചയ്ക്കു ശേഷം പെയ്ത കനത്ത മഴയിൽ മേൽമൂടി തകർന്നതാണ് അപകടകാരണം. ഓടിക്കൂടിയ സ്കൂൾ അധികൃതരും നാട്ടുകാരും ചേർന്ന് കുട്ടികളെ പുറത്തെടുത്തു. ടാങ്കിൽ മാലിന്യം കുറവായിരുന്നതിനാൽ കുട്ടികൾക്ക് ശ്വാസതടസം പോലുള്ള പ്രശ്നങ്ങളുണ്ടായില്ല.