‘ലോഷൻ ഒഴിച്ച് ഞാൻ വട്ടം വരയ്ക്കാം’; നിലവിളിച്ച്‌ കരയുമ്പോഴും അട്ടഹസിച്ച്‌ ക്രൂരത; കോട്ടയത്തെ റാഗിങ് ദൃശ്യം പുറത്ത്, ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

0

കോട്ടയം നഴ്സിംഗ് കോളജിലെ റാഗിങ് ക്രൂരതയിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാന പോലീസ് മേധാവിക്ക് നോട്ടീസ് അയച്ചു. ഹോസ്റ്റലില്‍ അരങ്ങേറിയ ക്രൂരമായ റാഗിങ്ങിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു പിന്നാലെയാണ് നടപടി.വിഷയത്തിൽ സ്വീകരിച്ച നടപടി എന്തെന്ന് 10 ദിവസത്തിനകം മറുപടി നൽകണം. സഹ്യാദ്രി റൈറ്റ്സ് ഫോറം നൽകിയ പരാതിയിലാണ് ഇടപെടൽ.

ഹോസ്റ്റലില്‍ അരങ്ങേറിയ ക്രൂരമായ റാഗിങ്ങിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ജൂനിയർ വിദ്യാർഥിയെ കട്ടിലില്‍ കെട്ടിയിട്ട് ദേഹമാസകലം ലോഷൻ പുരട്ടിയശേഷം ഡിവൈഡർ കൊണ്ട് കുത്തി മുറിവേല്‍പ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ശരീരമാസകലം ലോഷൻ പുരട്ടിയ നിലയില്‍ തോർത്തുകൊണ്ട് കൈകാലുകള്‍ കെട്ടിയിട്ടനിലയിലാണ് ജൂനിയർ വിദ്യാർഥി കട്ടിലില്‍ കിടക്കുന്നത്. തുടർന്ന് സീനിയർ വിദ്യാർഥികള്‍ വിദ്യാർഥിയുടെ ശരീരത്തിലെ ഓരോ ഭാഗത്തും ഡിവൈഡർ കൊണ്ട് കുത്തിമുറിവേല്‍പ്പിക്കുകയായിരുന്നു. ഡിവൈഡർ ഉപയോഗിച്ച്‌ വയറിന്റെ ഭാഗത്താണ് മുറിവേല്‍പ്പിച്ചത്.

വിദ്യാർഥി കരഞ്ഞുനിലവിളിക്കുമ്പോൾ വായിലും കണ്ണിലും ലോഷൻ ഒഴിച്ചുനല്‍കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെ കണ്ണ് എരിയുന്നുണ്ടെങ്കില്‍ കണ്ണ് അടച്ചോയെന്നും സീനിയർ വിദ്യാർഥികള്‍ പറയുന്നുണ്ട്

നഴ്സിങ് കോളേജിലെ ജനറല്‍ നഴ്സിങ് സീനിയർ വിദ്യാർഥികളായ കോട്ടയം വാളകം സ്വദേശി സാമുവല്‍ ജോണ്‍സണ്‍(20), മലപ്പുറം വണ്ടൂർ സ്വദേശി രാഹുല്‍ രാജ്(22), വയനാട് നടവയല്‍ സ്വദേശി ജീവ(18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജില്‍ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ അഞ്ചുപ്രതികളെയും റിമാൻഡ് ചെയ്തിരുന്നു. കേസില്‍ അറസ്റ്റിലായതിന് പിന്നാലെ പ്രതികളെ കോളജില്‍നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.