കെ.എസ്.ആർ.ടി.സിയിൽ ഏപ്രിൽ മുതൽ ശമ്പളം കണക്കാക്കുക വരുമാനത്തിന് അനുസരിച്ച്. മാനേജ്മെന്റ് ഓരോ ഡിപ്പോയ്ക്കും നൽകുന്ന ടാർഗറ്റ് നേടിയാൽ അഞ്ചാംതീയതിക്ക് മുൻപ് മുഴുവൻ ശമ്പളവും നൽകും. ഇല്ലെങ്കിൽ നേടിയ വരുമാനത്തിന്റെ ആനുപാതികമായ ശമ്പളമേ ലഭിക്കു. തീരുമാനത്തിനെതിരെ യൂണിയനുകൾ ഒറ്റക്കെട്ടായി രംഗത്തെത്തി.
ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം നടപ്പാക്കാൻ തന്നെയാണ് കെഎസ്ആർടിസിയുടെ നീക്കം. ബസുകളുടെയും ജീവനക്കാരുടെയും അനുപാതം കണക്കാക്കിയാണ് ഓരോ ഡിപ്പോയ്ക്കും ടാർജറ്റ് നിശ്ചയിക്കുക. ഉദാഹരണം ഇങ്ങനെ. ഒരു ഡിപ്പോയ്ക്ക് നിശ്ചയിക്കുന്ന വരുമാനലക്ഷ്യം നേടിയാൽ അവിടുത്തെ ജീവനക്കാർക്കെല്ലാം അഞ്ചാം തീയതിക്ക് മുൻപ് മുഴുവൻ ശമ്പളവും നൽകും. 80 ശതമാനമാണ് നേടുന്നതെങ്കിൽ 80 ശതമാനമേ ശമ്പളമേ അഞ്ചാം തിയതി ലഭിക്കു. ബാക്കി പിന്നീടും നൽകും. നീക്കം ഇടതുയൂണിയനുകളെയും ചൊടിപ്പിച്ചു.
പരിഷ്കാരങ്ങളിലൂടെ പ്രതിമാസം 240 കോടി രൂപ വരുമാനം നേടുകയാണ് ലക്ഷ്യം. ടാർഗറ്റ് നേടാൻ വരുമാനമുള്ള റൂട്ടുകളിൽ സർവീസ് നടത്താൻ ഓരോ ഡിപ്പോയിലെ മോണിറ്ററിങ് കമ്മിറ്റികൾക്ക് അധികാരമുണ്ടാകും. യാത്രക്കാർ കുറവുള്ള റൂട്ടുകൾ റദ്ദാക്കപ്പെടും. ജനം പെരുവഴിയിലാകും.