കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന 16,250 പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റുകള്‍ പുതുക്കുന്നത് നിര്‍ത്തിവെച്ചു. രാജ്യത്തെ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റേതാണ് തീരുമാനം. കെട്ടിട നിര്‍മാണ മേഖല, അടിസ്ഥാന സൗകര്യ വികസനം, എഞ്ചിനീയറിങ്, സാമ്പത്തിക മേഖലയിലെ വിവിധ തൊഴിലുകള്‍, ബാങ്കിങ്, അക്കൗണ്ടിങ് എന്നിങ്ങനെയുള്ള മേഖലകളിലുള്ളവരുടെ തൊഴില്‍ പെര്‍മിറ്റുകള്‍ തടഞ്ഞുവെച്ചതില്‍ ഉള്‍പ്പെടും.
ജോലിക്കായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയവര്‍ക്ക് പുറമെ നിലവില്‍ ചെയ്യുന്ന ജോലിയുടെ തസ്‍തികയും വിദ്യാഭ്യാസ യോഗ്യതയും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉള്ളവരുടെയും വ്യാജ കമ്പനികളുടെ പേരില്‍ റിക്രൂട്ട് ചെയ്യപ്പെട്ട് കുവൈത്തില്‍ എത്തുകയും പിന്നീട് അതേ വിസയില്‍ തന്നെ മറ്റ് കമ്പനികള്‍ക്ക് വേണ്ടി ജോലി ചെയ്യുന്നവരുടെയും ഉള്‍പ്പെടെ തൊഴില്‍ പെര്‍മിറ്റുകളാണ് പുതുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ യോഗ്യതകള്‍ സംബന്ധിച്ച വ്യക്തത വരുത്തുന്നത് വരെയും ചെയ്യുന്ന ജോലിയും വിദ്യാഭ്യാസ യോഗ്യതയും ശരിയാണെന്ന് കണ്ടെത്തുന്നതും വരെയുമാണ് തൊഴില്‍ പെര്‍മിറ്റുകള്‍ പുതുക്കുന്നതിനുള്ള നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിലവില്‍ കുവൈത്തില്‍ എഞ്ചിനീയറിങ് രംഗത്തെ ജോലികള്‍ ചെയ്യുന്നവര്‍ക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. അടുത്ത ഘട്ടമായി അക്കൗണ്ടിങ് ഉള്‍പ്പെടെ ധനകാര്യ മേഖലയിലെ ജോലികള്‍ക്കും പിന്നാലെ മറ്റ് തൊഴിലുകള്‍ക്കും ഇത്തരം പരിശോധനകള്‍ കൊണ്ടുവരുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം ഇപ്പോള്‍ തൊഴില്‍ പെര്‍മിറ്റുകള്‍ പുതുക്കുന്നത് തടയപ്പെട്ട പ്രവാസികള്‍ ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.