സ്വച്ഛ് ഭാരത് അഭിയാന്റെ പുതിയ പരസ്യം വിവാദമാകുന്നു. കങ്കണാ റാവത്തിനെ ലക്ഷ്മി ദേവിയായി ചിത്രീകരിക്കുന്ന പരസ്യമാണ് സാമൂഹ്യമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനത്തിന്കാരണമായിരിക്കുന്നത് .
സര്‍ക്കാര്‍ പദ്ധതിയെ ഹൈന്ദവവത്കരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചതെന്ന ആരോപണമാണ് ഒരു വശത്ത് ഉയര്‍ന്നിരിക്കുന്നത്.സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയായ ലക്ഷ്മീദേവിയിലൂടെ ശുചിത്വ ബോധം വളര്‍ത്തുകയെന്ന ആശയത്തിലൂന്നിയുള്ള പരസ്യമാണിത് .താമരപ്പൂവുമായി ലക്ഷ്മി ദേവി ബൈക്കില്‍ ലിഫ്റ്റടിച്ച് വൃത്തിയുള്ളിടം തേടി പോകുന്നതയാണ് പരസ്യത്തിന്റെ അവസാനം .ലക്ഷ്മീപൂജ ചെയ്യുന്ന വീടുകള്‍, കടകള്‍ തുടങ്ങിയ ഇടങ്ങള്‍ വൃത്തിഹീനമായതിനേത്തുടര്‍ന്ന് ലക്ഷ്മീദേവി അവിടെ നിന്ന് അപ്രത്യക്ഷമാകുന്നതാണ് പരസ്യത്തിന്റെ ആരംഭം.
ലക്ഷ്മിദേവിയുടെ പരസ്യചിത്രം ഇതിനോടകം യൂട്യൂബിലും, സോഷ്യല്‍ മീഡിയയിലും വലിയ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ഇതിനിടയിലാണ് പരസ്യത്തെ എതിര്‍ത്ത് കൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ ശബ്ദം ഉയരുന്നത്. ഇഷ കോപ്പികര്‍, രവി കിസ്സന്‍, ഓംകാര്‍ കപൂര്‍ തുടങ്ങിയ താരങ്ങളും പരസ്യത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഗംഗാ നദിയുടെ ശുചീകരണത്തിന് രാജ്യത്തെ എല്ലാവരും ഒത്തൊരുമിച്ച് നില്‍ക്കണമെന്ന ആശയവുമായി പുറത്തുവന്ന ‘നമാമി ഗംഗേ’ എന്ന ഗാനവും സര്‍ക്കാരിന്റെ ഹൈന്ദവവത്കരണത്തിന്റെ ഭാഗമാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.