അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം വിട്ടു നല്‍കാതെ ചെന്നൈ അപ്പോളോ ആശുപത്രി അധികൃതര്‍.
കരള്‍മാറ്റ ശസ്ത്രക്രിയയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരിച്ചത്.
ചികിത്സാച്ചെലവായ 72 ലക്ഷം രൂപ മുഴുവന്‍ കെട്ടാതെ മൃതദേഹം വിട്ടുനല്‍കില്ലെന്ന് അപ്പോളോ അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ഉറപ്പുനല്‍കിയാല്‍ മൃതദേഹം വിട്ടു നല്‍കാമെന്നാണ് അധികൃതര്‍ അറിയിച്ചത്. തുടര്‍ന്ന് നോര്‍ക്ക ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി ചര്‍ച്ച നടത്തിയിരുന്നു.
ആശുപത്രിയില്‍ അടയ്‌ക്കേണ്ട ബാക്കി തുക സര്‍ക്കാര്‍ നല്‍കും. നേരത്തെ ചികിത്സയ്ക്കായി അദ്ദേഹത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കിയിരുന്നു. ആശുപത്രി ചെലവായി നേരത്തെ അപ്പോളയില്‍ 32 ലക്ഷമാണ് അടച്ചിരുന്നത്. തുടര്‍ന്ന് മൃതശരീരം മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 9ന് രാമചന്ദ്ര മെഡിക്കല്‍ കൊളേജില്‍ എംബാം ചെയ്തു തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. നവംബര്‍ 17നായിരുന്നു ലെനിന്‍ രാജേന്ദ്രന്റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. പിന്നീട് കരളില്‍ അണുബാധ ഉണ്ടായി രക്തസമ്മര്‍ദ്ദം അമിതമായി കുറഞ്ഞു. തിങ്കളാഴ്ച രാത്രി 8.45 ഓടെയാണ് മരണം സംഭവിച്ചത്.