പ്രായം തളര്‍ത്താത്ത പോരാട്ടവീര്യം

0

കടുത്ത  ജീവിതപ്രാരാബ്ധങ്ങള്‍ വഴിയില്‍ വിലങ്ങുതടി യാകുമ്പോഴും തനിക്ക് ജന്മനാ കിട്ടിയ കായികമികവ് കോട്ടം തട്ടാതെ സൂക്ഷിച്ച് ഉയരങ്ങള്‍ താണ്ടുകയാണ്, തോലാട്ട് സരോജിനി  എന്ന നാല്പ്പത്തേഴുകാരി. മൈസുരുവില്‍ ഇക്കഴിഞ്ഞ  മാസ്റ്റര്‍സ്  അത് ലറ്റിക്സ്  മീറ്റില്‍ 5000 മീറ്റര്‍  നടത്തത്തില്‍ സ്വര്‍ണമെഡല്‍,   2000 മീറ്റര്‍ ട്രിപ്പിള്‍ ചെയ്സ്ല്‍ വെള്ളിമെഡല്‍, 4×400 മീറ്റര്‍ റിലേയില്‍ സ്വര്‍ണമെഡല്‍,  4×100 റിലേയില്‍ വെള്ളിമെഡല്‍ എന്നിവ നേടി തിളക്കമാര്‍ന്ന വിജയം നേടിയിരിക്കുകയാണ് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ തായിനേരി സ്വദേശിനിയായ ഇവര്‍. ഈ വരുന്ന മേയ് നാല് മുതല്‍ എട്ടുവരെ സിംഗപ്പൂരില്‍  വെച്ച് നടക്കുന്ന ഏഷ്യന്‍ മാസ്റ്റര്‍സ് അത് ലറ്റിക്സ്‌ മീറ്റ്‌-2016 ല്‍ പങ്കെടുക്കാന്‍ ഇവര്‍ യോഗ്യത നേടിക്കഴിഞ്ഞു.

തീര്‍ത്തും പരിമിതവും കഷ്ടതകള്‍ നിറഞ്ഞതുമായ ജീവിത സാഹചര്യങ്ങള്‍ക്കിടയിലും തികഞ്ഞ അര്‍പ്പണബോധത്തോടെ കായികരംഗത്ത്‌ വിജയങ്ങള്‍  ഓരോന്നായി  കീഴടക്കുകയായിരുന്നു അവര്‍. ചൈന, ബ്രസില്‍, ജപ്പാന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നടന്ന വ്യത്യസ്ത മീറ്റുകള്‍ക്കായി ഭാരതത്തെ പ്രതിനിധീകരിച്ച് സരോജിനി പങ്കെടുത്തുകഴിഞ്ഞു.

കേരളത്തിനും ഭാരതത്തിനും വേണ്ടി ഇത്രയൊക്കെ ചെയ്തുവെങ്കിലും ജീവിതം  സരോജിനിക്ക്‌ എന്നും വിഷമവൃത്തം തന്നെയാണ്. നിത്യവൃത്തിക്കായി കൂലിപ്പണിയും കടകളിലെ ജോലിയുമാണ് ഇവര്‍ ആശ്രയിക്കുന്നത്. മികച്ച പരിശീലനത്തിനായി മറ്റു പല കായികതാരങ്ങളും ലക്ഷങ്ങള്‍ മുടക്കുമ്പോള്‍ സ്കൂള്‍ മൈതാനത്തും റോഡിലുമായി ഒരു പരിശീലകന്‍റെ  സഹായം പോലും ഇല്ലാതെയാണ് ഇവര്‍ ഈ വിജയങ്ങളൊക്കെ  കൈവരിച്ചത്.

സിംഗപ്പൂര്‍ മീറ്റിനു വരാനുള്ള  സാമ്പത്തിക പരാധീനതകള്‍ സരോജിനി ഒരു തുറന്ന കത്തിലൂടെ കായിക സ്നേഹികളെ അറിയിച്ചിട്ടുണ്ട്. ഒരു സുഹൃത്തിന്‍റെ സഹായത്തോടെ ശരിയാക്കിയ ബാങ്ക് വായ്പ്പ കൊണ്ടാണ് തല്‍ക്കാലത്തെ കാര്യങ്ങളൊക്കെ ശരിയാക്കിയിട്ടുള്ളത്. ഇനിയും അനേകം മിന്നുന്ന വിജയങ്ങള്‍ സമ്മാനിക്കാന്‍ വെമ്പുന്ന ആ കാല്‍പ്പാദങ്ങള്‍ക്ക് ശക്തി പകരാന്‍ കായികപ്രേമികളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായ സഹകരങ്ങളും പ്രാര്‍ഥനയും പ്രതീക്ഷിക്കുന്നു.

ഇന്ത്യക്കായ് മെഡല്‍ നേടാന്‍ സരോജിനിയെ സഹായിക്കാന്‍ നമുക്കാവുന്നത്  ചെയ്യാം.. സരോജിയുടെ ബാങ്ക്  അക്കൌണ്ട് വിവരങ്ങള്‍:

A/c No. 31695131805
A/c Name: SAROJINI
SBI PAYYANNUR BRANCH
IFSC CODE- SBIN 0004686