പനാജി: ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ചരിത്രം കുറിച്ച് മലയാളത്തിന്റെ സ്വന്തം ലിജോ ജോസ് പെല്ലിശ്ശേരി. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മികച്ച സംവിധായകനുള്ള രജത മയൂരം പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് ലിജോ. ജല്ലിക്കെട്ടിന്റെ സംവിധാനത്തിനാണ് പുരസ്‌കാരം. പതിനഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് രജത മയൂരത്തിന് ലഭിക്കുക.
ബ്ലെയ്‌സ് ഹാരിസണ്‍ സംവിധാന ചെയ്ത ഫ്രഞ്ച് സ്വിസ് ചിത്രം പാര്‍ട്ടിക്കിള്‍സിനാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം. നാല്‍പത് ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ഗറില്ല രാഷ്ട്രീയ തടവുകാരനായ കാർലോസ് മാരിഗെല്ലയെ വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയ സ്യു ഷോർഷിയാണ് മികച്ച നടൻ. വാഗ്‌നർ മൗര സംവിധാനം ചെയ്ത മാരിഗെല്ലയാണ് ചിത്രം. മികച്ച നടിക്കുള്ള രജത മയൂരം ഉഷ ജാദവ് (മായ് ഘട്ട്) സ്വന്തമാക്കി.
മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം അബൗ ലെയ്‌ല സംവിധാനം ചെയ്ത അമിന സിദിബൗമെഡിയെനും മോൺസ്‌റ്റേഴ്‌സ് സംവിധാനം ചെയ്ത മാരിയ ഒൾടെന്യുവും നേടി. പെമ സെഡെന്റെ ബലൂൺ പ്രത്യേക ജൂറി പുരസ്‌കാരം സ്വന്തമാക്കി.