ഇന്ത്യയിലെ പ്രേക്ഷകർക്ക് പറ്റിയ സിനിമയല്ലെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സി ബി എഫ് സി) കണ്ടെത്തിയ സിനിമ ആംസ്റ്റർഡാം ഫിലിം ഫെസ്റ്റിവലിൽ അവാർഡ് കരസ്ഥമാക്കി മുന്നേറുന്നു . പ്രകാശ് ഝായുടെ ‘ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ’ എന്ന ചിത്രമാണ് ആംസ്റ്റർഡാം ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷകരുടെ മികച്ച ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത്. അലംകൃത ശ്രിവാസ്തവയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
സ്ത്രീ കേന്ദ്രീകൃത കഥ, തുടര്‍ച്ചയായ സെക്സ് രംഗങ്ങള്‍, അസഭ്യ വാക്കുകള്‍, ശ്രവണ സംബന്ധമായ അശ്ളീലം (ഓഡിയോ പോര്‍ണോഗ്രാഫി) എന്നിവയൊക്കെയാണ് സെര്‍ട്ടിഫിക്കെഷന്‍ നിരസിക്കാനുള്ള കാരണങ്ങളായി ഇന്ത്യയില്‍ സെന്‍സര്‍ ബോര്‍ഡ് ചൂണ്ടിക്കാട്ടിയത്.നാല് സ്ത്രീകളുടെ കഥ പറയുന്ന സിനിമയാണ് ‘ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ’. ബുര്‍ഖ ധരിച്ച കോളേജ് വിദ്യാര്‍ഥിനി, ചെറുപ്പക്കാരിയായ ബ്യൂട്ടീഷ്യന്‍, മൂന്ന് കുട്ടികളുള്ള ഒരമ്മ, 55 കാരിയായ, തന്‍റെ ലൈംഗികത്വം തിരിച്ചറിയുന്ന ഒരു വിധവ എന്നിവരെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.ചിത്രത്തില്‍ അഭിനയിക്കുന്നത് കൊങ്കണ സെന്‍ ശര്‍മ, രത്ന പതക്, ആഹാന കുംര, പ്ലബിത ബോര്‍തകുര്‍, സുശാന്ത് സിംഗ്, വൈഭവ് ത്രിവേദി എന്നിവരാണ്.
ആംസ്റ്റർഡാം ഫിലിം ഫെസ്റ്റിവലിൽ മാത്രമല്ല ഗ്ലാസ്ഗോ ഫിലിം ഫെസ്റ്റിവലിലും മികച്ച ഫീച്ചർ ചിത്രത്തിനുള്ള പ്രേക്ഷകരുടെ പുരസ്കാരം ‘ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ’ നേടിയിരുന്നു. കൂടാതെ, ടോക്കിയോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ സ്പിരിറ്റ് ഓഫ് ഏഷ്യ പ്രൈസും മുംബൈ ഫിലിം ഫെസ്റ്റിവലിൽ ഒക്സ്ഫാം അവാർഡും നേടിയിരുന്നു.