നാളത്തെ ഹര്‍ത്താല്‍ നിയമവിരുദ്ധം, പിന്‍വലിക്കണമെന്ന് ലോക്‌നാഥ് ബെഹ്‌റ

0

തിരുവനന്തപുരം: ചൊവ്വാഴ്ച സംസ്ഥാനത്ത് നടത്താനിരിക്കുന്ന ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന്‌ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഹർത്താൽ നടത്താൻ ഉദ്ദേശിക്കുന്ന സംഘടന 7 ദിവസം മുൻപ് നോട്ടിസ് നൽകണം. നാളത്തെ ഹർത്താൽ ആഹ്വാനം ചെയ്തിട്ടുള്ള സംഘടനകൾ നോട്ടിസ് നൽകാത്തതിനാൽ ഹർത്താൽ പ്രഖ്യാപനം നിയമവിരുദ്ധമാണ്. ഹർത്താലിൽ നാശനഷ്ടമുണ്ടായാൽ ഉത്തരവാദിത്തം സംഘടനകളുടെ ജില്ലാ–സംസ്ഥാന നേതാക്കൾക്കായിരിക്കുമെന്നും, അവരുടെ പേരിൽ നിയമനടപടി സ്വീകരിക്കുമെന്നും ഡിജിപി പറഞ്ഞു.

ഹര്‍ത്താലുമായി ബന്ധപ്പെട്ട സംഘടനകളുടെ പ്രതിഷേധ റാലിക്ക് യാതൊരു തടസ്സവുമില്ല, എന്നാല്‍ ഹര്‍ത്താല്‍ അനുവദിക്കില്ലെന്നും പോലീസ് മേധാവി പറഞ്ഞു. ഹര്‍ത്താല്‍ ആഹ്വാനവുമായി സംഘനകള്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണ നല്‍കാന്‍ പോലീസ് പ്രതിജ്ഞാബന്ധമാണെന്നും ബെഹ്‌റ വ്യക്തമാക്കി.

അതേസമയം ഹര്‍ത്താലുമായി മുന്നോട്ടു പോകുമെന്ന് പാലക്കാട് നടന്ന പത്രസമ്മേളനത്തില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഘടനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. പോരാട്ടം, എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ സംഘടനങ്ങള്‍ ചേര്‍ന്ന സംയുക്ത സമരസമിതിയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. നിർബന്ധിച്ച് കടകൾ അടപ്പിക്കുകയോ വാഹനം തടയുകയോ ചെയ്താൽ നിയമ നടപടി സ്വീകരിക്കും. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ അറസ്റ്റു ചെയ്യും. മുൻകരുതൽ അറസ്റ്റുകളും ഉണ്ടാകും. ഹർത്താലിനു മുന്നോടിയായി പൊലീസ് വിന്യാസം പൂർത്തിയായതായും ഡിജിപി പറഞ്ഞു.