ഇന്ന് മഹാനവമി; നവരാത്രി പുണ്യം നുകർന്ന് ഭക്തർ

0

തിന്മയ്‌ക്ക് മേൽ നന്മ വിജയം നേടിയ നവരാത്രി അനുഗ്രഹ നിറവിൽ ഇന്നു മഹാനവമി. ഒന്‍പതു ദിനങ്ങളില്‍ ഏറ്റവും പുണ്യ ദായകമായ ദിനമായാണ് മഹാനവമിയെ കണക്കാക്കുന്നത്. നവരാത്രി നാളുകളിലെ ആദ്യ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും പിന്നീടുള്ള മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജകള്‍ നടത്തുന്നു. പൂജവയ്പ്പിന്റെ രണ്ടാംനാളാണ് മഹാനവമി.ഒന്‍പതു ദിവസവും പൂജയും ചടങ്ങുകളുമായി ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നവരാത്രി ആഘോഷിക്കുന്നുവെങ്കിലും കേരളത്തില്‍ അവസാനത്തെ മൂന്നു ദിവസങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിവരുന്നത്.

ക്ഷേത്രങ്ങളിൽ സരസ്വതീപൂജ, ഗ്രന്ഥപൂജ, ആയുധപൂജ, വാഹനപൂജ എന്നിവയാണ് മഹാനവമി നാളിലെ സവിശേഷതകൾ. മഹാനവമി ദിവസമായ ഇന്നും ഗ്രന്ഥപൂജ, സരസ്വതീ പൂജ എന്നീ വിശേഷാൽ പൂജകൾ തൊഴാൻ ഭക്തജനങ്ങൾ എത്തും. നവരാത്രി പ്രമാണിച്ചു ക്ഷേത്രങ്ങളിലെ സരസ്വതീ മണ്ഡപത്തിൽ വൈകിട്ടു സംഗീതാർച്ചനകളും മറ്റു കലാപരിപാടികളും നടക്കും. രാത്രി നവരാത്രി വിളക്ക്, നിറമാല എന്നിവയും നടക്കും. വിജയദശമി ദിനമായ നാളെ രാവിലെ മുതൽ തന്നെ ക്ഷേത്രങ്ങക്ഷേത്രങ്ങളിൽ സരസ്വതീ പൂജ, വിദ്യാരംഭം എന്നിവ തുടങ്ങും. വിദ്യാരംഭത്തോടൊപ്പം പൂജയ്ക്കു വച്ച ഗ്രന്ഥങ്ങൾഎടുക്കുന്നതോടെ നവരാത്രി ആഘോഷങ്ങൾക്കു സമാപനമാകും.