മലയാളികളുടെ ഫുട്ബോള്‍ പ്രേമത്തെക്കുറിച്ച് ഒരു ആമുഖത്തിന്‍റെ ആവശ്യമില്ലല്ലോ.. ഇത്തവണത്തെ വാര്‍ത്ത ആ ഫുട്ബോള്‍ പ്രേമം സിംഗപ്പൂരിലെ ഒരു കൂട്ടം മലയാളി കൂട്ടുകാരെ അവരുടെ ഇഷ്ട ക്ലബായ മാന്‍ചെസ്റ്റര്‍ യുണൈറ്റഡിന്‍റെ ഹോം ഗ്രൗണ്ടില്‍ എത്തിച്ചതിനെക്കുറിച്ചാണ്.
ലോകത്തിലെ മാന്‍ചെസ്റ്റര്‍ യുണൈറ്റഡ് ഫാന്‍സിനെ ഏകോപിപ്പിക്കാന്‍ ഡി.എച്ച്.എല്‍ നടത്തുന്ന ആഗോള ഫുട്ബോള്‍ ടൂറില്‍ ജേതാക്കളായാണ് സിംഗപ്പൂരിലെ മലയാളി ചുണക്കുട്ടന്‍മാര്‍ മാന്‍ചെസ്റ്ററിലേക്ക് ടിക്കറ്റുറപ്പിച്ചത്. ജോലി കഴിഞ്ഞിട്ടുള്ള ശനിയും ഞായറും ബാഡ്മിന്‍റനും വോളിബോളും കളിക്കാനായി ഒത്ത് കൂടിയവര്‍, ഗ്രൂപ്പിന്‍റെ അംഗബലം കൂടിയപ്പോള്‍ ഫുട്ബോളിലേക്കും ശ്രദ്ധതിരിക്കുകയായിരുന്നു.
മാന്‍ചെസ്റ്റര്‍ യുണൈറ്റഡ് യുണൈറ്റഡ് കട്ട ഫാന്‍സായ ഇവര്‍ 2011-ല്‍ ഫുഡ്‌ബോള്‍ ക്ലബ് തുടങ്ങിയപ്പോള്‍ “മലബാര്‍ എസ്-ജി യുണൈറ്റഡ്” (Malabar SG United) എന്ന പേരാണ് നല്‍കിയത്. 2018-2019 ഡി.എച്ച്.എല്‍ യുണൈറ്റഡ് ഡെലിവേര്‍ഡ് ഗ്ലോബല്‍ ടൂറില്‍ ജേതാക്കളായി.. ലോകമെമ്പാടുമുള്ള 4500 ടീമുകളില്‍നിന്നും രണ്ടു ടീമുകളാണ് വിജയികളായത്. അതിലൊന്ന് “മലബാര്‍ എസ്-ജി യുണൈറ്റഡും”, മറ്റൊന്ന് ഗ്രീസില്‍ നിന്നുള്ള ഫുട്ബോള്‍ ക്ലബും.. സിംഗപ്പൂരിലെ അമിതമായ ചാര്‍ജ്ജുകള്‍ ഈടാക്കുന്ന ഗ്രൗണ്ടുകളില്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം കളിക്കാന്‍ ലഭിക്കുന്ന സാഹചര്യമാണ് ഇവരുടെ വിജയത്തെ പത്തരമാറ്റാക്കുന്നത്. സിംഗപ്പൂര്‍ ഗ്രൗണ്ടുകള്‍ രണ്ടു മണിക്കൂറിനേക്ക് 200 ഡോളര്‍ മുതല്‍ 280 ഡോളര്‍ വരെയാണ് ഈടാക്കുന്നത്.
“മലബാര്‍ എസ്-ജി യുണൈറ്റഡ്” തിങ്കളാഴ്ച ഫൈനലില്‍ ഗ്രീസിന്‍റെ ടീമിനെ മാന്‍ചെസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡ് സ്റ്റേഡിയത്തില്‍ വെച്ച് നേരിടും. പൂര്‍ണ്ണ സ്പോണ്‍സര്‍ഷിപ്പോടെ വിഐപി പരിഗണനയില്‍ മാന്‍ചെസ്റ്ററിലേക്ക് പറക്കുന്ന “മലബാര്‍ എസ്-ജി യുണൈറ്റഡ് താരങ്ങള്‍ ആവേശത്തിലാണ്. അവര്‍ മലയാളികള്‍ക്കും ഇന്ത്യന്‍ ഫുഡ്‌ബോള്‍ പ്രേമികള്‍ക്കും പ്രചോദനമാണ്.. അവര്‍ മാന്‍ചെസ്റ്ററിന്‍റെ ഗ്രൗണ്ടിലും വെന്നിക്കൊടി പാറിക്കട്ടെ..