ആലുവ:നടൻ സത്താർ (67)അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് പുലർച്ചെ ആയിരുന്നു അന്ത്യം. മൃതദേഹം കടുങ്ങല്ലൂരിലെ സത്താറിന്റെ വീട്ടിലേക്ക് കൊണ്ടു പോയി. സംസ്കാരം ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂർ ജുമാ മസ്ജിദിൽ വൈകിട്ട് നാല് മണിക്ക് നടക്കും. മൂന്നു മാസമായി രോഗ ബാധിതനായി ചികിത്സയിലായിരുന്നു സത്താർ.
എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് സത്താർ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.മലയാള സിനിമയില്‍ നായകനായും പ്രതിനായകനായും തിളങ്ങി.
തമിഴ് തെലുങ്ക് ഭാഷകളിൽ അഭിനയിച്ചു. ബെൻസ് വാസു, ഈ നാട്, ശരപഞ്ചരം, അവളുടെ രാവുകൾ എന്നിങ്ങനെ 80കളിലെ ഹിറ്റ്ചിത്രങ്ങളിൽ അഭിനയിച്ചു. 1976ൽ പുറത്തിറങ്ങിയ അനാവരണമാണ് നായകനായി എത്തിയ ആദ്യ ചിത്രം.
2003-ന് ശേഷം അഭിനയരംഗത്ത് സജീവമായിരുന്നില്ല. എന്നാൽ 2012-ൽ 22 ഫീമെയിൽ കോട്ടയം, 2013-ൽ നത്തോലി ചെറിയ മീനല്ല എന്നീ ചിത്രങ്ങളിൽ സത്താർ ചെയ്ത വേഷങ്ങൾ ശ്രദ്ധ നേടി. 2014-ൽ പുറത്തിറങ്ങിയ പറയാൻ ബാക്കി വച്ചതാണ് അവസാനം അഭിനയിച്ച ചിത്രം.
സിനിമാരംഗത്ത് സജീവമായി നിൽക്കുന്നതിനിടെ 1979-ൽ ആണ് നടി ജയഭാരതിയെ സത്താർ വിവാഹം ചെയ്യുന്നത്. സത്താർ – ജയഭാരതി ദമ്പതികളുടെ മകനാണ് ചലച്ചിത്ര നടൻ കൂടിയായ കൃഷ് ജെ സത്താർ. ജയഭാരതിയും സത്താറും പിന്നീട് വഴിപിരിഞ്ഞു. സത്താറിന്റെ മരണസമയത്ത് കൃഷ് ജെ സത്താർ ഒപ്പമുണ്ടായിരുന്നു.