വിമാനം റാഞ്ചിയത് ഇന്ത്യയില്‍ ട്രേഡ് സെന്‍റര്‍ മോഡല്‍ ആക്രമണം ലക്ഷ്യമിട്ടെന്ന് അമേരിക്ക

0

ക്വാലാലംപൂര്‍: മലേഷ്യന്‍ വിമാനമായ എംഎച്ച്‌ 370 റാഞ്ചിയത്‌ ഇന്ത്യയില്‍ ഭീകരാക്രമണം നടത്താനെന്ന സംശയം ബലപ്പെടുന്നു. വേള്‍ഡ്‌ ട്രേഡ്‌ സെന്റെര്‍ ആക്രമത്തിന്‌ സമാനമായ ഭീകരാക്രമണം ഇന്ത്യന്‍ നഗരത്തില്‍ നടത്താനുള്ള ആസൂത്രണത്തിന്റെ ഭാഗമായാണ്‌ വിമാനം റാഞ്ചലിന്‌ പിന്നിലുള്ളതെന്ന സംശയമാണ്‌ ഇപ്പോള്‍ ഉയരുന്നത്‌. അമേരിക്കയില്‍ നിന്നാണ് ഇത്തരമൊരു റിപ്പോര്‍ട്ട് വന്നിരിക്കുന്നത്..അതേസമയം വിമാനം റാഞ്ചിയത്‌ തന്നെയാണെന്ന്‌ മലേഷ്യന്‍ അധികൃതര്‍ ഔദ്യോഗികമായി സ്‌ഥിരീകരിച്ചു.

വിമാന റാഞ്ചികളുടെ ലക്ഷ്യം ഇന്ത്യന്‍ നഗരത്തില്‍ 9/11 ആക്രമണം നടത്തലായിരിക്കാമെന്ന് മുന്‍ അമേരിക്കന്‍ ഡെപ്യൂട്ടി വിദേശകാര്യ സെക്രട്ടറി സ്‌ട്രോബ് ടാല്‍ബോട്ട് ട്വീറ്റ് ചെയ്തു. കഴിഞ്ഞ എട്ടിന് കാണാതായ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായ ശേഷം പാക് വ്യോമപാതയിലൂടെ സഞ്ചരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ഇന്നലെ പുറത്തുവന്നിരുന്നു.
 
വിമാനം തകര്‍ന്നുവീണതായി ഇതുവരെ സ്ഥിരീകരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ അത്തരമൊരു സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നും സ്‌ട്രോബിനെ ഉദ്ധരിച്ചു കൊണ്ട് ന്യൂയോര്‍ക്ക് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.എന്നാല്‍ ഇന്ത്യയില്‍ എവിടെയാണ് ആക്രമണം ഉണ്ടാവുകയെന്നത് സംബന്ധിച്ച് സൂചന നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. നിശ്ചിത പാതയില്‍ നിന്ന് വിമാനം വ്യതിചലിച്ച് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിയതും ഇന്ധന ശേഖരവും മറ്റും വച്ച് നോക്കുകയാണെങ്കില്‍ ഇന്ത്യയില്‍ ആക്രമണം നടത്താനായിരിക്കണം റാഞ്ചികള്‍ പദ്ധതിയിട്ടാണ് കരുതേണ്ടതെന്നും സ്‌ട്രോബ് പറയുന്നു.
 
വിമാനത്തിലെ യാത്രക്കാരെയും പൈലറ്റുമാരുള്‍പ്പെടെയുള്ള 12 ജീവനക്കാരെയും കുറിച്ച് വീണ്ടും അന്വേഷണം തുടങ്ങിയിട്ടുണ്ട്.