മലേഷ്യൻ വിസ തട്ടിപ്പിനെക്കുറിച്ച് വീണ്ടും

0

മലേഷ്യയിൽ വിസ തട്ടിപ്പിന് ഇരയാകുന്നവരുടെ കഥനകഥകൾ ദിവസവും പുറത്തു വന്നുകൊണ്ടിരിന്നു 
അതേ സമയം പുതിയ ഇരകൾ മലേഷ്യയിലേക്ക് കയറി വന്നുകൊണ്ടിരിക്കുന്നു 
എന്തൊരു കഷ്ടമാണിത്!

ഇന്നുണ്ടായ ഒരു സംഭവം പറയാം 
വേൾഡ് മലയാളി അസോസിയേഷന്റെ (WMF) മലേഷ്യൻ ഘടകം, വിസ തട്ടിപ്പ് അടക്കം വിവിധ പ്രശ്നങ്ങളിൽ അകപ്പെടുന്ന മലയാളികളെ സഹായിക്കാൻ വേണ്ടി ഒരു ഹെൽപ് ലൈൻ നടത്തുന്നുണ്ട്. നിരവധി പേരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും പരിഹരിക്കുകയും നിയമോപദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്, 
സേവന സന്നദ്ധരായ സംഘടനയുടെ പ്രവർത്തകർ സമയവും പണവും ചെലവഴിച്ച് നിരവധി പേരെ സഹായിക്കുന്നുണ്ട്. 
ഹെൽപ്‌ലൈൻ ഗ്രൂപ്പിൽ ഇന്നൊരു മെസ്സേജ് വന്നു. 
വിസ കൊടുക്കാം എന്ന് വാഗ്ദാനം ചെയ്ത് നാട്ടിൽ നിന്ന് വിസിറ്റ് വിസയിൽ കൊണ്ടുവന്ന ചിലർ കുടുങ്ങിയിരിക്കുന്നു, സഹായിക്കണം. ഇവരുടെ പാസ്സ്പോർട്ടും ഫോട്ടോയും കണ്ടപ്പോൾ ഒരാളെ നല്ല പരിചയം! .  കക്ഷി ഏതാനും ദിവസങ്ങൾക്ക് മുമ്പ് നാട്ടിൽ നിന്ന് മെസ്സഞ്ചർ വഴി ബന്ധപ്പെട്ടിരുന്നു, മലേഷ്യയിലേക്ക് 
ഡാറ്റ എൻട്രി ഓപ്പറേറ്റർ ആയി ജോലി ചെയ്യാൻ വിസ കിട്ടിയിട്ടുണ്ട്, ഒന്ന് നോക്കാമോ ഇത് ഒറിജിനലാണോ എന്നാണ് ചോദ്യം, കക്ഷി അയച്ചു തന്ന വിസയുടെ കോപ്പിയാണ് താഴെ. 
മലേഷ്യയിൽ വന്ന് 15 ദിവസം തങ്ങാനുള്ള ടൂറിസ്റ്റ് വിസയാണത്. ഇത് തട്ടിപ്പാണ് പോയാൽ പെടും, മലേഷ്യയിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നൊരു പോസ്റ്റിൽ വിദേശികൾക്ക് തൊഴിൽ കൊടുക്കുന്നില്ല നിങ്ങൾ കാശ് വല്ലതും കൊടുത്തിട്ടുണ്ടെങ്കിൽ നാട്ടിൽ നിന്ന് തന്നെ വാങ്ങിയെടുത്തോളൂ, ടിക്കറ്റിന്റെ പൈസ കൂടി കളയണ്ട എന്ന് ഉപദേശിച്ച് വിട്ടതാണ്, ഇപ്പഴിതാ കുടുങ്ങിക്കിടക്കുന്നു!

നാട്ടിലെ തൊഴിലില്ലായ്മയും, വിദേശത്ത് തൊഴിൽനേടാനുള്ള ആഗ്രഹവുമൊക്കെ ചെറുപ്പക്കാർക്ക് ഉണ്ടാവും 
ദയവു ചെയ്ത് മനസ്സിലാക്കുക

1. മലേഷ്യയിൽ ഇന്ത്യക്കാർക്ക് തൊഴിൽ ലഭിക്കുന്നത് വളരെക്കുറച്ച് തസ്തികകളിൽ മാത്രമാണ്, 
ഐടി മേഖലയിലെയും മറ്റും പ്രൊഫഷനലുകൾക്ക് മാത്രമാണ് മലേഷ്യയിൽ കാര്യമായ തൊഴിൽ അവസരമുള്ളത്. 
അഡ്മിനിസ്ട്രേഷൻ/ അക്കൗണ്ടിംഗ്/ സെയിൽസ് തുടങ്ങിയ തസ്തികകളിൽ വിദേശികൾക്ക് ജോലി കിട്ടുകയേ ഇല്ല, നൂറു ശതമാനം സ്വദേശി വത്കൃതമാണ് (റെസ്റ്റോറന്റ് കുക്ക്, സൂപ്പർമാർക്കെറ്റ് സെയിൽസ്മാൻ, ഫാക്റ്ററി ജോലികൾ, കൃഷി എന്നിവക്ക് നേരത്തെ വിസ അനുവദിച്ചിരുന്നു, ഇപ്പോഴും കിട്ടുന്നുണ്ട് പക്ഷെ വളരെ കുറവാണ്,)

2. വിസിറ്റ് വിസയിൽ വന്ന്, തൊഴിൽ കണ്ടു പിടിച്ച് തൊഴിൽ വിസയിലേക്ക് മാറുന്ന ഗൾഫിൽ നടക്കുന്ന പരിപാടി മലേഷ്യയിൽ ഇല്ല. വിസ അതാത് രാജ്യങ്ങളിൽ നിന്ന് സ്റ്റാമ്പ് ചെയ്ത തന്നെ വരണം (ഇതിന്റ വിശദാംശങ്ങൾ മുമ്പൊരു പോസ്റ്റിൽ എഴുതിയിട്ടുണ്ട്)

3. ഇവിടെ വന്നു പെട്ടാൽ/ ഓവർ സ്റ്റേ ആയാൽ ജയിലിൽ പോകേണ്ടി വരും , മലേഷ്യൻ ജയിലുകളിലെ അവസ്ഥ വളരെ പരിതാപകരമാണ്, ജയിൽ ശിക്ഷ കഴിയുന്നവർക്ക് ടിക്കെറ്റെടുത്ത് കൊടുത്ത് നാട്ടിലേക്ക് വിടാനുള്ള സൗകര്യം ചെയ്യാൻ മാത്രമേ പുറത്തിരിക്കുന്നവർക്ക് കഴിയൂ…

4, ഒരു ഭാഗ്യ പരീക്ഷണം എന്ന നിലക്കാണ് പലരും വരുന്നത്, പരീക്ഷിക്കണ്ട. കയ്യിലെ കാശ് നഷ്ടപ്പെടുത്തി കഷ്ടപ്പാടും സഹിച്ച് ആ ഭാഗ്യ പരീക്ഷണം നടത്തിയവരൊക്കെ പെട്ടിട്ടേയുള്ളൂ,ആളുകൾ ഇങ്ങനെ നിരന്തരം വന്നുപെട്ടാൽ നമ്മൾ എന്ത് ചെയ്യും എന്നാണ് ഇന്ന് ഹെൽപ് ലൈനിൽ ചിലർ നെടുവീർപ്പിട്ടത്.

മലേഷ്യയിലേക്ക് ജോലിക്ക് വരുംമുമ്പ് പലതവണ ചിന്തിക്കുക. തട്ടിപ്പല്ലെന്ന് ഉറപ്പുവരുത്തുക, ഭാഗ്യം പരീക്ഷിച്ചു വന്ന നിരവധി പേർ ജയിലിൽ ഉണ്ടെന്ന് അറിയുക.