മലേഷ്യയില്‍ മതപഠനകേന്ദ്രത്തില്‍ തീപിടിത്തം; കുട്ടികളടക്കം 25 പേര്‍ മരിച്ചു

0

മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ മതപഠനശാലയിലുണ്ടായ തീപിടിത്തത്തില്‍ 23 കുട്ടികളും രണ്ട് വാര്‍ഡന്‍മാരും മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തഹ്ഫീസ് ദാറുല്‍ ഖുറാന്‍ ഇത്തിഫാഖിയ സ്‌കൂളിലാണ് തീപിടിത്തമുണ്ടായത്. ഖുറാന്‍ പഠിപ്പിക്കുന്ന സ്‌കൂള്‍ ആണിത്. അഞ്ച് മുതല്‍ 18 വയസ് വരെയുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കുട്ടികള്‍ ഉറങ്ങിയിരുന്ന, കെട്ടിടത്തിന്റെ മുകളിലത്തെ നില പൂര്‍ണമായും കത്തിനശിച്ചു. രക്ഷിതാക്കളും കെട്ടിടത്തിന് പുറത്ത് തടിച്ചുകൂടിയിരിക്കുകയാണ്. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി.  കഴിഞ്ഞ 20 വര്‍ഷത്തിനിടെ മലേഷ്യയിലുണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമാണിത്. തീയില്‍ പെട്ടും പുക ശ്വസിച്ചുമായിരിക്കും ഇത്രയും പേര്‍ മരിച്ചതെന്ന് അധികൃതര്‍ പറയുന്നു. ദുരന്തത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.