ക്രിസ്മസിന്‍റെ ആഘോഷാരവവങ്ങളോടുകൂടിയാണ് ഓരോ ഡിസംബറും പിറന്നു വീഴുന്നത്. നക്ഷത്ര തിളക്കം കൊണ്ടും കരോൾഗാനങ്ങൾകൊണ്ടും സമ്പുഷ്ടമായ മഞ്ഞുമൂടിയ ക്രിസ്മസ്സിനെ കുറിച്ച് ഓരോ രാജ്യക്കാർക്കും വ്യത്യസ്തമായ കഥകളുണ്ടാകും പറയാൻ. നമ്മൾ മലയാളികൾക്കും പ്രത്യേകിച്ച് മലബാറുകാർക്കുമുണ്ട് ക്രിസ്മസ്സിനെകുറിച്ച് ഒരുഗ്രൻ കഥ പറയാൻ.എന്താണെന്നല്ലേ, മൂന്നു ‘സി’ (സർക്കസ്, ക്രിക്കറ്റ്, കേക്ക്,) കളുടെ നാടായ തലശ്ശേരിയുടെ കഥ. മാമ്പള്ളി ബാപ്പു എന്ന നളനാണു ഈ കഥയിലെ നായകൻ.
1880ൽ കേരളത്തിലാദ്യമായി ഒരു ബേക്കറി തുടങ്ങിയത് മമ്പള്ളി ബാപ്പുവാണ്. ഈ കാലഘട്ടത്തിൽ മലബാറുകാരെല്ലാം ബ്രിട്ടീഷുകാരുടെ സേവകരായിരുന്നു. അങ്ങനെയിരിക്കെ ഒരുദിവസം മർഡോക് ബ്രൗൺ സായിപ്പ് മാമ്പള്ളി ബിസ്ക്കറ്റ് ഫാക്ടറിയിൽ എത്തി ബാപ്പുവിനു ഒരു കഷ്ണം കേക്ക് നൽകി അതുപോലൊരെണ്ണം ഉണ്ടാക്കികൊടുക്കാൻ പറഞ്ഞുവത്രേ. ബിസ്ക്കറ്റ് നിർമാണത്തിൽ അഗ്രഗണ്യനായ ബാപ്പു, അന്ന് ആദ്യമായിട്ടാണ് കേക്ക് കാണുന്നത്. കേക്കിന്‍റെ കൂട്ടറിയാതെ പകച്ചു നിന്ന ബാപ്പുവിന് സായിപ്പ് കേക്കിന്റെ രുചികൂട്ടുപറഞ്ഞു കൊടുത്തു. ബാപ്പു ബ്രിട്ടീഷുകാരുടെ രുചിക്കൂട്ടിൽ നിന്നും വ്യത്യസ്തമായി തന്‍റെതായ പൊടികൈകൾ ചേർത്ത കേക്ക് ഉണ്ടാക്കി നൽകി. ബാപ്പുവിന്‍റെരുചിക്കൂട്ടിൽ മയങ്ങിയ സായിപ്പു ഒരു ഡസൻ കേക്കിനുള്ള ഓർഡർ കൊടുത്താണ് മാമ്പള്ളി ബിസ്ക്കറ്റ് ഫാക്ടറിയിൽ നിന്നും തിരിച്ചുനടന്നത്.
ആ തിരിച്ചു നടത്തം തലശ്ശേരിയുടെ ചരിത്രത്തിലെ പുതിയ നാഴിക കല്ലായിരുന്നു. അവിടന്നങ്ങോട്ട് ബാപ്പു തുറന്നിട്ട വഴികളിലൂടെ അദ്ദേഹത്തിന്‍റെ മക്കളും സഞ്ചരിച്ചു. കോഴിക്കോട്ട് മിഠായിത്തെരുവിൽ മോഡേൺ ബേക്കറി, കൊച്ചിയിൽ കൊച്ചിൻ ബേക്കറി, തിരുവനന്തപുരം പുളിമൂട്ടിൽ ശാന്ത ബേക്കറി, നാഗർകോവിൽ ടോപ്സ് ബേക്കറി, ബെസ്റ്റ് ബേക്കറി, കെ.ആർ ബേക്കറി.
അങ്ങനെ കേരളം ഉടനീളം ബാപ്പുവിന്‍റെ പാരമ്പര്യവും കൈപ്പുണ്യവും പരന്നൊഴുകിക്കഴിഞ്ഞു.ലോകമെമ്പാടുമുള്ള വിശ്വാസികൾ ആഘോഷാരവങ്ങളോടെ ക്രിസ്‌മസ്സിനെ വരവേൽക്കുമ്പോൾ. ഈ കുഞ്ഞു ചരിത്രത്തിന്‍റെ മധുരം നുണഞ്ഞുകൊണ്ട് നമുക്കും ആഘോഷങ്ങൾക്ക് തുടക്കമിടാം.
.