അജ്മാന്‍: വാട്സ്ആപ് ഗ്രൂപ്പില്‍ നിന്ന് ലഭിച്ച ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് യുവതിയെ ബ്ലാക് മെയില്‍ ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. 23കാരനായ ഏഷ്യക്കാരനെയാണ് അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയും സുഹൃത്തുക്കളും അംഗങ്ങളായ വാട്സ്ആപ് ഗ്രൂപ്പില്‍ ഇവര്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഗ്രൂപ്പില്‍ അംഗമായിരുന്ന ഒരാള്‍ ഒരു വര്‍ഷം മുന്‍പ് തന്റെ മൊബൈല്‍ നമ്പര്‍ മാറ്റിയിരുന്നു. എന്നാല്‍ ഈ നമ്പര്‍ വാട്സ്ആപ് ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കിയിരുന്നില്ല. പ്രതിയായ യുവാവ് മൊബൈല്‍ കണക്ഷനെടുത്തപ്പോള്‍ ഇതേ നമ്പറാണ് ലഭിച്ചത്. വാട്സ്ആപ് ഉപയോഗിച്ച് തുടങ്ങിയപ്പോള്‍ ഗ്രൂപ്പിലെ സന്ദേശങ്ങളും ചിത്രങ്ങളും ഇയാള്‍ക്കും ലഭിക്കാന്‍ തുടങ്ങി.
20 ക്കാരിയായ യുവതിയുടെ ചിത്രത്തോടൊപ്പം മറ്റൊരാളുടെ ചിത്രം എഡിറ്റ് ചെയ്ത് കൂട്ടിച്ചേര്‍ത്തത് യുവാവ് പണം ആവശ്യപ്പെടുകയും ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി പെടുത്തുകയും ചെയ്തപ്പോൾ യുവതി പോലീസിൽ പരാതിപെടുകയായിരുന്നു. ഉടന്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തതായി അല്‍ ഹാമിദിയ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ പറഞ്ഞു.