ഡൽഹി: മണിപ്പൂരിൽ കലാപതീയണയുന്നില്ല. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്തെത്താനിരിക്കെ പലയിടങ്ങളിലും സംഘർഷം തുടരുകയാണ്. അതിനിടെ, വീടുകൾക്ക് തീയിട്ട് 22 പേര്‍ അടക്കം 25 അക്രമികളെ പിടികൂടിയെന്ന് സൈന്യം അറിയിച്ചു. ഇവരില്‍ നിന്നായി ചൈനീസ് ഗ്രെനേഡും വൻ ആയുധശേഖരവും പിടിച്ചെടുത്തു. അതേസമയം, വിഷയത്തില്‍ അടിയന്തര ഇടപെടൽ തേടി പ്രതിപക്ഷം നാളെ രാഷ്ട്രപതിയെ കാണും.
ഇന്നലെ രാത്രി ഇംഫാലിലെ സെരോയ് സുഗുണു മേഖലയിലുണ്ടായ സംഘർഷത്തിലാണ് പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. ഇതോടെ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 80 ആയി. ഓട്ടോമാറ്റിക് ആയുധങ്ങളടക്കം ഉപയോഗിച്ച് അക്രമം നടത്തിയവരാണ് ഇവരെന്ന് പൊലീസ് പറയുന്നു. സൈന്യവും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിൽ ന്യൂ ചെക്കോൺ മേഖലയിൽ നിന്നും മൂന്ന് പേരെ ചൈനയിൽ നിർമ്മിച്ച ഗ്രെനേഡും മറ്റ് ആയുധങ്ങളുമായി പിടികൂടി.
ഇംഫാലിലെ സൻസാബി, ഗ്വാൽതാബി, ഷാബുങ്ഖോൾ, ഖുനാവോ ഗ്രാമങ്ങളിൽ വ്യാപകമായി വീടുകൾക്ക് തീയിട്ട 22 പേരെയും സൈന്യം പിടികൂടി. ഇവരിൽ നിന്നും ഡബിൾ ബാരൽ തോക്കുകളടക്കം വൻ ആയുധശേഖരവും കണ്ടെത്തി. സംസ്ഥാനത്ത് പലയിടങ്ങളിലായി സൈന്യത്തിന്റെ തെരച്ചിൽ തുടരുകയാണ്.