ഒരു സ്ത്രീയ്ക്ക് തനിച്ച് എത്ര ദൂരം സഞ്ചരിക്കാം എന്നതിന്റെ ഉത്തരമാണ് ജയലളിത, വൈറലായി മഞ്ജുവാര്യരുടെ പോസ്റ്റ്

0

ഇന്നലെ അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ആദരാഞ്ജലികളുമായി നടി മ‍ഞ്ജുവാര്യരുടെ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഫിദല്‍ കാസ്ട്രോയുടെ ചരമത്തില്‍ അനുശോചനം രേഖപ്പെടുത്തി മ‍ഞ്ജു എഴുതിയ പോസ്റ്റില്‍ ജിവിതത്തില്‍ തോല്‍ക്കാന്‍ തയ്യാറാകാതിരുന്നതിന്റെ മാതൃക എന്ന പരാമര്‍ശം ദിലീപിന് നേരെയുള്ള ഒളിയമ്പായിരുന്നു എന്ന തരത്തില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ജയലളിതയുടെ മരണത്തില്‍ മഞ്ജു ഇട്ട വാക്കുകളും ഇത് പോലെ ചര്‍ച്ചയാവുകയാണ്. ഒരു സ്ത്രീയ്ക്ക് തനിച്ച് എത്ര ദൂരം സഞ്ചരിക്കാം എന്നതിന്റെ ഉത്തരമാണ് ജയലളിത എന്ന മഞ്ജുവിന്റെ പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്,

മരണം ലജ്ജിച്ചാകും ജയലളിതയുടെ കിടക്കയ്ക്ക് അരികില്‍ നിന്ന് മടങ്ങുന്നത് എന്ന മുഖവുരയോടെ ആരംഭിച്ച പോസ്റ്റില്‍ അവസാനമായാണ് ഈ വരി ചേര്‍ത്തിട്ടുള്ളത്. മഞ്ജുവാര്യര്‍ വിവാഹിതയാകാന്‍ പോകുന്നു എന്ന വാര്‍ത്തയ്ക്ക് മ‍ഞ്ജു പറയാതെ പറഞ്ഞ മറുപടിയായാണ് സോഷ്യല്‍ മീഡിയ ഈ പോസ്റ്റിനെ എടുത്തിരിക്കുന്നത്. മാത്രമല്ല മഞ്ജുവിന്‍റെ ഈ പോസ്റ്റിനു താഴെ വിവാഹിതയാകാതെ ജീവിക്കാനാണോ തീരുമാനം എന്ന ചോദ്യവും ഒപ്പം അനുകൂലിച്ചും, പിന്‍താങ്ങിയുമെല്ലാം കമന്റുകള്‍ വന്ന് നിറയുകയാണ്.

സാധാരണ കുടുംബത്തില്‍ ജനിച്ച് ആദ്യം നർത്തകിയായി, പിന്നെ സിനിമയിലൂടെ രാഷ്ട്രീയത്തിലെത്തി ഒരു ജനതയെക്കൊണ്ടുമുഴുവന്‍ അമ്മയെന്നു വിളിപ്പിച്ച ആ ജീവിതത്തിലുടനീളം തോല്‍വികളാണ് ജയങ്ങളുടെ ചവിട്ടുപടികളൊരുക്കിക്കൊടുത്തത്. മിന്നാമിനുങ്ങ് നക്ഷത്രത്തിലേക്കും ഒടുവിൽ സൂര്യനിലേക്കും പരിണമിക്കുന്നതുപോലൊരു വളർച്ചയായിരുന്നു അത്. എന്നും മഞ്ജു കുറിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം

എന്തുമാത്രം പ്രയത്‌നം വേണ്ടിവന്നു ഒന്നു കീഴടക്കാന്‍! അവസാനനിമിഷംവരെയും ജയലളിതയായിരിക്കുക എന്നതിലൂടെ അവര്‍ മൃത്യുവിനെയും ജയിക്കുകയാണ്. പക്ഷേ ലളിതമായിരുന്നില്ല, ജയലളിതയുടെ ജയങ്ങൾ. സാധാരണ കുടുംബത്തില്‍ ജനിച്ച് ആദ്യം നർത്തകിയായി, പിന്നെ സിനിമയിലൂടെ രാഷ്ട്രീയത്തിലെത്തി ഒരു ജനതയെക്കൊണ്ടുമുഴുവന്‍ അമ്മയെന്നു വിളിപ്പിച്ച ആ ജീവിതത്തിലുടനീളം തോല്‍വികളാണ് ജയങ്ങളുടെ ചവിട്ടുപടികളൊരുക്കിക്കൊടുത്തത്. മിന്നാമിനുങ്ങ് നക്ഷത്രത്തിലേക്കും ഒടുവിൽ സൂര്യനിലേക്കും പരിണമിക്കുന്നതുപോലൊരു വളർച്ചയായിരുന്നു അത്. എതിരാളികള്‍ക്ക് പലതും പറയാനുണ്ടെങ്കിലും തമിഴ്മക്കളുടെ തായ്മരമായി പതിറ്റാണ്ടുകളോളം പന്തലിച്ചുനില്‍ക്കുക എന്നത് നിസാരകാര്യമല്ല. ഒറ്റയ്ക്ക് അവര്‍ ജയിച്ച വിപ്ലവങ്ങളെ കടലിനെ തന്നിലേക്കുകൊണ്ടുവന്ന നദിയെന്നുവിളിക്കാം. ഒരു സ്ത്രീക്ക് തനിച്ച് എത്രദൂരം സഞ്ചരിക്കാം എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയായിരുന്നു ജയലളിത. സമാനതകളില്ലാതെ യാത്രയാകുന്ന നായികയ്ക്ക് പുരൈട്ചി വണക്കം.