പാലക്കാടൻ ഗ്രാമീണ പശ്ചാത്തലത്തിൽ തീർത്തും ലളിതമായൊരു കഥയെ മനോഹരമായി പറഞ്ഞവതരിപ്പിക്കുന്ന ഒരു കൊച്ചു സിനിമ എന്ന് പറയാം.
സാങ്കേതിക വിദ്യയുടെ വളർച്ചയിൽ അവസരങ്ങൾ കുറഞ്ഞു പോകുന്ന ഒരു ആർട്ടിസ്റ്റിന്റെ മാനസിക വിചാരങ്ങളും സംഘർഷങ്ങളുമൊക്കെ കാണിക്കുന്നതോടൊപ്പം തന്നെ സാങ്കേതിക വിദ്യയുടെ പിന്തുണയിൽ തൊഴിലെടുക്കുന്നവരുടെ പിരിമുറുക്കങ്ങളും വെല്ലുവിളികളും കൂടി ബോധ്യപ്പെടുത്തി തരുന്നുണ്ട് സിനിമ.
ഫ്ളക്സിന്റെ കടന്നു വരവോടു കൂടെ അന്യം നിന്ന് പോയ ചുമരെഴുത്തും പെയിന്റിംഗ് കലയുമൊക്കെ പരാമർശിക്കപ്പെടുന്ന പല സീനുകളിലും നമ്മൾ പണ്ട് കണ്ടു മറന്ന സുന്ദരമായ ചുവരെഴുത്തുകളും ചിത്രങ്ങളുമൊക്കെ ഓർത്തു പോകും. അന്ന് വലിയ ബോർഡിൽ വരച്ചിരുന്നവരും തുണിയിൽ എഴുതിയിരുന്നവരുമൊക്കെ പിന്നീടെന്ത് ജോലിക്ക് പോയിക്കാണും എന്ന് ചിന്തിച്ചു പോകുന്നു.
മനോഹരന്റെ ജീവിതവും കാഴ്ചപ്പാടുകളും അയാൾക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളും, അതിനെയെല്ലാം അയാൾ നേരിടുന്ന ശൈലിയുമൊക്കെ ഗംഭീരമായി തന്നെ വിനീത് ഏറ്റെടുത്തു വിജയിപ്പിച്ചിട്ടുണ്ട്. ഒരു നടനെന്ന നിലക്ക് വിനീതിന്റെ കരിയറിലെ ഗ്രാഫ് ഉയർത്തി കാണിക്കുന്നു മനോഹരനായിട്ടുള്ള അയാളുടെ ഭാവ പ്രകടനങ്ങൾ.
വിനീതിന്റെ മനോഹരന്റെ മാത്രമല്ല, ബേസിലിന്റെ പ്രഭുവിന്റെയും, ഇന്ദ്രൻസിന്റെ വർഗ്ഗീസേട്ടന്റെയും കൂടി പ്രകടന മികവാണ് ‘മനോഹര’ത്തെ മനോഹരമാക്കുന്നത്. ഒരർത്ഥത്തിൽ മനോഹരന്റെയും പ്രഭുവിന്റെയും വർഗ്ഗീസേട്ടന്റേയുമൊക്കെ സൗഹൃദത്തിന്റെയും ആത്മബന്ധത്തിന്റെ കൂടിയാണ് ‘മനോഹരം’.
പാലക്കാടൻ നാട്ടു ഭംഗി ഒപ്പിയെടുത്ത ജെബിൻ ജേക്കബിന്റെ ഛായാഗ്രഹണവും നിമേഷിന്റെ കലാസംവിധാനവും സഞ്ജീവ് തോമസിന്റെ സംഗീതവുമൊക്കെ ഈ കൊച്ചു സിനിമയെ മനോഹരമാക്കി മാറ്റുന്നതിൽ പ്രധാന പങ്കു വഹിച്ചു.
‘ഓർമ്മയുണ്ടോ ഈ മുഖം’ സിനിമയിൽ നിന്ന് തന്റെ രണ്ടാമത്തെ സിനിമയിലേക്കുള്ള കുറഞ്ഞ ദൂരത്തിനിടയിൽ അൻവർ സാദിഖ് എന്ന സംവിധായകന് തന്റെ നില മെച്ചപ്പെടുത്താൻ സാധിച്ചിട്ടുണ്ട് എന്ന് നിസ്സംശയം പറയാം.
വലിയ കാൻവാസിൽ കഥ പറയുന്ന ഒരു സിനിമ അല്ലാഞ്ഞിട്ടു കൂടി, കുറഞ്ഞ കഥാപാത്രങ്ങളെയും വച്ച് കൊണ്ട് ഇങ്ങനൊരു ചെറിയ കഥയെ ഹൃദയ ഭാഷയിൽ പറഞ്ഞവതരിപ്പിക്കുന്നതിനൊപ്പം ഓരോ സീനിലും അടുത്തതെന്ത് എന്ന ആകാംക്ഷയോടെ സ്ക്രീനിലേക്ക് കണ്ണ് നട്ടിരിക്കാൻ പ്രേരിപ്പിക്കുന്ന വിധം പ്രേക്ഷകനെ സിനിമയിലേക്ക് വലിച്ചടുപ്പിക്കുന്ന ആ മാജിക്ക് തന്നെയാണ് ‘മനോഹര’ത്തിന്റെ വിജയം.
©bhadran praveen sekhar