കുളുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ അപകടം: മരണം 42 ആയി

0

ഹിമാചല്‍പ്രദേശിലെ കുളുവില്‍ ബസ് കൊക്കയില്‍ മറിഞ്ഞ അപകടത്തില്‍ മരണം 42 ആയി. മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. ബസിനു മുകളിൽ യാത്രക്കാർ കയറിയിരുന്നതാണു മരണസംഖ്യ കൂടാൻ കാരണമെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കുളു ജില്ലയിലെ ധോത് മോറിലാണ് അപകടമുണ്ടായത്. കുളുവില്‍ നിന്ന് ഗഡ ഗുഷെയ്‌നിയിലേയ്ക്ക് പോയ സ്വകാര്യ ബസ് ആണ് അപകടത്തില്‍ പെട്ടത്. യാത്രക്കാരെ ബസിനകത്തും പുറത്തുമായി താങ്ങാനാവാത്ത വിധം ഉള്‍പ്പെടുത്തിയതും അശ്രദ്ധമായ ഡ്രൈവിംഗുമാണ് ദുരന്തകാരണം എന്നാണ് പൊലീസുക്കാരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പ്രാഥമിക വിലയിരുത്തൽ.

കൊക്കയ്ക്ക് താഴെ ഒരു അരുവിക്ക് സമീപമാണ് തകര്‍ന്ന ബസ് കിടക്കുന്നത്. താഴെ നിന്ന് പരിക്കേറ്റ പലരേയും പ്രദേശവാസികള്‍ വെള്ളത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്താണ് അരുവി കടത്തിയത്. പരിക്കേറ്റവരെ ബന്‍ജാര്‍ സിവില്‍ ഹോസ്പിറ്റലിലും കുളു ജില്ലാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ഹിമാചല്‍പ്രദേശില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞുള്ള അപകടങ്ങള്‍ ധാരാളമായി സംഭവിക്കുന്നുണ്ട്.