സ്‌നേഹം പ്രതീക്ഷിച്ച്‌ മക്ബൂൽ സൽമാൻ

0

ജനങ്ങൾ ഒരു മമ്മൂട്ടി മതിയെന്ന് തീരുമാനിച്ചിരിക്കുമ്പോഴാണ് മമ്മൂട്ടിയുടെ അനുജൻ ഇബ്രാഹിം കുട്ടി മെഗാ പരമ്പരകളിലൂടെ അഭിനയ രംഗത്തേക്കും പിന്നീട് സിനിമയിലേക്കും കാലെടുത്തു വയ്ക്കുന്നത്. ആദ്യമൊക്കെ ഒരു കൗതുകം ഉണ്ടായിരുന്നില്ല എന്നല്ല. പക്ഷേ ജനം തീരുമാനം മാറ്റിയില്ല. അദ്ദേഹം കാലക്രമേണ അഭിനയ രംഗത്തു നിന്ന് പിൻവാങ്ങി. അല്ലെങ്കിൽ സിനിമാ രംഗം ഒഴിവാക്കി. കാലം മാറി. മമ്മൂട്ടി മെഗാ സ്റ്റാറും മകൻ ദുൽഖർ സൽമാൻ സ്റ്റാറും ആയി. പക്ഷേ അപ്പോഴും മകനിലൂടെ തന്റെ സിനിമാ മോഹം സഫലമാക്കാമെന്ന മോഹം ഇബ്രാഹിം കുട്ടിയെ വിട്ടുപോയില്ലായിരുന്നു. അങ്ങനെ ആസിഫ് അലിയുടെ അസുരവിത്ത് എന്ന ചിത്രത്തിലൂടെ മക്ബൂൽ സൽമാൻ സിനിമയിൽ എത്തി എന്നു പറയാം. പിന്നീട് എന്തു സംഭവിച്ചു? ഒന്നും സംഭവിച്ചില്ല. തിയേറ്റർ ഒഴിഞ്ഞ മറ്റു ചില ചിത്രങ്ങളിൽ തുടർന്നും അദ്ദേഹം മുഖം കാട്ടിക്കൊണ്ടേയിരിക്കുന്നു. പിന്നെയും അരിശം തീരുന്നില്ലെന്നു പറഞ്ഞതു പോലെ ഇപ്പോൾ കോളിവുഡിൽ ഇനിയും പേരിടാത്ത ഒരു ചിത്രത്തിലൂടെ പരീക്ഷണത്തിന് ഇറങ്ങുകയാണ് മക്ബൂൽ. “തമിഴിൽ നായകനായി രംഗപ്രവേശം ചെയ്യുന്നതിൽ അത്യധികം സന്തോഷമുണ്ട്. ഏറ്റവും മികച്ച കഥയും അണിയറപ്രവർത്തകരും ആണ് ഈ ചിത്രത്തിനുള്ളത്. ഇവരോടൊപ്പം പ്രവർത്തിക്കുന്നത് പുതിയ അനുഭവമായിരിക്കും. എന്റെ വല്യച്ഛൻ മമ്മൂട്ടിക്ക് മലയാളത്തിലും തമിഴിലും ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. അതുപോലെ തന്നെയാണ് എന്റെ ജ്യേഷ്ഠന ദുൽഖർ സൽമാനും. എന്റെ വല്യച്ഛൻ മമ്മൂട്ടിക്കും ജ്യേഷ്ഠൻ ദുൽഖർ സൽമാനും നൽകിയ പിന്തുണയും സ്‌നേഹവുമെല്ലാം എനിക്കും നൽകണം,” മക്ബൂൽ പറഞ്ഞു. സ്‌നേഹിക്കില്ലേ?