ചൊവ്വയില്‍ 2117 ല്‍ സ്വന്തം നഗരം നിര്‍മ്മിക്കാന്‍ ഒരുങ്ങി യുഎഇ

0

നൂറു വര്‍ഷത്തിനകം ചൊവ്വയില്‍ കോളനി സ്ഥാപിക്കാനുള്ള പദ്ധതിയുമായി യുഎഇ. മാര്‍സ് 2117 പ്രൊജക്ട് എന്ന പേരിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. 2117 മാര്‍സ് പ്രോജക്റ്റിന്റെ ഭാഗമായി ചില അന്താരാഷ്ട്ര സംഘടനകളുടെയും ശാസ്ത്ര സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്.

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും, കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന്‍ എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 100 വര്‍ഷ ദേശീയ പദ്ധതിയുടെ ഭാഗമായി അടുത്ത കുറച്ച് ദശകങ്ങള്‍ക്കുള്ളില്‍ ചൊവ്വാ ഗ്രഹത്തിലേക്ക് ആളുകളെ എത്തിക്കുക എന്ന ലക്ഷ്യമാണ് ഇതിലൂടെ നടത്താന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി രാജ്യത്ത് നിന്നു തന്നെ ശാസ്ത്ര രംഗങ്ങളില്‍ തിളങ്ങിയ പ്രതിഭകളെ ഉള്‍പ്പെടുത്തി ഒരു പ്രത്യേക സംഘത്തെ തന്നെ നിയമിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ചൊവ്വയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന നഗരത്തിന്‍റെ മാതൃകയും പുറത്തുവിട്ടിട്ടുണ്ട്. വലിയൊരു കവചത്തിനുള്ള മരങ്ങളും ചെടികളും വീടുകളും എല്ലാം അടങ്ങുന്ന ഒരു സ്വയംപര്യാപത നഗരം സൃഷ്ടിക്കാനാണ് യുഎഇയുടെ ശ്രമം. അടുത്ത നൂറു വര്‍ഷത്തിനകം ശാസ്ത്രരംഗത്ത് യുഎഇ കൈവരിക്കേണ്ട നേട്ടങ്ങളുടെ പട്ടികയിലാണ് മാര്‍സ് 2117 പ്രൊജക്ടും ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതിയുടെ ചെലവും മറ്റ് വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും, അബുദാബി കിരീടാവകാശിയും രാജ്യത്തിന്‍റെ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ചേര്‍ന്നാണ് പുതിയ പദ്ധതിയെ കുറിച്ച് ലോകത്തെ അറിയിച്ചത്.