
ഇന്ത്യൻ ബോക്സിങ് താരം മേരി കോം വിവാഹ മോചനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. മറ്റൊരു ബോക്സിങ് താരത്തിന്‍റെ ഭർത്താവുമായി മേരി ഡേറ്റിങ്ങിലാണെന്നും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ വർധിച്ചതിനെത്തുടർന്ന് ഭർത്താവ് ഓൺലെർ എന്നറിയപ്പെടുന്ന കരുങ് ഓങ്ക്ലോറുമായി മേരികോം പിരിഞ്ഞു താമസിക്കുകയാണെന്നും മേരി കോമും നാല് മക്കളും ഫരീദാബാദിലും ഓൺലെർ ഡൽഹിയിലുമാണ് താമസമെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മേരി കോം ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. 2005 മാർച്ചിലാണ് മേരികോമും ഓൺലെറും വിവാഹിതരായത്.
2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഓൺലെർ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. മൂന്നു കോടിയോളം രൂപയാണ് ഇതിനായി ചെലവഴിച്ചത്. ഇതിൽ മേരി കോം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഓൺലെറിന് താത്പര്യമുണ്ടായിരുന്നില്ല. മേരിയുടെ നിർബന്ധത്താലാണ് മത്സരത്തിന് സമ്മതിച്ചത്. പക്ഷേ തെരഞ്ഞെടുപ്പിലെ പരാജയം ദാമ്പത്യത്തിൽ വലിയ വിള്ളലുകൾ ഉണ്ടാക്കി.
മറ്റൊരു ബോക്സിങ് താരത്തിന്‍റെ ഭർത്താവുമായി മേരി കോം പ്രണയത്തിലാണെന്നും അതാണ് വിവാഹ ബന്ധത്തിൽ താളപ്പിഴ ഉണ്ടാകാൻ കാരണമെന്നും ബോക്സിങ് മേഖലയിൽ സംസാരമുണ്ട്. അടുത്തിടെ തന്‍റെ ബിസിനസ് പങ്കാളിയായി അയാളെ പരിചയപ്പെടുത്തിക്കൊണ്ട് മേരി കോം ഒരു പോസ്റ്റ് പങ്കു വച്ചിരുന്നു. കുട്ടികളെ പോലും കാണാൻ സാധിക്കാതെ ആകെ തകർന്ന അവസ്ഥയിലാണ് ഓൺലെർ. മേരിയുടെ കരിയറിനും കുട്ടികളെ വളർത്താനുമായാണ് ഓൺലെർ തന്‍റെ ഫുട്ബോൾ കരിയർ ഇല്ലാതാക്കിയതെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടിലുണ്ട്.
2000ത്തിലാണ് ഓൺലെറും മേരിയും തമ്മിൽ ആദ്യമായി കാണുന്നത്. ഡൽഹി യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിയായിരുന്ന ഓൺലെറാണ് നഷ്ടപ്പെട്ടു പോയ ബാഗ് കണ്ടെത്തുന്നതിനായി മേരിയെ സഹായിച്ചത്. 2005ൽ ഇരുവരും വിവാഹിതരായി. 2007ൽ ഇരട്ടക്കുട്ടികളും 2013ൽ ഒരു മകനും പിറന്നു. 2018ൽ ഇരുവരും ഒരു പെൺകുട്ടിയെ ദത്തെടുത്തു.