വാര്‍ത്തകളിലൂടെ ‘സ്ത്രീ’ വീണ്ടും വീണ്ടും അക്രമിക്കപ്പെടുമ്പോള്‍…..

0

നമുക്കെല്ലാം അറിയാം ഇക്കഴിഞ്ഞ കുറച്ചു നാളുകളായി നമ്മുടെ ഒട്ടുമിക്ക പത്രദൃശ്യമാധ്യമങ്ങളും ഏതു കേസിനു പിന്നാലെയാണെന്ന്. ഒരു പ്രമുഖ നടി അപമാനിക്കപെട്ടിരിക്കുന്നു, അതും കേരളത്തിലെ ഏറ്റവും തിരക്കേറിയ കൊച്ചി നഗരത്തില്‍ വെച്ചു. ഒരുപാട് നല്ല സിനിമകളുടെ ഭാഗമായ, നമ്മളെ ഒരുപാട് ചിരിപ്പിച്ച ഒരു കലാകാരി. സംഭവിച്ചത് ഒരിക്കലും നടക്കാന്‍ പാടില്ലാത്തത് തന്നെയാണ്. ഒരു നടി എന്നതിലുപരി അവരൊരു സ്ത്രീയാണ്, മകളും, സഹോദരിയും എല്ലാമാണ്.

മൂടിവെയ്ക്കപെടാമായിരുന്ന ഒരു സംഭവത്തിലെ പ്രതികള്‍ നിയമത്തിനു മുന്നില്‍ വരണമെന്ന നിശ്ചയദാര്‍ധ്യത്തോടെ കേസുമായി മുന്നോട്ട് പോകുന്ന ആ പെണ്‍കുട്ടിയോട് സത്യത്തില്‍ ഈ സമൂഹം എന്താണ് ചെയ്യുന്നത്. ഒരിക്കല്‍ അനുഭവിച്ച ആ ദുരന്തത്തിന്റെ കയ്പ്പുനീര്‍ അവളെ വീണ്ടും വീണ്ടും കുടിപ്പിക്കാനല്ലേ നിലവില്‍ ഈ സമൂഹം മത്സരിക്കുന്നത്. വാര്‍ത്തകളിലൂടെ, അസത്യങ്ങളിലൂടെ, ഉപകഥകളിലൂടെ വീണ്ടും ഒരു സ്ത്രീയെ അക്രമിക്കുകയല്ലേ.

ചാനല്‍ റേറ്റിംഗിന്റെ ന്യായം പറഞ്ഞു ആരെ പറ്റിയും എന്ത് കഥയും കൊടുക്കാന്‍ ചില മാധ്യമങ്ങള്‍ മത്സരിക്കുമ്പോള്‍ വീണ്ടും അപമാനിക്കപെടുന്നത് ഇരയുടെ ആത്മാഭിമാനമാണെന്ന് മനസ്സിലാക്കണം. കുറഞ്ഞപക്ഷം ഇരയായത് നമ്മുടെ വീടുകളില്‍ ഉള്ളത് പോലെ തന്നെ ഒരു പെണ്‍കുട്ടിയാണെന്ന് ചിന്തിച്ചാല്‍ തീരും ഈ പ്രശ്നം. ‘എന്നെ തല്ലേണ്ട അമ്മാവാ ഞാന്‍ നന്നാവില്ല’ എന്ന് പറഞ്ഞ പോലെയാണ് മിക്ക മാധ്യമങ്ങളും ഈ വാര്‍ത്ത‍ കൈകാര്യം ചെയ്യുന്നത്. ഒരു സ്ത്രീ എങ്ങനെ അക്രമിക്കപെട്ടു, എത്ര വട്ടം, അതില്‍ ക്രൂരതയും അളവ്, ഇതെല്ലം ഇഷ്ടാനുസരണം കൂട്ടിയും കുറച്ചും നല്‍കി വീണ്ടും വീണ്ടും അവളെ അപമാനിക്കുകയാണ്. ഇത് ഒരുതരം മാനസികവൈകൃതം അല്ലെ?

അക്രമവാര്‍ത്തകള്‍ കൈകാര്യം ചെയ്യാന്‍ മാധ്യമങ്ങള്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. വാര്‍ത്തകള്‍ നല്‍കാം പക്ഷെ ആ വാര്‍ത്തയ്ക്കപ്പുറം ഇരയായവളുടെ, തെറ്റു ചെയ്യാതെ ശിക്ഷിക്കപ്പെടുന്ന ഒരു വിഭാഗത്തിന്റെ മാനസികസംഘര്‍ഷങ്ങള്‍ കൂടി കണക്കിലെടുത്ത്, അവരുടെ സ്വകാര്യത കൂടി മാനിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അല്ലെ നമ്മുക്ക് വേണ്ടത്.