മേഘയുടെ അവസരോചിത ഇടപെടലില്‍ ഭിക്ഷക്കാരി തട്ടികൊണ്ട് പോയ കുഞ്ഞിനു മോചനം; യുവതിയുടെ ധൈര്യത്തിന് സോഷ്യല്‍ മീഡിയയുടെ കൈയ്യടി

0

നമ്മള്‍ പലപ്പോഴും യാത്രകളില്‍ നാടോടി സ്ത്രീകളുടെയും, ഭിക്ഷക്കാരുടേയും പക്കൽ കുഞ്ഞുങ്ങളെ കാണാറുണ്ട് .അവരെ കാണുമ്പോള്‍ കൈയ്യില്‍ ഇരിക്കുന്ന കുഞ്ഞുങ്ങള്‍ അവരുടെ സ്വന്തമാണോ എന്ന് പലപ്പോഴും നമ്മള്‍ സംശയത്തോടെ നോക്കാറുമുണ്ട്.പക്ഷെ ആ സംശയത്തിനു അപ്പുറം അതിന്റെ പിറകെ പോയി പുലിവാല് പിടിക്കേണ്ട എന്ന് ചിന്തിച്ചു മുന്നോട്ടു പോകുന്നവര്‍ ആണ് അധികവും .മേഘ ജെറ്റ്ലി എന്ന പെണ്‍കുട്ടിയും അങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ ഒരു രണ്ടരവയസ്സുകാരന് നഷ്ടമാകുക അവന്റെ മാതാപിതാക്കളെയും കുടുംബത്തെയും ആകുമായിരുന്നു. ധൈര്യത്തോടെ പ്രതികരിച്ചു ഒരു കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച മേഘയുടെ നടപടിയെ വാനോളം പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ .

ഡല്‍ഹിയില്‍ ആണ് ഈ സംഭവം നടന്നത്.മാധ്യമപ്രവര്‍ത്തകയായ മേഘ പതിവ് പോലെ അന്നത്തെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ബസില്‍ഡ്രൈവറുടെ അടുത്താണ് മേഘ നിന്നിരുന്നത്. അപ്പോഴാണ് മേഘ തന്റെ അടുത്തിരുന്ന ഒരു സ്ത്രീയെ ശ്രദ്ധിക്കുന്നത്. അമ്പതിനോട് അടുത്ത് പ്രായം വരുന്ന ആ സ്ത്രീ. മുഷിഞ്ഞ സാരിയാണ് വേഷം. ഒരു ഭിക്ഷക്കാരിയോ വീട്ടുജോലിക്കാരിയോ ആകുമെന്നുറപ്പ്. അപ്പോഴാണ് മേഘയുടെ ശ്രദ്ധ അവരുടെ മടിയില്‍ കിടന്ന കുട്ടിയിലേക്ക് എത്തിയത്. രണ്ടുവയസ് മാത്രം പ്രായം തോന്നിക്കുന്ന നല്ല വെളുത്ത കുട്ടി. സാമ്പത്തികശേഷിയുള്ള കുടുംബത്തിലേതെന്ന് വ്യക്തം. കുഞ്ഞ് ആ സ്ത്രീയുടേതെന്ന് മേഘയ്ക്ക് വിശ്വസിക്കാനായില്ല. ഈ കുഞ്ഞിനെ തട്ടിക്കൊണ്ട് വന്നതാകുമോ? മേഘയുടെ മനസ്സില്‍ സംശയങ്ങള്‍ ഉടലെടുത്തു.

ആ സ്ത്രീയോട് നേരിട്ട് ഇക്കാര്യം ചോദിക്കാന്‍ മേഘ തീരുമാനിച്ചു. ഈ കുട്ടി നിങ്ങളുടെയാണോ എന്ന ചോദ്യത്തില്‍’ അല്പം പരുങ്ങിയെങ്കിലും സ്ത്രീ പറഞ്ഞു,‘ അല്ല ഈ കുഞ്ഞ് എന്റെ മകളുടെയാണ്.’ മകള്‍ എവിടെയാണെന്ന് ചോദിച്ചപ്പോള്‍ സ്ത്രീ ബസിന്റെ പിറകിലേക്ക് ചൂണ്ടിക്കാണിച്ചു. ബസില്‍ നല്ല തിരക്കുണ്ടായിരുന്നത് കൊണ്ട് മേഘയ്ക്ക് മകളെ കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ സ്ത്രീയുടെ ഈ ഉത്തരങ്ങളൊന്നും മേഘയെ വിശ്വസിപ്പിച്ചില്ല. വൃദ്ധയുടെ കണ്ണുവെട്ടിച്ച് മേഘ ആ കുഞ്ഞിനെ നുള്ളി നോക്കി. കുഞ്ഞ് ഉറങ്ങുകയാണോ അതോ എന്തെങ്കിലും മരുന്ന് കൊടുത്ത് സ്ത്രീ മയക്കി കിടത്തിയിരിക്കുകയാണോ എന്ന് അറിയാനായിരുന്നു അത്. എന്നാല്‍ പലപ്രാവിശ്യം നുള്ളി നോക്കിയിട്ടും കുഞ്ഞ് അനങ്ങുന്നില്ല. മരുന്നുമൂലം കുട്ടി ഉറങ്ങുകയാണെന്നു വ്യക്തം.

മേഘ തന്റെ സംശയംഡ്രൈവറോടും, കണ്ടക്ടറോടും പറഞ്ഞു. ബസ് പാതിവഴിക്ക് വച്ച് നിറുത്തിയ െ്രെഡവര്‍ സ്ത്രീയെ ചോദ്യം ചെയ്യുകയും ചെയ്തു. കുഞ്ഞുമായി രക്ഷപ്പെടാന്‍ ശ്രമിച്ച സ്ത്രീയുടെ ശ്രമം പരാജയപ്പെടുകയും പോലീസ് വന്ന് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.പിന്നീട് പോലീസ് സ്‌റ്റേഷനിൽ അന്വേഷിച്ച മേഘയ്ക്ക് അറിയാൻ കഴിഞ്ഞത് കുഞ്ഞ് ഗുരഗാവുൺ സ്വദേശിയാണെന്നും ആ സ്ത്രീ ഈ കുഞ്ഞിന്റെ വീട്ടിൽ മുമ്പ് ജോലി ചെയ്തിരുന്ന സ്ത്രീയും ആയിരുന്നു എന്നുമാണ്.മേഘ ജെയ്റ്റിലി സമയബന്ധിതമായി പ്രവർത്തിച്ചത് കൊണ്ട് മാത്രമാണ് ആ കുഞ്ഞിന് തന്റെ യഥാർത്ഥ അമ്മയുടെ അടുത്ത് എത്തിച്ചേരുവാൻ സാധിച്ചത്.

ബസ്സിലും ട്രെയിനുകളിലും സഞ്ചിരിക്കുമ്പോൾ നാം പലപ്പോഴും ഇത്തരം സംശയാസ്പദമായ സാഹചര്യങ്ങളിൽ കുഞ്ഞുങ്ങളെ കാണാറുണ്ട്. എന്നാൽ പ്രതികരിക്കാനുള്ള ധൈര്യമില്ലായ്മയോ അല്ലെങ്കിൽ സംശയം തെറ്റാണെങ്കിലോ എന്ന വിചാരമോ നമ്മെ പിന്നോട്ട് വലിക്കുന്നു. എന്നാൽ നാം പ്രതികരിക്കാൻ വൈകുന്ന ഓരോ നിമിഷവും ഒരോ കുഞ്ഞിനും നഷ്ടമാവുന്നത് സ്വന്തം ജീവിതവും, അവരുടെ മാതാപിതാക്കളെയുമാണ്.