മലയാള സിനിമക്ക് നഷ്ടപ്പെട്ട “മജീദിന്റെ വാപ്പ”

0

കെ.ടി.സി അബ്ദുള്ള ..സ്നേഹവും സഹതാപവും പിടിച്ചു പറ്റുന്ന കഥാപാത്രങ്ങളെ ഒരൊറ്റ നോട്ടം കൊണ്ടും ഭാവം കൊണ്ടും കുറഞ്ഞ സംഭാഷണങ്ങൾ കൊണ്ടുമൊക്കെ ഇത്ര മേൽ തന്മയത്വത്തോടെയും വൈകാരികതയോടെയും അവതരിപ്പിച്ചു ഫലിപ്പിക്കാൻ മറ്റൊരു നടന് സാധിച്ചിട്ടുണ്ടോ എന്ന് സംശയമാണ് ..

മുഴുനീള കഥാപാത്രങ്ങൾ ഒന്നുമില്ലെങ്കിൽ പോലും തനിക്ക് കിട്ടി പോന്നിരുന്ന കൊച്ചു വേഷങ്ങളെ മികവുറ്റ പ്രകടനങ്ങളിലൂടെ മാത്രം അവതരിപ്പിച്ചിട്ടുള്ള ഒരു ചെറിയ നടൻ .. കോഴിക്കോടിന്റെ സ്വന്തം കലാകാരൻ.

മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന അദ്ദേഹത്തിന്റെ മൂന്നു കഥാപാത്രങ്ങൾ- വിഎം വിനുവിന്റെ ‘യെസ് യുവർ ഓണറി’ലെ കുഞ്ഞമ്പുവും , ലാൽ ജോസിന്റെ ‘അറബിക്കഥ’യിലെ അബ്ദുക്കയും, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയയിലെ മജീദിന്റെ വാപ്പയുമാണ് ..

ഈ പറഞ്ഞ സിനിമകളിലെ പല സീനുകളും നമ്മുടെ കണ്ണ് നിറയിച്ചിട്ടുണ്ടെങ്കിൽ അതിനു കാരണം ആ നടന്റെ നിഷ്ക്കളങ്കമായ മുഖം കൂടിയാണ് ..

യെസ് യുവർ ഓണറിൽ വക്കീലാപ്പീസ് കയറിയിറങ്ങി നടക്കുന്ന അവശനായ കുഞ്ഞമ്പുവിനോട് എന്തെന്നില്ലാത്ത സഹതാപം തോന്നിയിട്ടുണ്ട് ..അറബിക്കഥയിൽ മുകുന്ദനു അഭയം കൊടുക്കുമ്പോൾ ഒരു ചിരി കൊണ്ട് മനസ്സ് നിറക്കുകയും ഒടുക്കം അതേ മുകുന്ദനെ കെട്ടിപ്പിടിച്ചു യാത്ര പറയുമ്പോൾ കണ്ണ് നിറയിക്കുകയും ചെയ്ത കഥാപാത്രമായി മാറുന്നു അബ്ദുക്ക ..

സുഡാനി ഫ്രം നൈജീരിയയിലേക്കെത്തുമ്പോൾ കഥാപാത്രത്തിന് പേരില്ലെങ്കിലും മജീദിന്റെ വാപ്പ എന്ന സ്ഥാനം മാത്രം ഏറ്റെടുത്തു കൊണ്ട് സ്‌ക്രീനിൽ നിന്നും കാണുന്നവന്റെ മനസ്സിലേക്ക് ഒരു വലിയ നൊമ്പരമായി ആഴ്ന്നിറങ്ങുകയാണ് അദ്ദേഹം … എന്തൊരു നടനാണ് ഇദ്ദേഹം എന്ന് ആശ്ചര്യപ്പെട്ടു പോയ നിമിഷങ്ങൾ.

ആ നിഷ്ക്കളങ്കമായ ചിരിയും സംസാരവുമൊക്കെ മലയാള സിനിമക്ക് നഷ്ടപ്പെട്ടു പോയിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു..ജനലിനു അരികിലായി കിടക്കുന്ന സുഡുവിനോട് തിരിഞ്ഞൊന്നു നോക്കാതെ കൈ വീശി യാത്ര പറഞ്ഞു പോകുന്ന മജീദിന്റെ വാപ്പ മലയാള സിനിമയുടെ വിങ്ങലാണ് ഇപ്പോൾ..

മജീദ്‌ന്റെ ആരാണെന്നുള്ള സുഡുവിന്റെ സംശയം നിറഞ്ഞ കണ്ണുകളോട് ഫാദ്ർർ എന്ന് നിഷ്കളങ്കമായി ചിരിച്ചു പറയുന്ന സീൻ തന്നെയാണ് ഇപ്പോഴും മനസ്സിൽ നിറഞ്ഞു നിക്കുന്നത്. ?