1913 ലെ രാജ ഹരിശ്ചന്ദ്ര തൊട്ട് 1987 ൽ ഇറങ്ങിയ പുഷ്പക വിമാന വരെയുള്ള ഇന്ത്യൻ നിശബ്ധ സിനിമകളുടെ കൂട്ടത്തിലേക്കാണ് കാർത്തിക് സുബ്ബ രാജിന്റെ ‘മെർക്കുറി’ കടന്നു വരുന്നത്. ആദ്യ കാലങ്ങളിൽ സാങ്കേതിക വിദ്യയുടെ പരിമിതികൾ കൊണ്ട് ഡബ്ബിങ്ങും പശ്ചാത്തല സംഗീതവും അടക്കം പല ചേരുവകളും ഇല്ലാതെയുള്ള സിനിമാ നിർമ്മാണങ്ങൾ മാത്രമേ സാധ്യമായിരുന്നുള്ളൂ. ശബ്ദ ഘോഷങ്ങളും പശ്ചാത്തല സംഗീതവുമൊക്കെയായി സിനിമാ നിർമ്മാണ മേഖല പുതുക്കപ്പെട്ടപ്പോൾ മാത്രമാണ് പഴയ സിനിമകളെ നിശബ്ദ സിനിമകൾ എന്ന് വിളിക്കാൻ തുടങ്ങിയത് പോലും. ചാർളി ചാപ്ലിൻ സിനിമകൾക്കൊക്കെ ആഗോള തലത്തിൽ ഇപ്പോഴുമുള്ള സ്വീകാര്യത കണക്കിലെടുക്കുമ്പോൾ ഈ സാങ്കേതിക കാലത്തെ നിശബ്ദ സിനിമകൾക്ക് ആസ്വാദനത്തിന്റെ പുത്തൻ മാനങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നിരുന്നിട്ടും ആ ഒരു ജനറിൽ കാര്യമാത്രമായ സിനിമാ നിർമ്മാണങ്ങൾ ഇക്കാലയളവിൽ ഉണ്ടായിട്ടില്ല എന്നത് ആശ്ചര്യമാണ്. ഈ ഒരു സാധ്യതയെ പ്രയോജനപ്പെടുത്തി കൊണ്ട് നിശബ്ദ സിനിമാ നിർമ്മാണങ്ങൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ തുടക്കം കുറിക്കുക കൂടിയാണ് ‘മെർക്കുറി’ യിലൂടെ കാർത്തിക് സുബ്ബരാജ് ലക്‌ഷ്യം വക്കുന്നത് എന്ന് വേണമെങ്കിൽ പറയാം.
നിശബ്ദ സിനിമക്ക് വേണ്ടി ഒരു നിശബ്ദ സിനിമ ഉണ്ടാക്കുക എന്ന പഴയ ആശയത്തെ പാടെ തള്ളിക്കളഞ്ഞു കൊണ്ടാണ് മെർക്കുറിയുടെ സ്ക്രിപ്റ്റ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. അത് കൊണ്ട് തന്നെ സംസാര ശേഷിയുള്ള കുറെ കഥാപാത്രങ്ങൾ നടത്തുന്ന മൈം ഷോയുടെ ഒരു സിനിമാറ്റിക്ക് വേർഷനല്ല മെർക്കുറി. ഇവിടെ പ്രധാന കഥാപാത്രങ്ങൾ എല്ലാം തന്നെ ബധിരരും മൂകരും ആണ് എന്നത് കൊണ്ട് തന്നെ സിനിമയിൽ നിശബ്ദതക്ക് കൃത്രിമത്വം ചമക്കേണ്ടി വരുന്നില്ല. കഥാപാത്രങ്ങൾ സംസാരിക്കാതിരിക്കാൻ വ്യക്തമായ കാരണങ്ങൾ ഉള്ളത് കൊണ്ട് മാത്രമാണ് ഈ സിനിമക്ക് ഭാഷ ഇല്ലാതാകുന്നത് എന്ന് സാരം . അതേ സമയം സംസാര ശേഷിയുള്ള കഥാപാത്രങ്ങൾ എന്ന നിലക്ക് വന്നു പോകുന്ന പോലീസും വീട്ടു വേലക്കാരനുമൊക്കെ ദൂരെ മാറി നിന്ന് കൊണ്ട് സംസാരിക്കുന്നതായി കാണുകയും ചെയ്യാം. അതൊന്നും പക്ഷെ സിനിമയുടെ നിശബ്ദമായ ആശയ വിനിമയങ്ങളെ ബാധിക്കുന്നില്ല എന്ന് മാത്രം. കഥയിൽ ഇടയ്ക്കു കേറി വരുന്ന മറ്റൊരു പ്രധാന കഥാപാത്രം അന്ധനാണ്. അയാളുടെ അപാരമായ കേൾവി ശക്തി പ്രേക്ഷകന്റെ കൂടി കേൾവിയായി അനുഭവപ്പെടുത്തുന്ന വിധമാണ് സിനിമയിലെ സൗണ്ട് ട്രാക്കുകൾ എന്ന് പറയേണ്ടി വരും. സംസാര ശേഷിയും കേൾവിയും കാഴ്ചയുമില്ലാത്ത ഒരു പറ്റം കഥാപാത്രങ്ങൾക്കൊപ്പം ശബ്ദ വൈവിധ്യങ്ങളുടെ പിന്തുണയോടെ സിനിമയെ കഥക്കുമപ്പുറം അനുഭവഭേദ്യമാക്കുന്നതിൽ സംവിധായകൻ വിജയിച്ചു കാണാം.
മറ്റൊരു പ്രധാന പൊളിച്ചെഴുത്ത് പ്രേതമെന്ന ആശയത്തിന്റെ അവതരണത്തിലാണ്. ഒരാൾ ജീവിച്ചിരിക്കുമ്പോൾ ഇല്ലാത്ത കഴിവുകളോ ശക്തികളോ ഒന്നും മരിച്ചു പ്രേതമാകുമ്പോൾ ഉണ്ടാകില്ല എന്ന് കാണിച്ചു തരുന്നുണ്ട് സിനിമ. ഉദാഹരണത്തിന് പറയുകയാണെങ്കിൽ ശാരീരിക വൈകല്യമുള്ള ഒരാളുടെ പ്രേതം അമാനുഷികനായി മാറില്ലെന്നും അയാൾ ജീവിച്ചിരിക്കുമ്പോൾ എങ്ങിനെയായിരുന്നോ അതേ ശാരീരിക ഘടനയുടെ പ്രതിരൂപം തന്നെയാണ് അയാളുടെ പ്രേതത്തിനും ഉണ്ടാകുക എന്ന നിലപാടാണ് ‘മെർക്കുറി’ക്കുള്ളത്. മിസ്‌ക്കിന്റെ ‘പിസാസ്’ സിനിമയിൽ പ്രേതമെന്ന ആശയത്തെ വളരെ ഇമോഷണലാക്കി ചിത്രീകരിച്ചതിന്റെ മറ്റൊരു വേർഷനാണ് മെർക്കുറിയിലുള്ളത് എന്ന് പറഞ്ഞാലും തെറ്റില്ല. ‘പിസാസി’ൽ താൻ എങ്ങിനെ കൊല്ലപ്പെട്ടെന്നും ആര് കാരണം മരിച്ചെന്നുമൊക്കെയുള്ള തിരിച്ചറിവ് പ്രേതത്തിനുണ്ട് എന്ന് മാത്രമല്ല പ്രതികാര ലക്ഷ്യമില്ലായിരുന്നു അതിന്. കാരണം അതൊരു കൊലപാതകമായിരുന്നില്ല അപകടമായിരുന്നു എന്ന ധാരണ പ്രേതത്തിന് ഉണ്ടായിരുന്നു. എന്നാൽ ‘മെർക്കുറി’ യിൽ പ്രേതത്തെ സംബന്ധിച്ച് പ്രതികാരം അവിടെ നിർബന്ധമായി മാറുന്നുണ്ട്. തന്നെ കൊന്നവരെ കണ്ടെത്തി കൊല്ലാനുള്ള പ്രേതത്തിന്റെ പരിമിതികളാണ് വ്യത്യസ്തത സമ്മാനിക്കുന്നത് എന്ന് മാത്രം.
കഥയുടെ ബാഹ്യമായ അവതരണത്തിനപ്പുറം പലതും ബിംബാത്മകമായി അവതരിപ്പിക്കാൻ കൂടി സംവിധായകൻ ശ്രമിച്ചു കാണാം. ‘കോർപ്പറേറ്റ് എർത്ത്’ എന്ന പേരുള്ള അടഞ്ഞു കിടക്കുന്ന ആ പഴയ കെമിക്കൽ ഫാക്ടറിയും അന്ധ-ബധിര-മൂക കഥാപാത്രങ്ങളുമൊക്കെ പ്രതീകവത്ക്കരിക്കപ്പെടുന്നുണ്ട് പല സീനുകളിലും. പരസ്പ്പരം തിരിച്ചറിയാത്ത വ്യക്തിത്വങ്ങളായി നിലനിൽക്കുകയും നമ്മുടേതായ ശരികളുടെ ഭാഗമായി നിന്നു കൊണ്ട് ഒരേ സമയം പല കാരണങ്ങളാൽ നമ്മൾ വേട്ടക്കാരും ഇരയുമാകുന്നു. അപ്രകാരം ബധിരരും മൂകരും അന്ധരുമായ നമ്മുടെ പരസ്പ്പര യുദ്ധങ്ങൾ എത്ര അർത്ഥ ശൂന്യമാണെന്ന് പറഞ്ഞു വെക്കുന്നുണ്ട് കാർത്തിക് സുബ്ബരാജ്.
ആകെ മൊത്തം ടോട്ടൽ = പിസ്സയും, ജിഗർതാണ്ടയും, ഇരൈവിയുമൊക്കെ കാർത്തിക് സുബ്ബരാജ് എന്ന സംവിധായകന്റെ പ്രതിഭാത്വം ബോധ്യപ്പെടുത്തി തന്ന സിനിമകളാണ്. ഈ സിനിമകൾ ഒന്നും തന്നെ പ്രമേയം കൊണ്ടോ അവതരണം കൊണ്ടോ പരസ്പ്പരം സാമ്യത പുലർത്തിയിട്ടില്ല എന്ന പോലെ തന്നെ ‘മെർക്കുറി’ യും വേറിട്ടൊരു സിനിമാ സൃഷ്ടിയായി അനുഭവപ്പെടുത്തുന്നുണ്ട് . ആദ്യ പകുതിയിൽ കഥാപാത്രങ്ങളുടെ ആംഗ്യ ഭാഷയും ചലനങ്ങളും ഒരു ഘട്ടത്തിൽ മൈം ഷോയെ അനുസ്മരിപ്പിക്കുമെങ്കിലും പ്രഭു ദേവയുടെ കഥാപാത്രത്തിന്റെ കടന്നു വരവിനു ശേഷം സിനിമ ത്രില്ലിങ്ങാകുന്നുണ്ട്. ലോജിക്കില്ലാത്ത ചില കഥാ സന്ദർഭങ്ങളും ചില ചോദ്യങ്ങളുമൊക്കെ ഒഴിവാക്കി നിർത്തിയാൽ അവതരണം കൊണ്ടും പ്രഭുദേവയുടെ പ്രകടനം കൊണ്ടും സന്തോഷ് നാരായണന്റെ സംഗീതം കൊണ്ടുമൊക്കെ മെർക്കുറി തിയേറ്ററിൽ നല്ലൊരു ആസ്വാദന അനുഭവമായി മാറുന്നുണ്ട്. എന്നാൽ ഒരു പരീക്ഷണ സിനിമ എന്ന നിലക്ക് കാണേണ്ട ഈ സിനിമയെ കാർത്തികിന്റെ മുൻകാല സിനിമകളിൽ നിന്ന് കിട്ടിയ ആസ്വാദനം പ്രതീക്ഷിച്ചു കാണുമ്പോൾ ഒരു പക്ഷെ പലരും നിരാശപ്പെട്ടേക്കാം.
Originally Published in സിനിമാ വിചാരണ
ലേഖകന്‍റെ ബ്ലോഗ് ഇവിടെ വായിക്കാം
Watch Trailer